എക്സൈസ് സംഘത്തെ മർദിച്ച രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsപിടിയിലായ
അനീഷ്, അഖില്‍ ബാബു
അമ്പലപ്പുഴ: മഫ്തിയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ മർദിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അമ്പലപ്പുഴ വടക്ക് കഞ്ഞിപ്പാടം നാരകത്തറ വീട്ടില്‍ അഖില്‍ ബാബു (32), ചെറുവള്ളിത്തറ വീട്ടില്‍ അനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി കഞ്ഞിപ്പാടം-വൈശ്യംഭാഗം പാലത്തിന് താഴെയാണ് സംഭവം. ഇവിടെ മദ്യ, മയക്കുമരുന്നു സംഘം തമ്പടിക്കുന്നു എന്ന വിവരത്തെ തുടർന്ന് പരിശോധനക്കെത്തിയപ്പോഴായിരുന്നു ആക്രമണം. കുട്ടനാട് എക്സൈസ് സർക്കിൾ ഓഫിസിലെ സി.ഐ എ.ആർ. കൃഷ്ണകുമാർ, സിവിൽ എക്സൈസ് ഓഫിസർ ജി.ആർ. ശ്രീരണദിവെ, പ്രിവന്റിവ് ഓഫിസർ എച്ച്. നാസർ എന്നിവരെയാണ് 15ഓളം വരുന്ന സംഘം ആക്രമിച്ചത്. വിവരമറിഞ്ഞെത്തിയ അമ്പലപ്പുഴ പൊലീസ് മൂവരെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരിൽ ശ്രീരണദിവെയുടെ പരിക്ക് ഗുരുതരമാണ്. ആക്രമികളില്‍ ഒരു പൊലീസുകാരനും ഉണ്ടായിരുന്നതായി എക്സൈസ് സംഘം പറയുന്നു. എക്സൈസ് സർക്കിൾ ഓഫിസിലെ സി.ഐ എ.ആർ. കൃഷ്ണകുമാർ നല്കിയ പരാതിയിലും പൊലീസുകാരനെക്കുറിച്ച് സൂചിപ്പിച്ചിട്ടുള്ളതായും പറയുന്നു.
എക്സൈസ് സംഘത്തെ ആക്രമിച്ച സംഭവത്തിൽ കേരളാ സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ല കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാരായ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്നും അസോസിയേഷൻ ജില്ല പ്രസിഡന്റ് ജി. ഗോപകുമാർ, സെക്രട്ടറി എസ്. ശ്രീജിത്ത് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

