പുറമ്പോക്ക് ഭൂമി കാട് കയറി വിഷപ്പാമ്പുകളുടെ താവളമാകുന്നു
text_fieldsഅമ്പലപ്പുഴ ജങ്ഷന് സമീപം മാവേലി വില്ലയിൽ കാടുകയറിയ പുറമ്പോക്ക് ഭൂമി
അമ്പലപ്പുഴ: സര്‍ക്കാര്‍ ഭൂമി കാട് കയറി വിഷപ്പാമ്പുകളുടെ താവളമായി മാറി. വീടിന് പുറത്തിറങ്ങാൻ ഭയന്ന് സമീപവാസികള്‍. അമ്പലപ്പുഴ ജങ്ഷന് സമീപം മാവേലി വില്ലയിലെ നിരവധി കുടുംബങ്ങളാണ് അണലി ഉൾപ്പെടെയുള്ള വിഷപ്പാമ്പുകളെ ഭയന്ന് ജീവിക്കുന്നത്. അമ്പലപ്പുഴ പൊലീസ് ക്വാർട്ടേഴ്സ് പൊളിച്ച അഞ്ച് ഏക്കർ സ്ഥലമാണ് നാട്ടുകാർക്ക് ജീവന് ഭീഷണിയായി മാറിയത്.
കാലപ്പഴക്കം മൂലമാണ് ക്വാർട്ടേഴ്സിലെ കെട്ടിടങ്ങൾ പൊളിച്ചത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഇവിടെ നിർമാണ പ്രവർത്തനങ്ങളൊന്നും ആരംഭിച്ചിട്ടില്ല. ഇവിടെ ചുറ്റുമതിൽ ആകെ തകർന്നു കിടക്കുന്നതിനാൽ അണലി ഉൾപ്പെടെയുള്ള വിഷപ്പാമ്പുകളാണ് എല്ലാ ദിവസവും വീടുകൾക്ക് മുന്നിൽ. കഴിഞ്ഞ ഒരാഴ്ചക്കിടെ ഏഴോളം അണലികളെയാണ് പിടികൂടിയത്.
വീടിന് മുന്നിലെ ചെടിച്ചട്ടികളിലും കുട്ടികളുടെ സൈക്കിളിലുമൊക്കെ അണലി കയറുന്ന സ്ഥിതിയാണ്. കഴിഞ്ഞ ദിവസവും രാത്രി ഒരു അണലിയെ നാട്ടുകാർ ചേർന്ന് പിടികൂടി. വിഷപ്പാമ്പുകളെ ഭയന്ന് പകൽ പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നാണ് നാട്ടുകാർ പറയുന്നത്. ക്വാർട്ടേഴ്സ് നില നിന്നിരുന്ന സ്ഥലം മിനി സിവിൽ സ്റ്റേഷൻ നിർമിക്കാനായി ഏറ്റെടുക്കാൻ തീരുമാനിച്ചെങ്കിലും യാതൊരു പുരോഗതിയുമുണ്ടായില്ല. പാമ്പ് ശല്യം കൂടാതെ ഇവിടെ തെരുവ് നായ് ശല്യവും വർധിച്ചു. അടിയന്തരമായി ഈ സ്ഥലത്തെ കാട് വെട്ടി നീക്കി ജീവൻ രക്ഷിക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

