സുകുമാരക്കുറുപ്പ്; നോവോർമയായി ഒരു ബംഗ്ലാവ്
text_fieldsസുകുമാരക്കുറുപ്പിന്റെ പണിതീരാത്ത ബംഗ്ലാവ്
അമ്പലപ്പുഴ: നാല് പതിറ്റാണ്ടുകൾക്കിപ്പുറം വീണ്ടും സുകുമാരക്കുറുപ്പ് എന്ന പേര് വാർത്തകളിൽ ഇടംപിടിക്കുകയാണ്. അയാളെ തേടിയുള്ള അന്വേഷണം പുനരാരംഭിക്കാൻ ആഭ്യന്തര വകുപ്പ് ഒരുങ്ങുമ്പോൾ ആ പഴയ കൊലപാതകത്തിലെ നോവോർമയായി സുകുമാരക്കുറുപ്പിന്റെ പൂർത്തിയാകാത്ത സ്വപ്നവീട് നിലകൊള്ളുന്നു. പുന്നപ്ര വണ്ടാനത്തെ ഈ വീടിന്റെ നിർമാണത്തിന് പണം കണ്ടെത്താനായിരുന്നു കുറുപ്പ്, ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ കാറിലിട്ട് കത്തിച്ചത്. പൊലീസിന്റെ കണ്ണു വെട്ടിച്ചു പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന് എന്തു സംഭവിച്ചെന്ന് വീണ്ടും അന്വേഷിക്കാനുള്ള തീരുമാനത്തിലാണ് ക്രൈംബ്രാഞ്ച്. ഈ കേസ് ഉള്‍പ്പെടെ അന്വേഷണം വഴിമുട്ടിയ കേസുകളെല്ലാം പുനരന്വേഷിച്ച് പ്രതികളെ കണ്ടെത്താനുള്ള സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായാണ് ഈ കേസും അന്വേഷിക്കുന്നത്.
80കളിൽ കൊൽക്കത്തയിൽവെച്ച് സുകുമാരക്കുറുപ്പിനെ കണ്ടു എന്നവകാശപ്പെട്ട് കേരള പൊലീസിന് കത്തയച്ച ഹരിപ്പാട് കാർത്തികപ്പള്ളി സ്വദേശിയായ നഴ്സ് രത്നമ്മ (59) ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ച് തിരികെ നാട്ടിലെത്തിയിരുന്നു. ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം ഇവരെ കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വണ്ടാനത്ത് നിർമിച്ചുകൊണ്ടിരുന്ന വീടിന്റെ പ്രവൃത്തി പൂർത്തിയാക്കാനുള്ള തുക കണ്ടെത്തുന്നതിന്റെ ഭാഗമായാണ് സുകുമാരക്കുറുപ്പ് തന്റെ പേരിലുള്ള എട്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ എന്‍.ജെ. ചാക്കോ എന്ന യുവാവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കാറിലിട്ടു കത്തിച്ചത്.
രാജ്യത്താകെ വലവീശി വ്യാപക അന്വേഷണം നടത്തിയിട്ടും കുറുപ്പിനെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞില്ല. കുറുപ്പ് ജീവിച്ചിരിപ്പുണ്ടെങ്കില്‍ അയാള്‍ക്കിപ്പോള്‍ 82 വയസ്സായിട്ടുണ്ടാകും. താൻ തയാറാക്കിയ തിരക്കഥ പൊളിഞ്ഞതോടെ മുങ്ങിയ ചെറിയനാട് പുത്തന്‍വീട്ടില്‍ സുകുമാരക്കുറുപ്പിന് എന്തു സംഭവിച്ചു എന്നു വീണ്ടും ചികയുകയാണ് ക്രൈംബ്രാഞ്ച്.
1984 ജനുവരി 21നാണ് മാവേലിക്കരയ്ക്കടുത്ത് കുന്നത്ത് കുറുപ്പിന്റെ കറുത്ത അംബാസഡര്‍ കാറില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. കുറുപ്പ് അപകടത്തില്‍ മരിച്ചെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ മരിച്ചത് ചാക്കോ എന്ന ഫിലിം റപ്രസന്റേറ്റീവ് ആണെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും കുറുപ്പ് അപ്രത്യക്ഷനായിരുന്നു. വിദേശത്തു നിന്നുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ കുറുപ്പ് തയാറാക്കിയ മരണനാടകമായിരുന്നു ഈ കൊടുംക്രൂരത. കരുവാറ്റയിലെ തിയറ്ററില്‍ നിന്നു രാത്രി മടങ്ങുമ്പോള്‍ കുറുപ്പിന്റെ കെ.എല്‍.ക്യു 7831 എന്ന നമ്പറുള്ള കാറില്‍ ലിഫ്റ്റ് ചോദിച്ചു കയറിയ ചാക്കോ നടന്നുകയറിയതു മരണത്തിലേക്കായിരുന്നു. ഭാര്യാസഹോദരീ ഭര്‍ത്താവ് ഭാസ്കരപിള്ള, ഡ്രൈവര്‍ പൊന്നപ്പന്, ഗള്‍ഫിലെ സഹപ്രവര്ത്തകന് ചാവക്കാട് സ്വദേശി ഷാഹു എന്നിവരെ ഒപ്പം ചേര്‍ത്തായിരുന്നു കുറുപ്പിന്റെ ക്രൂരകൃത്യം.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും കുറുപ്പിനെ കണ്ടെന്ന് അറിയിച്ച് നിരവധി പേര് പൊലീസിനു വിവരം നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായില്ല. അന്ന് സുകുമാരക്കുറുപ്പ് നിർമാണമാരംഭിച്ച വീട് ഇന്ന് മാലിന്യം തള്ളുന്ന കേന്ദ്രമായി മാറിയിരിക്കുന്നു. സുകുമാരക്കുറുപ്പ് പിടികിട്ടാപ്പുള്ളിയായി മാറാൻ കാരണം ഈ വീടു നിർമാണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

