കടംവാങ്ങിയ പണം ചോദിച്ചതിന് സഹോദരിക്കും ഭർത്താവിനും മർദനം
text_fieldsതലക്ക് പരിക്കേറ്റ സന്ധ്യയും ഭർത്താവ് രാജശേഖരനും
അമ്പലപ്പുഴ: കടംകൊടുത്ത പണം തിരികെ ചോദിച്ചതിന് സഹോദരിയെയും ഭർത്താവിനെയും യുവാവ് ആക്രമിച്ചതായി പരാതി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ചില്ലാമഠം വീട്ടിൽ സന്ധ്യ (43), ഭർത്താവ് രാജശേഖരൻ (52) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സന്ധ്യയുടെ സഹോദരൻ എടത്വ കെ.എസ്.ആർ.ടി.സി ഡിപ്പോ ഡ്രൈവർ ബി. ബൈജുവിനെതിരെ (39) പുന്നപ്ര പോലീസ് കേസെടുത്തു.
ബൈജുവിെൻറ വീട് നിർമാണത്തിന് സഹോദരിയുടെ ഭർത്താവ് രാജശേഖരൻ പണം കടം കൊടുത്തിരുന്നു. വിദേശത്ത് ജോലിയുണ്ടായിരുന്ന രാജശേഖരന് കൊറോണ രോഗവ്യാപനത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടു.
നാട്ടിലെത്തിയ രാജശേഖരന് കച്ചവടം തുടങ്ങുന്നതിന് പണം തിരികെ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ബൈജു മരത്തടികൊണ്ട് രാജശേഖരെൻറ തലക്കടിച്ചു.
ഇതുകണ്ട് ഓടിയെത്തിയ സന്ധ്യയെയും ആക്രമിച്ചു. പരിക്കേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

