മെഡിക്കൽ കോളജിൽ അപൂർവ ശസ്ത്രക്രിയ വിജയം
text_fieldsആലപ്പുഴ മെഡിക്കൽ കോളജിൽ അപൂർവ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ കാർഡിയോളജി വിഭാഗം മേധാവി ഡോ. കെ.എസ്. മോഹന്‍, ഡോ. നോനാം ചെല്ലപ്പൻ, ഡോ. ബൈജു, ഡോ. അബ്ദുസ്സലാം, ഡോ. കപിൽ, ഡോ. പ്രണയ്, കാത്ത്
ലാബ് ടെക്നീഷ്യൻ ആൽബി ജോസ് എന്നിവര്‍
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ഹൃദ്രോഗവിഭാഗത്തിൽ രക്തസ്രാവത്തിന് അപൂർവ ശസ്ത്രക്രിയ വിജയകരം. ഗുരുതര ഗർഭാശയ കാൻസർ ബാധിച്ച് അനിയന്ത്രിതമായ രക്തസ്രാവം മൂലം പ്രയാസത്തിലായ 49കാരിക്കാണ് ശസ്ത്രക്രിയ നടത്തിയത്. ഇവരുടെ ജീവൻ നിലനിർത്തുന്നതിന് പ്രതിദിനം 4.5 കുപ്പി രക്തം വേണ്ടിവന്നിരുന്നു. ശസ്ത്രക്രിയ അസാധ്യമായ രീതിയിൽ കാൻസർ മൂന്നാമത്തെ ഘട്ടം കഴിഞ്ഞിരുന്നു. റേഡിയേഷൻ വിഭാഗത്തിൽ ചികിത്സയിലിരുന്ന രോഗിയുടെ നില തുടർച്ചയായ രക്തസ്രാവം മൂലം അനുദിനം വഷളായിരുന്നു.
റേഡിയോ തെറപ്പി മേധാവിയും സൂപ്രണ്ടുമായ ഡോ. സജീവ് ജോർജ്, കാർഡിയോളജി വിഭാഗം മേധാവി ഡോ. കെ.എസ്. മോഹൻ, ഡോ. നോനാം ചെല്ലപ്പൻ, ഡോ. ബൈജു, ഡോ. അബ്ദുസ്സലാം, ഡോ. കപിൽ, ഡോ. പ്രണയ്, കാത്ത് ലാബ് ടെക്നീഷ്യൻ ആൽബി ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.
കാത്ത് ലാബിൽ വെച്ച് തുടയിലെ രക്തക്കുഴലിലൂടെ ഗർഭാശയത്തിെൻറ ധമനികളിലേക്ക് കത്തീറ്റർ കടത്തിയശേഷം പ്രത്യേകതരം കോയിൽ നിക്ഷേപിച്ചു. അതോടെ ഗർഭപാത്രത്തിലെ രക്തസ്രാവം നിലച്ചു. രോഗിയുടെ ആരോഗ്യനിലയിൽ പുരോഗതി പ്രാപിച്ചു. ആധുനിക ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവുവരുന്ന ഈ ശസ്ത്രക്രിയ സൗജന്യമായാണ് നടത്തിയത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആദ്യമായാണ് ഈ ചികിത്സ നടക്കുന്നതെന്ന് സൂപ്രണ്ട് അറിയിച്ചു.