പൊതുതോട് കൈയേറി മതിൽ കെട്ടി; കുടുംബങ്ങൾ വെള്ളക്കെട്ടിൽ
text_fieldsഅമ്പലപ്പുഴ: പൊതുതോട് സ്വകാര്യവ്യക്തി കൈയേറി മതിൽകെട്ടിയതോടെ പ്രദേശം വെള്ളക്കെട്ടിലായി. അമ്പലപ്പുഴ വടക്ക് ആറാം വാർഡ് വളഞ്ഞവഴി എസ്.എൻ. കവലക്ക് കിഴക്കുള്ള പതിനാലോളം കുടുംബങ്ങളാണ് വെള്ളക്കെട്ടിൽ കഴിയുന്നത്. എസ്.എൻ കവല -കഞ്ഞിപ്പാടം റോഡിൽ താമരപ്പള്ളിച്ചിറ ഗീതയുടെ വീട് മുതൽ വടക്കോട്ടുള്ള 14 ഓളം കുടുംബങ്ങളാണ് വെള്ളക്കെട്ടിന്റെ ദുരിതത്തിൽ കഴിയുന്നത്. ചെറിയ മഴ പെയ്താൽ പോലും പ്രദേശം വെള്ളക്കെട്ടിലാകും.
പത്തടിയോളം വീതിയുണ്ടായിരുന്ന തോട് പലരും കൈയേറി. നിലവിൽ കാനയുടെ വീതിയാണ് ഉള്ളത്. എങ്കിലും വെള്ളം ഒഴുകിമാറുന്നതിനായി എസ്.എൻ കവല- കഞ്ഞിപ്പാടം റോഡിന് കുറുകെ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പൈപ്പ് സ്വകാര്യ വ്യക്തി അടച്ചതാണ് വെളളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാതെ വന്നതോടെ പ്രദേശത്ത് നിന്നുള്ള മലിനജലമെല്ലാം ഇവിടെ കെട്ടിക്കിടക്കുകയാണ്. ഇതോടെ കുട്ടികൾക്ക് സ്കൂളിൽ പോകാൻ പോലും കഴിയാത്ത സ്ഥിതിയായി. ജില്ല ഭരണകൂടം അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നാണ് ദുരിതബാധിതരുടെ ആവശ്യം.
പ്രദേശത്തെ വെള്ളക്കെട്ടിന് അടിയന്തരപരിഹാരം കാണണമെന്ന് പീസ് റെസിഡൻസ് അസോസിയേഷൻ രക്ഷാധികാരി ബഷീർ തുണ്ടിൽ, പ്രസിഡന്റ ഹാഷിം കൊല്ലംപറമ്പ് എന്നിവർ ആവശ്യപ്പെട്ടു. രോഗികളായ കുട്ടികളും വയോധികരും ഉൾപ്പെടെ നിരവധി കുടുംബങ്ങളാണ് വെള്ളക്കെട്ടിന്റെ ദുരിതത്തിൽ കഴിയുന്നത്. അധികൃതർ ഇടപെട്ട് പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണെണമെന്ന് ഇവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

