അപ്രതീക്ഷിത കടല്‍കയറ്റത്തിൽ ആശങ്കയോടെ ജനങ്ങൾ
text_fieldsപുന്നപ്ര നർബോന തീരത്ത് തിരമാലയിൽ കാറ്റാടി മരം നിലംപൊത്താറായ നിലയിൽ
അമ്പലപ്പുഴ: അപ്രതീക്ഷിത കടല്‍കയറ്റം തീരവാസികളെ ആശങ്കയിലാക്കി. ഇടവിട്ട ദിവസങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന കടല്‍കയറ്റവും ശക്തമായ തിരമാലകളും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗമായ പൊന്തുവള്ളങ്ങള്‍ കടലില്‍ ഇറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് നര്‍ബോന തീരത്താണ് കടൽകയറ്റം ഏറെ നാശം വിതക്കുന്നത്.
പുലിമുട്ടിൽ കൂറ്റൻ തിരമാലകൾ അടിച്ചു കടൽ ഭിത്തിയില്ലാത്ത ഭാഗങ്ങളിലേക്ക് കടൽ ഇരച്ചുകയറുകയാണ്. തീരം സംരംക്ഷിക്കാൻ വെച്ചുപിടിപ്പിച്ച കൂറ്റൻ കാറ്റാടി മരങ്ങൾ ഉൾപ്പെടെ കടപുഴകി. അടിവേരിളകിയ നിരവധി മരങ്ങളാണ് അപകടഭീഷണിയില്‍ നർബോന തീരത്തുള്ളത്. കാലവര്‍ഷം അരികിലായിരിക്കെ കടൽ ശക്തമാകുന്നതോടെ കടല്‍ കരകവരുമെന്ന ആശങ്കയിലാണ് തീരവാസികള്‍. വാവക്കാട്ട് പൊഴിയിലേക്ക് വെള്ളം ഇരച്ച് കയറുന്നതിനാല്‍ പൊന്തുവള്ളങ്ങളും അപകടഭീഷണിയിലാണ്.
തൊഴിലാളികള്‍ കൂട്ടത്തോടെ മത്സ്യബന്ധനം നടത്തിയിരുന്ന ഡിസ്കോ വള്ളങ്ങള്‍ ഉള്‍പ്പെടെയുള്ളവ നഷ്ടത്തിലായതോടെ പലരും പൊന്തുവള്ളങ്ങളെയാണ് ആശ്രയിക്കുന്നത്. തീരത്തോട് ചേര്‍ന്ന് ഒരാള്‍ക്ക് മാത്രം മത്സ്യബന്ധനം നടത്തുന്ന രീതിയാണെങ്കിലും കരയിലെത്തിയാല്‍ വലയില്‍നിന്നും മീന്‍ നീക്കാനും അനുബന്ധമായും മൂന്നുപേര്‍ക്ക് കൂടിയുള്ള വരുമാനമാര്‍ഗമാണ് ഇത്. പൊന്തുവള്ളങ്ങളെ ആശ്രയിച്ച് നൂറുകണക്കിന് കുടുംബങ്ങളാണ് നര്ബോനതീരത്ത് മാത്രമുള്ളത്. രണ്ട് ദിവസമായി ഇവര്‍ക്ക് പൊന്തുവള്ളങ്ങള്‍ കടലില്‍ ഇറക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. പൊന്തുവള്ളങ്ങളിലെ മത്സ്യബന്ധനം കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുന്നതോടെ ഇവരുടെ നിലവിലെ വരുമാനവും ഇല്ലാതാകുന്ന അവസ്ഥയിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

