കനലെരിയുന്ന അടുപ്പിന് മുമ്പിൽ അന്തേവാസികൾക്ക് ഭക്ഷണം ഒരുക്കുന്ന തിരക്കിലാണ് മേരി അമ്മ
text_fieldsമേരി ആല്ബിന്
അമ്പലപ്പുഴ: ശാന്തിഭവന് മക്കളുടെ തൃപ്തിയോടുള്ള ചിരി മാത്രം പ്രതിഫലം പ്രതീഷിച്ച് കനലെരിയുന്ന അടുപ്പിന് മുമ്പിൽ അന്തേവാസികൾക്ക് ഭക്ഷണം ഒരുക്കുന്ന തിരക്കിലാണ് എപ്പോഴും മേരി അമ്മ. പുലർച്ചെ അടുക്കളയിൽ കയറിയാൽ 180ഓളം പേര്‍ക്കുള്ള പ്രഭാതഭക്ഷണം രാവിലെ എട്ട് മണിയോടെ മേശപ്പുറത്ത് എത്തിക്കും. ഒന്നരയോടെ ഉച്ചഭക്ഷണത്തിനുള്ള ബെല്ല് മുഴങ്ങുമ്പോൾ പാത്രങ്ങളില്‍ വിളമ്പിയിരിക്കും. മീനോ ഇറച്ചിയൊ ഊണിനൊപ്പം നിര്‍ബന്ധമായും ഉണ്ടാകും. മീനും ഇറച്ചിയും കഴിക്കാത്തവര്‍ക്ക് ശുദ്ധമായ പച്ചക്കറികളും ഉണ്ടാകും. ഇതിനുശേഷം രണ്ടു മണിക്കൂറോളം മാത്രമാണ് വിശ്രമം.
അടുക്കളയോട് ചേര്‍ന്നുള്ള സ്റ്റോര്‍ മുറിയിലെ ഒറ്റപ്പലക ബഞ്ചിലാണ് മയക്കം. പിന്നീട് നാലുമണിക്കുള്ള ചെറുകടിയും ചായയും നല്‍കാനുള്ള ഒരുക്കങ്ങള്‍ക്ക് എഴുന്നേറ്റാല്‍ എട്ടു മണിക്കുള്ള അത്താഴവും വിളമ്പിയതിന് ശേഷമാണ് ഒരു ദിവസത്തെ സേവനത്തിന്റെ വിളക്കണയുന്നത്. സഹായത്തിന് മറ്റുള്ളവർ ഉണ്ടെങ്കിലും മേരിയുടെ കൈപുണ്യം ഭക്ഷണത്തിലും ഉണ്ടാവണമെന്ന നിർബന്ധമുണ്ട്. സ്ത്രീകളായ അന്തേവാസികളുടെ പരിചരണവും മേൽനോട്ടവും എല്ലാം മേരി അമ്മ നേരിട്ടുതന്നെയാണ്. ഉറ്റവർ ഉപേക്ഷിച്ചെങ്കിലും മേരിയുടെ തണലിൽ ഈ ശാന്തിതീരത്ത് ഇവർ സന്തുഷ്ടരാണ്. ശാന്തി ഭവനിലെ അന്തേവാസികളുടെ അമ്മകൂടിയാണ് മേരിയമ്മ.
പുന്നപ്ര പറവൂരില്‍ തോട്ടുങ്കല്‍ അരളപ്പന്‍ -സാറാമ്മ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് മേരി. ജനനത്തീയതി കൃത്യമായി അറിയില്ലെങ്കിലും 67 ഉണ്ടെന്നാണ് പറയുന്നത്. മത്സ്യത്തൊഴിലാളി കുടുംബത്തിലെ ദുഖങ്ങളും ദുരിതങ്ങളും വിശപ്പിന്റെ വിലയും തൊട്ടറിഞ്ഞായിരുന്നു വളര്‍ന്നത്.
അതുകൊണ്ടുതന്നെ ശാന്തിഭവനില്‍ തളര്‍ന്നെത്തുന്നവരുടെ വിശപ്പിന്റെ വിളി അടുക്കളയില്‍ നില്ക്കുന്ന മേരിക്കറിയാം. 1997 ജനുവരി 30നാണ് ബ്രദര്‍ മാത്യു ആൽബിൻ തെരുവിൽ അലയുന്നവർക്ക് അഭയകേന്ദ്രമായി പുന്നപ്രയിൽ സർവോദയ ശാന്തി ഭവൻ ആരംഭിച്ചത്. മനസിെന്റ സമതലതെറ്റി തെരുവോരങ്ങളിൽ അലയുന്നവർക്ക് ബ്രദര്‍ മാത്യു ആല്ബിന് ശാന്തിയുടെ കവാടമൊരുക്കി. തെരുവു മക്കളുടെ സംരക്ഷകനായി മാത്യു ആൽബിൻ മാറിയപ്പോൾ മേരി ഉറച്ച പിന്തുണ നൽകി ഭർത്താവിനൊപ്പം നിന്നു. അന്നുമുതൽ ഇവിടെ അഭയം തേടുന്നവർക്ക് മേരി പോറ്റമ്മയാണ്. സ്ത്രീകളെ വൃത്തിയാക്കി പുത്തൻവസ്ത്രം ഉടുപ്പിച്ച് ശുശ്രൂകൾ നടത്തുന്നത് മേരിയാണ്. അവയവങ്ങൾ നഷ്ടപ്പെട്ടവർക്ക് കുഞ്ഞുമക്കൾക്കെന്നപോലെ ആഹാരം വാരിക്കൊടുക്കാനും മേരിതന്നെവേണം. സംതൃപ്തിയോടുള്ള ചിരി മാത്രമാണ് മേരിയുടെ പ്രതീക്ഷ. മേരിയുടെ പ്രവര്‍ത്തനങ്ങള്‍ അറിഞ്ഞ് പല സംഘടനകളും അനുമോദനങ്ങളുമായെത്തുന്നുണ്ടെങ്കിലും ഇതെല്ലാം ഇവിടുത്തെ അന്തേവാസികളായ മക്കള്‍ക്ക് അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്. കാരുണ്യമതികളുടെ കൈത്താങ്ങിലാണ് ശാന്തിഭവെന്റ ദൈനം ദിനകാര്യങ്ങൾ നടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

