മെഡി. കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയ വീഴ്ച; അന്വേഷണം തുടങ്ങി
text_fieldsകാലിലെ മുറിവേറ്റിടത്തത് തുന്നിക്കെട്ടിയ ഭാഗത്തുനിന്ന് ചില്ലുനീക്കിയശേഷം വിശ്രമത്തില്‍ കഴിയുന്ന അനന്തു
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവാവിന്റെ കാലില്‍ തുന്നിക്കെട്ടിയ മുറിവില്‍ നിന്ന് പിന്നീട് ചില്ല് നീക്കിയ സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. എ. ഹരികുമാർ നിയോഗിച്ച മെഡിക്കല്‍ സംഘവും പൊലീസും അന്വേഷണം തുടങ്ങി. ആർ.എം.ഒ ഡോ. ലക്ഷ്മി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. തോമസ് കോശി, അസ്ഥിരോഗ മോധാവി ഡോ. വിനോദ് കുമാർ, ജനറൽ സർജറി വിഭാഗം ഡോ.അനിൽ കുമാർ എന്നിവരാണു മെഡിക്കൽ സംഘത്തിലുള്ളത്. വ്യാഴാഴ്ച രാവിലെ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു നിർദേശം. എന്നാല്‍, ചികിത്സക്കുശേഷം വിശ്രമത്തില്‍ കഴിയുന്ന അനന്തുവിന് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതായി മെഡിക്കല്‍ സംഘത്തെ അറിയിച്ചു.
പുന്നപ്ര തെക്ക് പഞ്ചായത്ത് 19ാം വാര്‍ഡ് കൊച്ചുപറമ്പ് വീട്ടില്‍ പരേതനായ അശോകന്റെ മകന് അനന്തു(27) വിന്റെ കാലില്‍ തുന്നിക്കെട്ടിയ മുറിവില്‍ നിന്നാണ് പുന്നപ്ര സാഗരസഹകരണ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം നടത്തിയ ശസ്ത്രക്രിയയില്‍ ഫൈബൽ ചില്ല് നീക്കിയത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തന്നെ ചികിത്സിച്ച ഡോക്ടര്‍മാരുടെ പിഴവിനെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കലക്ടര്‍, ആശുപത്രി സൂപ്രണ്ട്, അമ്പലപ്പുഴ പൊലീസ് എന്നിവര്‍ക്ക് അനന്തു പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മെഡിക്കല്‍ സംഘത്തെ നിയോഗിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ പൊലീസ് വെള്ളിയാഴ്ച യുവാവിന്റെ വീട്ടിലെത്തിയും സർജറിയിലൂടെ കാലിലെ ചില്ല് നീക്കിയ പുന്നപ്ര സാഗര ആശുപത്രിയിൽ സര്‍ജറി വിഭാഗം ഡോക്ടർ അരുണിന്റെയും മൊഴി എടുത്തു.
ജൂലൈ 17ന് രാത്രി ഒമ്പതോടെ വളഞ്ഞവഴിയില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ അനന്തുവിന് (27)പരിക്കേറ്റിരുന്നു. വലതുകാലിന് മുറിവും മറ്റു പരിക്കുകളും ഉണ്ടായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച അനന്തുവിന്റെ കാലിലെ മുറിവുകള്‍ തുന്നിക്കെട്ടി പ്ലാസ്റ്റര്‍ ഇട്ടശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനകള്‍ക്ക് ശേഷം മറ്റ് കുഴപ്പങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞ് രണ്ടു ദിവസത്തിനുശേഷം വിട്ടയച്ചു. പിന്നീട് 28ന് തുന്നല്‍ എടുത്ത് കാലിന്റെ മുട്ടിന് താഴെ ബാന്റേജ് ചുറ്റി പറഞ്ഞയച്ചു. ലൈറ്റ് ആന്റ് സൗണ്ട് സംവിധാനത്തില്‍ ജോലി ചെയ്തിരുന്ന അനന്തുവിന് പിന്നീട് ജോലിക്ക് പോകാന്‍ കഴിയാതായി. കാലിന് വേദനയും തുന്നിക്കെട്ടിയ ഭാഗത്ത് മുഴയും ഉണ്ടായി. മുഴ പൊട്ടിയതോടെ ഡിസംബർ 22 ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ചികിത്സതേടി.
ഓര്‍ത്തോ വിഭാഗത്തില്‍ പരിശോധനക്ക് ശേഷം കുഴപ്പമില്ലെന്നും പ്രമേഹമാണ് തുന്നിക്കെട്ടിയ ഭാഗം പൊട്ടിയൊലിക്കാന്‍ കാരണമെന്നും മെഡിസിന് വിഭാഗത്തില്‍ ചികിത്സ തേടാനും പറഞ്ഞു. 29ന് മെഡിസിന് വിഭാഗത്തില്‍ നടത്തിയ പരിശോധനക്ക് ശേഷം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഷുഗര്‍ കൂടുതലാണെന്നും ഐ.സി.യുവില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം ആണെന്നും അതിനുള്ള കിടക്ക സൗകര്യങ്ങള്‍ ഇല്ലെന്നുമാണ് രാത്രി ഡ്യൂട്ടിക്കെത്തിയ ഡോക്ടര്‍ നിർദേശിച്ചതെന്ന് അനന്തുവിന്റെ പരാതിയില്‍ പറയുന്നത്. തുടര്‍ന്നാണ് രാത്രിയോടെ പുന്നപ്ര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയത്. അവിടെ നടത്തിയ പരിശോധനയിലാണ് തുന്നലിട്ടിരുന്ന ഭാഗത്തുനിന്ന് ചില്ലിന്റെ കഷ്ണം നീക്കിയത്. അപകട സമയത്ത് കാലിൽ തറച്ചു കയറിയതാകാം ചില്ലുകഷണമെന്നാണ് ഡോക്ടർമാരുടെ നിഗമനം.
ചികിത്സപിഴവ് കണ്ടെത്താൻ മെഡിക്കല്‍ സംഘം
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിലെ ചികിത്സ പിഴവ് ആരോപിച്ച് യുവാവ് നല്കിയ പരാതിയില്‍ ചൊവ്വാഴ്ച വിവരങ്ങള്‍ തേടുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എ ഹരികുമാർ പറഞ്ഞു. പരാതി ലഭിച്ച ഉടന്‍ നാലംഗ മെഡിക്കല്‍ സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നു.
സംഘം വിളിച്ചിരുന്നെങ്കിലും യാത്രചെയ്യാന്‍ ബുദ്ധിമുട്ടുള്ളതായി പരാതിക്കാരന് അറിയിച്ചു. വെള്ളിയാഴ്ച രണ്ടു വട്ടം താന്‍ ഇവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ട് പ്രത്യക അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരായി വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അവരുടെ നിലവിലെ ബുദ്ധിമുട്ട് പരിഗണിച്ച് ചൊവ്വാഴ്ച മൊഴിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനമെന്നും സൂപ്രണ്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

