ഹൗസ് ബോട്ടുകള്ക്ക് തീപിടിച്ചു;യാത്രക്കാർ രക്ഷപ്പെട്ടു
text_fieldsതീ പിടിച്ച് നശിച്ച ഹൗസ് ബോട്ടുകള്
അമ്പലപ്പുഴ: കായലോരത്ത് കെട്ടിയിട്ടിരുന്ന ഹൗസ് ബോട്ടുകള്ക്ക് തീപിടിച്ചു. യാത്രക്കാരെ രക്ഷപ്പെടുത്തിയെങ്കിലും ഇവരുടെ ബാഗുകളും മറ്റും കത്തിനശിച്ചു. പറവൂർ പൂന്തിരം പാടശേഖരത്തിന് സമീപം പൂക്കൈതയറില് വ്യാഴാഴ്ച പുലർച്ചെ ആറോടെയായിരുന്നു സംഭവം. കോയമ്പത്തൂർ സ്വദേശികളായ നാല് പേർ അടങ്ങുന്ന കുടുംബം രാത്രി താമസിച്ച അനാഹിത എന്ന ബോട്ടിലാണ് ആദ്യം തീ ഉയർന്നത്. ഷോർട്ട് സർക്യൂട്ടില് തീ പടർന്ന് അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. ബോട്ടിലെ ജീവനക്കാർ ചേർന്ന് യാത്രക്കാരായ നാലുപേരെയും രക്ഷപ്പെടുത്തി. തുടർന്ന് തൊട്ടടുത്ത് നങ്കൂരമിട്ടിരുന്ന കാതറിൻ എന്ന ഹൗസ് ബോട്ടിനും തീ പിടിച്ചു. ഈ ഹൗസ് ബോട്ടിൽ ആരും ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞ് നാട്ടുകാരും ആലപ്പുഴയിൽ നിന്നെത്തിയ രണ്ട് യൂനിറ്റ് അഗ്നി രക്ഷാസേനയും തീ അണക്കാൻ ശ്രമിച്ചെങ്കിലും രണ്ടു ഹൗസ് ബോട്ടുകളും പൂർണമായി കത്തി നശിച്ചു. യാത്രക്കാരുടെ ബാഗും മറ്റ് സാധനങ്ങളും നശിച്ചു.
പറവൂർ സ്വദേശികളായ സഹോദരങ്ങളുടേതാണ് രണ്ട് ഹൗസ് ബോട്ടുകളും. ആറ് ബെഡ്റൂമും, 60 പേർക്കിരിക്കാവുന്ന കോൺഫറൻസ് ഹാളും ഉൾപ്പടെയുള്ള വലിയ ഹൗസ് ബോട്ടാണ് അനാഹിത. മൂന്ന് മുറികളുള്ള ബോട്ടാണ് കാതറിൻ. രണ്ടിനുംകൂടി രണ്ടു കോടിയോളം രൂപ നഷ്ടമുണ്ടായതായി ഉടമകൾ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

