
മെഡിക്കൽ കോളജിൽ മൃതദേഹത്തിൽനിന്ന് വീണ്ടും സ്വർണം മോഷ്ടിച്ചു
text_fieldsഅമ്പലപ്പുഴ: മെഡിക്കൽ കോളജാശുപത്രിയിൽ വീണ്ടും മോഷണം. മരിച്ച സ്ത്രീയുടെ സ്വർണാഭരണം നഷ്ടപ്പെട്ടു. തുമ്പോളി വാലയിൽ വീട്ടിൽ ജോസഫിെൻറ ഭാര്യ ആനി ജോസഫിെൻറ (58) രണ്ടരപ്പവൻ മാലയാണ് നഷ്ടപ്പെട്ടത്.
കഴിഞ്ഞ ആറിനാണ് ഇവരെ ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം ഐ.സി.യുവിലേക്കും മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം മരിച്ചശേഷം മൃതദേഹം ഏറ്റുവാങ്ങിയപ്പോൾ മാല കാണാനില്ലായിരുന്നുവെന്ന് കാട്ടി ഭർത്താവ് ജോസഫാണ് പരാതി നൽകിയത്.
ഏതാനും ദിവസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ച ഹരിപ്പാട് മുട്ടം സ്വദേശിനിയുടെ ഏഴരപ്പവൻ കാണാതെ പോയതിനെക്കുറിച്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും മോഷണ വിവരം പുറത്തറിയുന്നത്.
