ഡോക്ടര്‍മാരിലും കോവിഡ് വ്യാപനം; മെഡിക്കല്‍ കോളജില്‍ നിയന്ത്രണം
text_fieldsഅമ്പലപ്പുഴ: ഡോക്ടർമാരടക്കം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെത്തുടർന്ന് നിയന്ത്രണം കടുപ്പിച്ചു. വകുപ്പുമേധാവികളുടെ യോഗത്തിലാണ് തീരുമാനം. ആറ് ഡോക്ടർമാർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ, ചില ജീവനക്കാര്‍ക്കും എയ്ഡ് പോസ്റ്റിലെ പൊലീസുകാരനും കോവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് നിയന്ത്രണം കടുപ്പിച്ചത്. ഏതാനും ദിവസങ്ങളായി കോവിഡ് വാർഡിൽ രോഗികളുടെ വരവ് കൂടിയിരിക്കുകയാണ്. മെഡിക്കൽ കോളജിൽ ക്രമാതീതമായി രോഗികളെത്തിയാൽ ഗുരുതരാവസ്ഥയിലുള്ളവർക്ക് മെച്ചപ്പെട്ട പരിചരണം ലഭിക്കാതെ വരും. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
വ്യാഴാഴ്ച മുതല്‍ ഒ.പി ടിക്കറ്റ് വിതരണം രാവിലെ 11 വരെയാക്കി ചുരുക്കി, രോഗികളെ കാണാനെത്തുന്നവരെ നിയന്ത്രിക്കാൻ സന്ദർശനം നിരോധിക്കുകയും പാസ് വിതരണം നിർത്തലാക്കുകയും ചെയ്തു, അടിയന്തര ശസ്ത്രക്രിയകൾ മാത്രമാകും നടക്കുക, വാർഡുകളിൽ രോഗിയുടെ കൂടെ ഒരു കൂട്ടിരിപ്പുകാരനെ മാത്രമേ അനുവദിക്കൂ, വിദ്യാർഥികളുടെ ക്ലിനിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവെച്ചു, ഈ മാസം 24 മുതൽ കാത്ത്ലാബിന്റെ പ്രവർത്തനം നിർത്തിവെക്കും തുടങ്ങിയ നിയന്ത്രണങ്ങളാണ് ആശുപത്രിയിൽ ഏർപ്പെടുത്തിയത്. ഇതിനോട് രോഗികളും പൊതുജനങ്ങളും പരമാവധി സഹകരിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.