തലക്ക് പരിക്കേറ്റ കുട്ടിക്ക് മെഡിക്കൽ കോളജിൽനിന്ന് ചികിത്സ കിട്ടിയില്ലെന്ന് പരാതി
text_fieldsമുഹമ്മദ് ഇഹ്സാൻ
അമ്പലപ്പുഴ: അപകടത്തിൽപെട്ട് തലക്ക് പരിക്കേറ്റ കുട്ടിക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പരാതി. കായംകുളം കൊറ്റുകുളങ്ങര കൊട്ടക്കാട് കെ.എ. നൗഷാദാണ് മകൻ മുഹമ്മദ് ഇഹ്സാന്‍ ചികിത്സ കിട്ടിയില്ലെന്ന് കാട്ടി സൂപ്രണ്ടിന് പരാതി നൽകിയത്.
ഒരാഴ്ച മുമ്പ് സൈക്കിളുകൾ കൂട്ടിമുട്ടിയാണ് മുഹമ്മദ് ഇഹ്സാന്‍ തലക്ക് പരിക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിതത്തിലെത്തിച്ച കുട്ടിയുടെ പൊട്ടിയ തലയുടെ ഭാഗത്ത് മുടി ഉൾപ്പെടെ സ്റ്റാപ്ലർ പിൻ അടിച്ചുവെക്കുകയായിരുന്നു. മുറിവ് വൃത്തിയാക്കി മുടി കളയാതെയാണ് ഇത് നടത്തിയത്. ടി.ടി.പോലും എടുത്തിരുന്നില്ലെന്ന് പിതാവ് പറയുന്നു. ഇതിനുശേഷം കുട്ടിക്ക് അസ്വസ്ഥതയും വേദനയും കൂടിയതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മുറിവ് വൃത്തിയാക്കുകയും. രണ്ടാമത് സ്റ്റിച്ചിടുകയുമായിരുന്നു.
മകന് ആശുപത്രിയിൽനിന്ന് വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്ന് കിട്ടിയാണ് പിതാവ് പരാതി നൽകിയത്. ഇതിനു കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രിക്കും പരാതി നൽകിയതായി നൗഷാദ് പറഞ്ഞു.

