ട്രോളിങ് നിരോധനം: ബോട്ടുകള്‍ നങ്കൂരമിട്ടു തുടങ്ങി
text_fieldsപുന്നപ്ര ചള്ളി കടപ്പുറത്ത് വല നെയ്യുന്ന മത്സ്യത്തൊഴിലാളികൾ- ചിത്രം മനു ബാബു
അമ്പലപ്പുഴ: ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. യന്ത്രവത്കൃത ബോട്ടുകള്‍ പലതും ശനിയാഴ്ച അര്‍ധരാത്രി മുതല്‍ നങ്കൂരമിടാന്‍ തീരത്തേക്ക് എത്തിത്തുടങ്ങി. ഞായറാഴ്ച രാത്രി 12 മുതല്‍ 52 ദിവസമാണ് ട്രോളിങ് നിരോധന കാലാവധി. ഈ സമയങ്ങളില്‍ ട്രോളിങ് വലകളുപയോഗിച്ചുളള മത്സ്യബന്ധനം അനുവദിക്കില്ല. ഒഴുക്കുവല, പഴ്സീൻ നെറ്റ് എന്നിവ ഉപയോഗിച്ചുള്ള മത്സ്യബന്ധനവും അനുവദിക്കില്ല. യന്ത്രവത്കൃത ബോട്ടുകളിലാണ് ഇത്തരം വലകൾ ഉപയോഗിച്ച് വരുന്നത്. മുട്ടകളിട്ട് കൂടുതൽ മത്സ്യസമ്പത്ത് ഉണ്ടാകുന്ന കാലമാണ് ജൂൺ, ജൂലൈ മാസങ്ങൾ.
കടലിന്റെ അടിത്തട്ടിൽ മുട്ടയിട്ട് കുഞ്ഞുങ്ങളുണ്ടാകുന്ന കാലയളവിൽ ട്രോളിങ് വലകളുപയോഗിച്ച് മീൻപിടിക്കുമ്പോൾ മത്സ്യസമ്പത്ത് നശിക്കുന്നതിനാൽ 1988 മുതലാണ് നിരോധനം നിലവിൽ വന്നത്. ഇൻബോർഡുൾപ്പെടെയുളള വളളങ്ങൾക്ക് മത്സ്യബന്ധനം നടത്തുന്നതിന് നിരോധനം ബാധകമല്ല. കടലിന്റെ അടിത്തട്ടിളക്കിയുള്ള മത്സ്യബന്ധനമാണ് യന്ത്രവത്കൃത ബോട്ടുകളില്‍ നടന്നുവരുന്നത്. ഇവിടെ മത്സ്യബന്ധനം നിർത്തിവെക്കുമ്പോഴും വിദേശ കപ്പലുകൾ മത്സ്യബന്ധനം നടത്തുന്നതിന് തടസ്സമില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ വാദം.
അന്യസംസ്ഥാന വള്ളങ്ങള്‍ക്ക് ട്രോളിങ് കാലയളവില്‍ സംസ്ഥാനത്ത് മത്സ്യവില്പന അനുവദിക്കില്ല. സംസ്ഥാനത്തെ വള്ളങ്ങള്‍ തിരിച്ചറിയാൻ വള്ളങ്ങളുടെ ഹള്ളില്‍ നൈല്ബ്ലൂവും മുകള്‍ഭാഗത്ത് ഫ്ലൂറസെന്റ് ഓറഞ്ച് നിറവും അടിക്കണം. നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതോടൊപ്പം യാനത്തിന്റെ രജിസ്ട്രേഷന്, ലൈസന്‍സ് എന്നിവ റദ്ദാക്കും. അടിയന്തിര സാഹചര്യത്തില്‍ 0477-2297707,2251103,2296100, 0478-2573052, ടോള്‍ഫ്രീ നമ്പരായ 1093 എന്നിവയിൽ ബന്ധപ്പെടാമെന്ന് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനില്‍ നിന്നും അറിയിച്ചു.

