വ്യാപാരസ്ഥാപനങ്ങളിൽ കവര്‍ച്ചശ്രമം
text_fieldsനിരീക്ഷണകാമറയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ചിത്രം
അമ്പലപ്പുഴ: വളഞ്ഞവഴിയിലെ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക കവർച്ചശ്രമം. വളഞ്ഞവഴി ജങ്ഷന് പടിഞ്ഞാറ് കടപ്പുറം റോഡിൽ പ്രവർത്തിക്കുന്ന ആറോളം കടകളിലാണ് രാത്രി മോഷണശ്രമം ഉണ്ടായത്. ചന്ദ്രബോസ്, താജു, അബ്ദുൽ ഖാദർ, നൗഷാദ്, ഷുക്കൂർ, ഷാജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളിലാണ് കവർച്ചശ്രമം നടന്നത്. അലമാരയിൽ സൂക്ഷിച്ച നാണയത്തുട്ടുകൾ നഷ്ടമായി. ഷട്ടർ തകർത്താണ് മോഷ്ടാവ് കടക്കുള്ളിൽ കയറിയത്. ഈ സമയം അതുവഴിവന്ന മത്സ്യത്തൊഴിലാളികളെ കണ്ട് മോഷ്ടാവ് കടന്നുകളഞ്ഞു. ഇയാളുടെ ചിത്രം വിവിധ കടകളിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് രാത്രിതന്നെ പൊലീസെത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.

