അമ്പാടിയുടെ കൊലപാതകം; തുടക്കം ബൈക്കിന്റെ ശബ്ദത്തെ ചൊല്ലിയുള്ള തർക്കമെന്ന് നാട്ടുകാർ
text_fieldsക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട അമ്പാടിയുടെ മൃതദേഹം കായംകുളത്തെ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിന് വെച്ചപ്പോൾ
കായംകുളം: ഇരുചക്ര വാഹനത്തിന്റെ ശബ്ദം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് ഡി.വൈ.എഫ്.ഐ നേതാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ. പുതുപ്പള്ളി സ്വദേശികളായ ആദർശ്, അനന്തു എന്നിവരാണ് ശബ്ദമുള്ള ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തത്.
ഈ സമയം കുറക്കാവിലുണ്ടായിരുന്ന കുപ്രസിദ്ധ കുറ്റവാളി അക്ഷയ് ചന്ദ്രന് ശബ്ദം ഇഷ്ടമായില്ല. ചോദ്യം ചെയ്തതിനെ മറികടന്ന് ബൈക്ക് മുന്നോട്ടുപോയത് പ്രകോപനമായി. ഇവർ തിരികെ വരുമ്പോൾ ചോദിക്കാനായി ക്വട്ടേഷൻ തലവനായ അക്ഷയുടെ നേതൃത്വത്തിൽ ഒരു സംഘം നിലയുറപ്പിച്ചിരുന്നു. തടഞ്ഞുനിർത്തി ആദർശിനെയും അനന്തുവിനെയും കൈകാര്യം ചെയ്തു. ഉടൻ ഇവർ കൂട്ടുകാരെ വിവരം അറിയിച്ചു.
കളിസ്ഥലത്തുനിന്നും എത്തിയ സംഘത്തിന് ഒപ്പമാണ് ഡി.വൈ.എഫ്.ഐ ദേവികുളങ്ങര മേഖല കമ്മിറ്റി അംഗം അമ്പാടിയും (21) എത്തിയത്. ക്രിക്കറ്റ് ബാറ്റും സ്റ്റമ്പും ഹോക്കി സ്റ്റിക്കും ഒക്കെ ആയുധങ്ങളാക്കി കുറക്കാവിൽ ഇരുസംഘങ്ങളും ഏറ്റുമുട്ടുകയായിരുന്നു. കുറ്റിപ്പുറം ഭാഗത്തേക്ക് പിന്തിരിഞ്ഞ ക്വട്ടേഷൻ സംഘം ഇവിടെ െവച്ച് ചിതറി.
അക്ഷയ് ചന്ദ്രന്റെ സഹോദരൻ അമിതാബ് ചന്ദ്രനും കൂട്ടാളി വിജിത്തും തന്ത്രപരമായി ചിറക്കക്കുറ്റി ഭാഗത്തേക്കാണ് പിൻവലിഞ്ഞത്. ഇയാൾ ഒരുക്കിയ കെണി അറിയാതെ അമ്പാടിയും സുഹൃത്തുക്കളും ഈ ഭാഗത്തേക്ക് എത്തിയതോടെയാണ് വീണ്ടും ഏറ്റുമുട്ടലുണ്ടാകുന്നത്. ഇതിനിടെയാണ് കത്തിക്ക് അമ്പാടിയുടെ കഴുത്തിന് ആഴത്തിൽ വെട്ടുന്നത്. അലർച്ച് കേട്ട് ഓടിയെത്തിയ അമ്പാടിയുടെ സഹോദരൻ അർജുന്റെ നേതൃത്വത്തിൽ ഓട്ടോയിൽ കയറ്റി ഗവ. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കൊല്ലപ്പെട്ടിരുന്നു. രാത്രി തന്നെ പൊലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് അമിതാഭിനെയും കൂട്ടുപ്രതി വിജിത്തിനെയും വലയിലാക്കാനായത്.
ഡി.വൈ.എഫ്.ഐ നേതാവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ദേവികുളങ്ങര പഞ്ചായത്തിൽ സി.പി.എം ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

