അൽത്താഫിന് ഇനി സ്കൂളിൽ പോകാം; പരസഹായമില്ലാതെ
text_fieldsആലപ്പുഴ: മണ്ണഞ്ചേരി ചിറയിൽ വീട്ടിൽ പരേതനായ നജീമിന്റെ രണ്ട് മക്കളിൽ മൂത്ത മകനും മണ്ണഞ്ചേരി ദാറുൽ ഹുദായിലെ നാലാം ക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് അൽത്താഫിന് ഇനി പരസഹായമില്ലാതെ സ്കൂളിൽ പോകാം. ആറാമത്തെ വയസ്സിൽ മസിലിന് ബലക്ഷയം സംഭവിച്ച് ചലനക്ഷമത കുറയുന്ന മസ്കുലർ ഡിസ്ട്രോപിയാസ് എന്ന അസുഖം ബാധിച്ച് ഏറെ വിഷമത്തിലായിരുന്നു അൽത്താഫും കുടുംബവും.
പരസഹായമില്ലാതെ ഒന്നും ചെയ്യാൻ നിവൃത്തിയില്ലാത്ത കുരുന്നിന്റെ വിഷമത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വന്നതോടെയാണ് കരുണ വറ്റാത്ത സുമനസ്സുകൾ വിഷയം ഏറ്റെടുത്ത് അൽത്താഫിനെ സഹായിക്കാൻ രംഗത്ത് വന്നത്. അൽത്താഫിന് യാത്ര ചെയ്യാൻ നൂതന സാങ്കേതികവിദ്യകളുമുള്ള വീൽചെയർ അൽത്താഫിന്റെ ജന്മദിനം കൂടിയായ ശനിയാഴ്ച മണ്ണഞ്ചേരിയിലെ വീട്ടിലെത്തി നൽകി. സമൂഹമാധ്യമ കൂട്ടായ്മയിലെ സുമനസ്സുകൾ ഒരുക്കിയ സ്നേഹവിരുന്നിൽ അഡ്വ. എ.എം. ആരിഫ് എം.പിയാണ് വീൽചെയർ കൈമാറിയത്. അൽത്താഫിനൊപ്പം ജന്മദിന കേക്കും മുറിച്ച് സന്തോഷം പങ്കിട്ടാണ് എ.എം. ആരിഫ് മടങ്ങിയത്. ആമിനയാണ് മാതാവ്. മൂന്നാം ക്ലാസ് വിദ്യാർഥിനി നസ്രിയ നജീമാണ് സഹോദരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

