നഗരസഭ ശതാബ്ദി മന്ദിരം: ‘ബലക്ഷയം’ കണ്ടെത്തിയിട്ടും നടപടിയില്ല
text_fieldsആലപ്പുഴ: നൂറ്റാണ്ടിന്റെ പ്രതാപമായി രണ്ടരവർഷം മുമ്പ് ‘ഉദ്ഘാടന മാമാങ്കം’നടത്തിയ ആലപ്പുഴ നഗരസഭ ശതാബ്ദി മന്ദിരത്തിന്റെ ‘ബലക്ഷയം’കണ്ടെത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപം. കെട്ടിടത്തിന്റെ ഒരുഭാഗം ബുധനാഴ്ച തകർന്നതോടെ പുതിയ വിവാദവും ഉടലെടുത്തു.
യു.ഡി.എഫ് ഭരണകാലത്തെ അഴിമതിയാണ് ഇതിന് കാരണമെന്നാണ് എൽ.ഡി.എഫിന്റെ ആരോപണം. നിലവിലെ ഭരണസമിതിയുടെ വീഴ്ചയും അറ്റകുറ്റപ്പണി നടത്താത്തതുമാണ് പ്രശ്നമെന്നാണ് യു.ഡി.എഫ് പറയുന്നത്. ഭരണമുന്നണിയും പ്രതിക്ഷപക്ഷവും പരസ്പരം പഴിചാരിയുള്ള വാക്പോരും മുറുകി. നിർമാണത്തിന്റെ പല ഘട്ടത്തിലുമുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നഗരസഭ അധികൃതർക്കും വീഴ്ചയുണ്ടായി.
നിർമാണ കരാർ കമ്പനിക്ക് കൊടുക്കാനുള്ള പണമിടപാടുകളും പ്രതിസന്ധിക്ക് ആക്കംകൂട്ടി. ഉദ്ഘാടനത്തിനുശേഷം ഒന്നരവർഷത്തോളം അഞ്ചുനില കെട്ടിടത്തിന്റെ പരിപാലനം വേണ്ടരീതിയിൽ നടന്നില്ല. ഇതോടെ, പലഭാഗത്തും വിള്ളലും ചോർച്ചയുമുണ്ടായി. അപ്പോഴും അധികൃതർ കണ്ടില്ലെന്ന് നടിച്ചു. അപകടത്തിന് മുമ്പ് ആലപ്പുഴ നഗരസഭ എക്സിക്യൂട്ടിവ് എൻജിനീയർ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ: ‘‘ചെയർപേഴ്സന്റെ നിർദേശാനുസരണം നഗരസഭയുടെ നിർമാണം പൂർത്തീകരിച്ചുവരുന്ന പുതിയ ഓഫിസായ ശതാബ്ദി മന്ദിരത്തിന്റെ കെട്ടിടം പരിശോധിച്ചു.
പരിശോധനയിൽ കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ ഭിത്തിയോട് ചേർന്ന് നിർമിച്ച സർവിസ് ഡക്ടിന്റെ ഭിത്തികൾ വിണ്ട് മാറിനിൽക്കുന്നതായി കാണപ്പെട്ടു. ഡക്ടിന്റെ ഭിത്തികൾ താഴെ മുതൽ നാലാം നിലയുടെ ഉയരംവരെ വിള്ളൽ വീണ് അപകടാവസ്ഥയിലാണ്. അപകടവും നാശനഷ്ടവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ എത്രയും പെട്ടെന്ന് ആവശ്യമായ പരിഹാര നടപടികൾ (പൊളിച്ച് ചെയ്യുന്നത് ഉൾപ്പെടെ) സ്വീകരിക്കാൻ കരാറുകാരനായ ഹാബിറ്റാറ്റിന് നോട്ടീസ് നൽകിയിട്ടുണ്ട്. മറ്റ് ഡക്ടുകളുടെ ഭിത്തികൾ കെട്ടിടത്തിന്റെ ഭിത്തിയോട് ചേർന്നതായി കാണുന്നില്ല. പ്രധാന കെട്ടിടത്തിന് ബലക്ഷമില്ലെങ്കിലും മറ്റ് ഡക്ടിന്റെ കാര്യത്തിലും ആവശ്യമായ പരിഹാര പ്രവൃത്തികൾ ചെയ്യണം.
കെട്ടിടത്തിന്റെ പ്രവൃത്തികൾ പൂർത്തിയായിട്ടില്ലാത്തതിനാൽ ഹാബിറ്റാറ്റിന്റെ പൂർണ ഉത്തരവാദിത്തതിൽ പ്രവൃത്തികൾ ചെയ്യണം.’’ 2017ൽ യു.ഡി.എഫിന്റെ കാലത്താണ് ശതാബ്ദി മന്ദിരത്തിന്റെ നിർമാണം തുടങ്ങിയത്. മൂന്നുവർഷത്തിനകം ഏറെക്കുറെ പണി പൂർത്തീകരിച്ചു. നിർമാണച്ചുമതല ഹാബിറ്റാറ്റിനായിരുന്നു. 2020 ഒക്ടോബറിൽ യു.ഡി.എഫ് ഭരണസമിതിയുടെ അവസാനകാലത്തായിരുന്നു ഉദ്ഘാടനം. വൈദ്യുതി കണക്ഷനും കുടിവെള്ളവും ഇന്റീരിയൽ ജോലികളും ഒഴിവാക്കി പൂർത്തിയാക്കിയ കെട്ടിടത്തിൽ ഓഫിസ് ഫർണിച്ചറുകൾ ഒന്നുമില്ലാതിരുന്നു.
ഇതിനാലാണ് ഓഫിസ് മാറ്റം നീണ്ടുപോയത്. ഇതിനിടെ കെട്ടിടത്തിന് പലയിടത്തായി ചോർച്ചയുണ്ടായി. ചിലയിടങ്ങളിൽ വിള്ളലും.ഇതോടെ അഴിമതിയാരോപണങ്ങൾ ഉയർന്നു. നിർമാണം നടത്തിയ ഹാബിറ്റാറ്റിന് 6.15 കോടി രൂപയാണ് യു.ഡി.എഫ് ഭരണകാലത്ത് നൽകിയത്. എൽ.ഡി.എഫ് ഭരണത്തിലേറിയിട്ടും കെട്ടിടത്തിന്റെ കാര്യത്തിൽ തീരുമാനമായില്ല. നഗരസഭ അധികൃതർ നടപടിയെടുക്കുന്നതിലുണ്ടായ വീഴ്ചയാണ് ഇപ്പോഴത്തെ സംഭവത്തിന് പിന്നില്ലെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

