ആലപ്പുഴയിൽ യുവജന കമീഷന്‍ അദാലത്: 21 കേസ് പരിഗണിച്ചു, 16 എണ്ണം തീര്‍പ്പാക്കി
text_fieldsസംസ്ഥാന യുവജന കമീഷന്‍ ചെയര്‍പേഴ്‌സൻ
ചിന്ത ജെറോമിന്‍റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ല യുവജന കമീഷന്‍ അദാലത്
ആലപ്പുഴ: സംസ്ഥാന യുവജന കമീഷന്‍ ചെയര്‍പേഴ്‌സൻ ചിന്ത ജെറോമിന്‍റെ അധ്യക്ഷതയില്‍ ആലപ്പുഴ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ല യുവജന കമീഷന്‍ അദാലത്തില്‍ 21 കേസ് പരിഗണിച്ചു. ഇതില്‍ 16 കേസ് തീര്‍പ്പാക്കി.അഞ്ച് കേസ് അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.
പുതുതായി മൂന്ന് പരാതി ലഭിച്ചു. ബി.എസ്‌സി നഴ്‌സിങ്ങിന് കോളജില്‍ അഡ്മിഷന്‍ നല്‍കാമെന്ന ഉറപ്പില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് കമീഷന് ലഭിച്ച പരാതിയില്‍ വിവിധ ജില്ലകളില്‍ അന്വേഷണം നടത്തിയതായി അധ്യക്ഷ അറിയിച്ചു. ആലപ്പുഴ, കോഴിക്കോട് പൊലീസ് മേധാവികള്‍ നല്‍കിയ റിപ്പോര്‍ട്ടുകളില്‍നിന്ന് പരാതി വസ്തുനിഷ്ഠമാണെന്ന് തെളിഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ തട്ടിപ്പ് ശൃംഖലയെക്കുറിച്ച് വിപുലമായ അന്വേഷണം നടത്താന്‍ കേരള പൊലീസിനോട് കമീഷന്‍ ആവശ്യപ്പെട്ടതായും അവര്‍ അറിയിച്ചു.
നാലരലക്ഷം രൂപയാണ് പരാതിക്കാരിക്ക് നഷ്ടമായത്. ഇത് തിരിച്ചുകിട്ടാനുള്ള നിയമപരമായ നടപടി സ്വീകരിക്കാനുള്ള പിന്തുണ കമീഷന്‍ നല്‍കും. കൂടുതല്‍പേര്‍ ഇത്തരം തട്ടിപ്പില്‍ അകപ്പെടാതിരിക്കാനുള്ള ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കമീഷന്‍ അറിയിച്ചു. ഒഴിവുകള്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവജനങ്ങള്‍ നല്‍കിയ പരാതി, പെണ്‍കുട്ടിയെ അയല്‍വാസി ഉപദ്രവിക്കുന്നത് സംബന്ധിച്ച പരാതി എന്നിവയും അദാലത്തില്‍ വന്നതായി കമീഷന്‍ അറിയിച്ചു. യുവജന കമീഷന്‍ അംഗങ്ങളായ അഡ്വ. ആര്‍. രാഹുല്‍, പി.എ. സമദ്, അഡ്മിനിട്രേറ്റിവ് ഓഫിസര്‍ പ്രകാശ് പി. ജോസഫ്, അസിസ്റ്റന്‍റ് പി. അഭിഷേക് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

