ചിറപ്പിൽ അലിഞ്ഞ് ആലപ്പുഴ; വൻ തിരക്ക്
text_fieldsആലപ്പുഴ രാജരാജേശ്വരി ക്ഷേത്രത്തിലെ ചിറപ്പിന്‍റെ ഭാഗമായി മുല്ലക്കൽ തെരുവിലെ തിരക്ക്
ആലപ്പുഴ: നഗരവീഥികളിൽ ആഘോഷപ്പൊലിമ തീർത്തും ചിറപ്പിൽ അലിഞ്ഞും ആലപ്പുഴ. അവധി ആഘോഷിക്കാൻ കുട്ടികളുമൊത്ത് കുടുംബസമേതമാണ് ആളുകൾ എത്തുന്നത്. ഇതോടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്.സാധനങ്ങൾ വാങ്ങിയും ആഘോഷത്തിൽ പങ്കുചേർന്നും പുലർച്ചയാണ് പലരും മടങ്ങുക. സിറോ ജങ്ഷൻ മുതൽ കിടങ്ങാംപറമ്പ് ക്ഷേത്രംവരെ വഴിവാണിഭവും തകൃതിയാണ്.
ദീപാലങ്കൃതമായ രാജരാജേശ്വരി ക്ഷേത്രത്തിന്‍റെയും കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിന്‍റെയും ഗോപുരക്കാഴ്ചയും മനോഹരമാണ്. മുല്ലക്കൽ ചിറപ്പിന്‍റെ പ്രധാനദിനം ചൊവ്വാഴ്ചയാണ്.മുല്ലക്കൽ പോപ്പി ഗ്രൗണ്ടിലെ കാർണിവലാണ് ഏറെ ആകർഷകം. മരണക്കിണർ കാണാൻ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെയുണ്ട്. ഏഴ് ബോഗിയുള്ള ഡ്രാഗൺ ട്രെയിൻ, പിങ്കി ട്രെയിൻ, മിനി ഡ്രാഗൺ, പെഡൽ ബോട്ട്, കപ്പലാട്ടം തുടങ്ങിയ വിവിധങ്ങളായ റൈഡുകളുമുണ്ട്.
വിചിത്രയിനം പക്ഷിമൃഗാദികളുടെ പ്രദർശനത്തിനും തിരക്കുണ്ട്. മ്യൂസിക്കൽ ലൈവ് പാനീയ കടകളോടാണ് യുവാക്കൾക്ക് പ്രിയം. സംഗീതത്തിന്‍റെ അകമ്പടിയിലാണ് കുലുക്കി സർബത്ത് മുതലുള്ള പാനീയങ്ങൾ തയാറാക്കുന്നത്. ആകർഷകമായ ഉത്തരേന്ത്യൻ ആഭരണങ്ങൾക്ക് ഡിമാൻഡ് ഏറെയാണ്.കുട്ടികളുടെ കളിപ്പാട്ടം മുതൽ അമ്മിക്കല്ല് വരെയുള്ള വൈവിധ്യമാർന്ന സാധനങ്ങൾ മുല്ലക്കൽ-കിടങ്ങാംപറമ്പ് വഴിയോരത്ത് വിൽക്കുന്നു. പുലർച്ച 12വരെ നീളുന്ന ജനത്തിരക്ക് നിയന്ത്രിക്കാൻ പൊലീസ് സുരക്ഷാസംവിധാനവും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

