അതിദരിദ്രരില്ലാത്ത ജില്ലയാകാൻ ആലപ്പുഴ
text_fieldsആലപ്പുഴ: അതിദരിദ്രരില്ലാത്ത ജില്ലയെന്ന നേട്ടത്തിലേക്ക് ചുവടുവെച്ച് ആലപ്പുഴ. സമ്പൂർണ അതിദരിദ്രമുക്ത സംസ്ഥാനമാകുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണിത്. അതിദരിദ്രരായ 3613 കുടുംബം ജില്ലയിലുണ്ടെന്നാണ് സർവേയുടെ കണ്ടെത്തൽ. അതിൽ 3299 കുടുംബം (91.30 ശതമാനം) പട്ടികയിൽനിന്ന് മുക്തമായി. ഇനി അവശേഷിക്കുന്നത് 314 കുടുംബമാണ്.
വസ്തുവും വീടും ആവശ്യമുണ്ടായിരുന്ന 208 കുടുംബങ്ങളുണ്ടായിരുന്നു. ഇതിൽ 77 കുടുംബം നഗരപ്രദേശങ്ങളിലുള്ളതാണ്. 26 കുടുംബത്തിന് വസ്തുവും വീടും ലഭ്യമായിട്ടുണ്ട്. അവശേഷിക്കുന്നവരിൽ വസ്തു കണ്ടെത്തി വീട് നിർമാണം തുടങ്ങിയവരും കണ്ടെത്തിയ വസ്തു വാങ്ങാനുള്ള നടപടിയും പുരോഗമിക്കുന്നു. രണ്ട് കുടുംബത്തിന് വസ്തു കണ്ടെത്താനുണ്ട്.
വീട് മാത്രം ആവശ്യമുള്ള 282 കുടുംബമാണുള്ളത്. ഇതിൽ 183 പേരുടെ വീട് നിർമാണം പൂർത്തിയാക്കി. അവശേഷിക്കുന്ന വീടുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കും. വീട് അറ്റകുറ്റപ്പണി ആവശ്യമുള്ള 407 കുടുംബം പട്ടികയിലുണ്ടായിരുന്നു. ഇതിൽ 380 വീടുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി. അവശേഷിക്കുന്ന വീടുകളുടെ അറ്റകുറ്റപ്പണിയും നടക്കുന്നുണ്ട്.
ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ 2021 ജൂലൈയിലാണ് അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയത്. അടിസ്ഥാന രേഖകളില്ലാത്തവർക്ക് ‘അവകാശം അതിവേഗം’ എന്ന യഞ്ജത്തിന്റെ ഭാഗമായി റേഷൻ കാർഡ്, ആധാർ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ആരോഗ്യ ഇൻഷുറൻസ്, സാമൂഹിക സുരക്ഷ പെൻഷൻ എന്നിവ ലഭ്യമാക്കി.
ഇങ്ങനെ 1423 അടിയന്തര രേഖകളാണ് നൽകിയത്. ഭക്ഷണം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക സുരക്ഷ പെൻഷൻ, അതിദരിദ്ര പട്ടികയിൽ വീട് ആവശ്യമുള്ളവർക്ക് ലൈഫ് മിഷനിൽ വീട് തുടങ്ങിയവയും സജ്ജമാക്കി. കുടുംബശ്രീയുടെ ഉപജീവനം പദ്ധതിയിലൂടെയും വിവിധ വകുപ്പുകൾ വഴിയും 211 കുടുംബങ്ങൾക്ക് ഉപജീവന മാർഗവും കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

