സ്വയംപര്യാപ്തതയിലേക്ക് ‘വിത്ത് ഗ്രാമം’ പദ്ധതി
text_fieldsഅറുന്നൂറ്റിമംഗലം സീഡ് ഫാമിന്റെ നേതൃത്വത്തിൽ മനുരത്ന ഇനത്തിൽപെട്ട നെൽവിത്ത് ഹരിപ്പാട്ടെ ഗോഡൗണിൽ സംഭരിക്കുന്നു
ആലപ്പുഴ: ഗുണന്മേയുള്ള നെൽവിത്ത് ഉൽപാദിപ്പിച്ചും വിതരണം നടത്തിയും കാർഷിക മേഖയിൽ മാതൃകയായി ജില്ല പഞ്ചായത്ത്. ജില്ലയിൽ നെൽകൃഷിക്ക് ആവശ്യമായ വിത്ത് പ്രാദേശികമായി ലഭിക്കുന്നില്ലെന്ന പ്രശ്നം പരിഹരിക്കാൻ നടപ്പാക്കിയ ‘വിത്ത് ഗ്രാമം’ പദ്ധതിയിൽ ഇതുവരെ വിതരണം നടത്തിയത് 33 ടൺ മനുരത്ന വിത്ത്.
ഇതിലൂടെ ജില്ല പഞ്ചായത്തിന് 13,86,000 രൂപയും ലഭിച്ചു. 32 ടൺ ഉമ നെൽവിത്ത് വിതരണത്തിന് തയാറായി. രജിസ്ട്രേഡ് വിത്തുൽപാദക പദ്ധതി വഴിയാണ് വിത്ത് വിതരണം. രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം നെൽവിത്ത് ഉൽപാദനത്തിലും സംഭരണത്തിലും വിതരണത്തിലും ക്രിയാത്മക ഇടപെടൽ നടത്തുന്നത്.
ഉമ, മനുരത്ന വിത്തുകളാണ് നൽകുന്നത്. 50 ഏക്കർ പാടത്തായിരുന്നു കൃഷി. കിലോക്ക് 35 രൂപ വീതം നൽകിയാണ് കർഷകരിൽനിന്ന് നെൽവിത്ത് ശേഖരിച്ചത്. നൂറനാട്, മാവേലിക്കര എന്നിവിടങ്ങളിലെ പാടശേഖരങ്ങളിലായിരുന്നു കൃഷി.
പരീക്ഷണാർഥം നടപ്പാക്കിയ പദ്ധതിയിലൂടെ 120 ടൺ മനുരത്നയും 100 ടൺ ഉമ വിത്തും ആദ്യഘട്ടത്തിൽ സംഭരിക്കാനായിരുന്നു ശ്രമം. എന്നാൽ, കാലാവസ്ഥ വ്യതിയാനം കൊയ്ത്തിനെയും നെല്ലിന്റെ ഗുണത്തെയും ബാധിച്ചതിനാൽ 65 ടണ്ണാണ് സംഭരിച്ചത്. 11 ചെറുകിട കർഷകരിൽനിന്ന് കിലോക്ക് 35 രൂപ നിരക്കിലായിരുന്നു സംഭരണം. ഇതിന് പുറമെ 70 രൂപയും ഇൻസെന്റിന് ഇനത്തിൽ നൽകും.
സംഭരിച്ച നെല്ല് ലാബ് പരിശോധനക്ക് വിധേയമാക്കി ഉൽപാദന ശേഷിയും ഗുണമേന്മയും ഉറപ്പുവരുത്തും. കെ.എസ്.എസ്.ഡി.എ മാനദണ്ഡങ്ങൾ പാലിച്ച് അറുന്നൂറ്റിമംഗലം സീഡ് ഫാമിന്റെ നേതൃത്വത്തിൽ സംസ്കരണം നടത്തി 42 രൂപ നിരക്കിൽ കൃഷിഭവനുകൾ വഴിയും നേരിട്ടും കർഷകർക്ക് നൽകും.
ഇതുവഴി ഗുണമേന്മയുള്ള വിത്ത് ലഭിക്കുന്നതിനൊപ്പം ചെറിയ സബ്സിഡിയും ലഭിക്കും. മേയ്, ജൂൺ മാസങ്ങളിലായി കർഷകർക്ക് നൽകാനുള്ള നെൽവില വിതരണം ചെയ്തു. നെല്ല് നൽകാൻ തയാറായ കർഷകർക്ക് വിത്തിന്റെ ഗുണമേന്മ നിലനിർത്താൻ പരിശീലനം നൽകിയിരുന്നു.
വിത്തിന് പുറമെ ഫാമിൽ കിളിർപ്പിച്ച് ഞാറും വിതരണത്തിനുണ്ട്. ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജുവിനാണ് പദ്ധതി ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

