ജില്ല സ്കൂൾ കായികമേള; ആലപ്പുഴ ഉപജില്ലയുടെ കുതിപ്പ്
text_fields1. അനുശ്രീ എസ്.ശ്രീജിത് (ജൂനിയർ ഗേൾസ് ട്രിപ്ൾ ജംപ് ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട്), 2. സരയുലക്ഷ്മി
(സീനിയർ ഗേൾസ് ട്രിപ്ൾ ജംപ്, ജി.എച്ച്.എസ്.എസ് കലവൂർ), 3. നിയതി സജീവൻ (സബ് ജൂനിയർ ഗേൾസ് ലോങ്ജംപ്, ഡി.വി.എച്ച്.എസ്.എസ് ചാരമംഗലം)
ആലപ്പുഴ: ജില്ല സ്കൂൾ കായികമേളയുടെ രണ്ടാംദിനത്തിലും ആലപ്പുഴ ഉപജില്ലയുടെ കുതിപ്പ്. 40 ഇനങ്ങൾ പൂർത്തിയായപ്പോൾ 152 പോയന്റുമായി ആലപ്പുഴയാണ് മുന്നിൽ. 19 സ്വർണവും 16 വെള്ളിയും ഒമ്പത് വെങ്കലവുമാണ് ഇവരുടെ സമ്പാദ്യം. 147 പോയന്റുമായി ചേർത്തല ഉപജില്ലയാണ് രണ്ടാംസ്ഥാനത്ത്. 27 പോയന്റുമായി മാവേലിക്കര ഉപജില്ല മൂന്നാം സ്ഥാനത്തും തുടരുന്നു.
സ്കൂളുകളിൽ 57 പോയന്റുമായി ആലപ്പുഴ എസ്.ഡി.വി.ബി.എച്ച്.എസ്.എസും കലവൂർ ഗവ.എച്ച്.എസ്.എസും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. 34 പോയന്റുമായി ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ് മൂന്നാമതും മുന്നേറുന്നു.
പുതിയസമയക്രമം അനുസരിച്ച് വെളളിയാഴ്ച രാവിലെ 10ന് കലവൂർ പ്രീതികുളങ്ങര ഗ്രൗണ്ടിൽ 400 മീറ്റർ ഹർഡിൽസ് നടക്കും. ശനിയാഴ്ച രാവിലെ 7.30ന് മുഹമ്മ മദർതെരേസ ഹൈസ്കൂൾ മൈതാനത്ത് സീനിയർ ആൺകുട്ടികളുടെ ഡിസ്കസ്ത്രോ, ജൂനിയർ, സീനിയർ ആൺകുട്ടികളുടെ ജാവലിൻ, 80 മീറ്റർ ഹർഡിൽസ്, 100 മീറ്റർ ഹർഡിൽസ്, ശനിയാഴ്ച രാവിലെ 8.30ന് ചേർത്തല എസ്.എൻ. കോളജിൽ ജൂനിയർ, സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹൈജംപ് മത്സരങ്ങൾ നടക്കും.
പാതിമത്സരം ‘മഴ’യെടുത്തുച പിന്നെ തീപാറി
ആലപ്പുഴ: ജില്ല സ്കൂൾ കായികമേളയുടെ രണ്ടാംദിനത്തിൽ വില്ലനായി മഴയെത്തിതോടെ പാതിമത്സരങ്ങൾ ചളിയിൽ കുതിർന്നു. ഉച്ചയോടെ മാനംതെളിഞ്ഞതോടെ 100, 400 മീറ്റർ മത്സരങ്ങൾ തീപാറി. മുന്നറിയിപ്പില്ലാതെ മത്സരം മാറ്റിയത് മത്സരാർഥികളെ വലച്ചു. ചേർത്തല എസ്.എ കോളജിൽ നടത്താൻ നിശ്ചയിച്ച സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹൈജംപ് മത്സരങ്ങളാണ് മാറ്റിയത്. ചാട്ടത്തിന് ഉപയോഗിക്കുന്ന ബെഡ് നനയുമെന്ന ഭീതിയിൽ വിട്ടുനൽകാതിരുന്നതാണ് പ്രശ്നം. വിദ്യാർഥികൾ മണിക്കൂറുകൾ കാത്തുനിന്നശേഷം ഉച്ചയോടെയാണ് മാറ്റിവെച്ച വിവരം അറിയിച്ചത്.
ഇതോടെ മത്സരാർഥികളും അധ്യാപകരും നിരാശയോടെ മടങ്ങി. മഴയിൽ വിവിധ മത്സരക്രമം താളംതെറ്റിയതോടെ 4x100 മീറ്റർ റിലേയും മാറ്റേണ്ടിവന്നു. ഹർഡിൽസ് അടക്കമുള്ള മത്സരങ്ങൾ വെളിച്ചക്കുറവിലാണ് നടത്തിയതെന്ന് പരാതിയുണ്ട്. വ്യാഴാഴ്ച രാവിലെ പ്രധാനവേദിയായ മുഹമ്മ മദർ തെരേസ ഗ്രൗണ്ടിൽ മഴയോടൊപ്പം മത്സരങ്ങൾ വൈകിയാണ് തുടങ്ങിയത്. വെള്ളവും ചളിയും നിറഞ്ഞ ട്രാക്കിൽ തെന്നിവീണും കാൽവഴുതിയും പലർക്കും മികച്ചപ്രകടനം പുറത്തെടുക്കാനായില്ല. ജൂനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോമത്സരം തുടങ്ങിയപ്പോൾ തന്നെ മഴയെത്തി. ഇതിനൊപ്പം നടത്തം, ലോങ് ജംപ്, ഷോട്ട്പുട്ട് മത്സരങ്ങളും നടന്നു. ജാവലിൻ ത്രോക്കായി ഓടിവന്ന് പുറകോട്ട് ആയുമ്പോൾ കാൽവഴുതി തെന്നിയത് പ്രകടനത്തെ ബാധിച്ചു.
ലോങ്ജംപിൽ ചാടുന്നതിനിടെയും കുട്ടികൾ ഗ്രിപ്പ് കിട്ടാതെ തെന്നി.1500 മീറ്റർ മത്സരത്തിൽ ട്രാക്കിൽ വെള്ളം കെട്ടിയതിനാൽ കുട്ടികൾ വീണു. ഇതുമൂലം നന്നായി മത്സരിക്കാൻ സാധിച്ചില്ല. എട്ട് ട്രാക്ക് വേണ്ടിടത്ത് ആറുട്രാക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു. മഴയത്ത് ട്രാക്ക് മാർക്ക് ചെയ്ത കുമ്മായവും അലിഞ്ഞുപോയി. വൈകീട്ട് തെളിഞ്ഞ അന്തരീക്ഷത്തിൽ നടന്ന 100, 400 മീറ്റർ ഓട്ടമത്സരം തീപാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

