ഇറാനിൽ കപ്പലിൽ കുടുങ്ങിയ ആലപ്പുഴ സ്വദേശിക്ക് മോചനം; ജെറിൻ ജോർജ് ഉടൻ നാട്ടിലെത്തും
text_fieldsജെറിനും ( നടുവിൽ ) സംഘവും അർമേനിയയിലെത്തിയപ്പോൾ എടുത്ത ചിത്രം
ഹരിപ്പാട്: യുദ്ധം മൂലം 54 ദിവസമായി ഇറാൻ തീരത്ത് കപ്പലിൽ കുടുങ്ങിക്കിടന്ന ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജെറിൻ ജോർജ് (30) ഒടുവിൽ മോചിതനായി. പള്ളിപ്പാട് കണ്ടത്തിൽ കിഴക്കതിൽ ജോർജ് ജേക്കബിന്‍റെ മകൻ ജെറിനെ ഇറാൻ എംബസി ഇടപെട്ടാണ് കപ്പലിൽനിന്ന് കരക്കെത്തിച്ചത്. കെ.സി. വേണുഗോപാൽ എം.പി കേന്ദ്ര ഗവൺമെന്‍റുമായി നടത്തിയ നിരന്തര ഇടപെടലുകളെ തുടർന്നാണ് ജെറിന്‍റെ മടക്കയാത്രക്ക് വഴിയൊരുങ്ങിയത്.
ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന സീ സ്റ്റാർ ഷിപ്പിങ് കമ്പനിയുടെ '‘സണ്ണി’ എന്ന ചരക്കുകപ്പലിലെ എൻജിൻ ഓപറേറ്ററായിരുന്നു ജെറിൻ. 54 ദിവസം മുമ്പ് ദുബൈയിൽനിന്ന് കാറുകളുമായി ഇറാനിലെ ഖുറംഷാർ തുറമുഖത്ത് എത്തിയതായിരുന്നു അദ്ദേഹം. എന്നാൽ, യുദ്ധം രൂക്ഷമാവുകയും എമിഗ്രേഷൻ തടസ്സങ്ങൾ നേരിടുകയും ചെയ്തതോടെ കപ്പലിന് തിരികെ പോകാനോ ജീവനക്കാർക്ക് പുറത്തിറങ്ങാനോ കഴിയാത്ത അവസ്ഥയായി.
ഭക്ഷണത്തിനും മറ്റും പ്രയാസപ്പെട്ട് കപ്പലിൽ കുടുങ്ങിയതോടെ കുടുംബം വലിയ ആശങ്കയിലായിരുന്നു. തുടർന്ന് കുടുംബം കെ.സി. വേണുഗോപാൽ എം.പി വഴി ഇന്ത്യൻ എംബസിക്കും വിദേശകാര്യ മന്ത്രിക്കും അപേക്ഷ നൽകി. ഇറാനിൽനിന്ന് അർമീനിയ വഴിയാണ് ജെറിൻ ഇന്ത്യയിലേക്ക് മടങ്ങുന്നത്. ഒരു മലയാളി ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാരും സംഘത്തിലുണ്ട്. നിലവിൽ റോഡ് മാർഗം അർമീനിയയിലെ ഐരാവൺ എയർപോർട്ടിൽ എത്തിയ ഇദ്ദേഹത്തിന് നാട്ടിലെത്താനുള്ള വിമാന ടിക്കറ്റും കെ.സി. വേണുഗോപാൽ എം.പിയാണ് നൽകുന്നത്. ഇറാനിൽ കപ്പലിൽ കുടുങ്ങിയ ഇന്ത്യക്കാരെ വിവിധ സംഘങ്ങളായി നാട്ടിലെത്തിക്കുന്ന നടപടി പുരോഗമിക്കുകയാണ്. നാളെയോ മറ്റന്നാളോ ജെറിൻ കൊച്ചിയിലെത്തും. 54 ദിവസത്തെ ദുരിതജീവിതത്തിനുശേഷം മകൻ തിരികെയെത്തുന്നതിന്‍റെ ആശ്വാസത്തിലാണ് കുടുംബം.
മോചിതനായ ജെറിനൊപ്പം ഒരു മലയാളിയും ഒരു തമിഴ്നാട്ടുകാരനും ഒരു ഉത്തരാഖണ്ഡുകാരനും ഒരു ഉത്തർപ്രദേശുകാരനുമാണുള്ളത്. ഇറാനിൽ കുടുങ്ങിയ വിവിധ കപ്പലിലെ തൊഴിലാളികളായ ഇവരെല്ലാം വ്യാഴാഴ്ച അർധരാത്രിക്ക് ശേഷം അർമേനിയ എയർപോർട്ടിൽ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

