ആലപ്പുഴയിൽ കടുത്തപോരാട്ടം; പെൺകരുത്ത് തുണയാകും
text_fieldsആലപ്പുഴ: പെൺകരുത്തിന്‍റെ ബലത്തിൽ ‘അധികാരം’ തിരിച്ചുപിടിക്കാൻ യു.ഡി.എഫും ഭരണത്തുടർച്ചക്കായി എൽ.ഡി.എഫും ഏറ്റുമുട്ടുന്ന ആലപ്പുഴ നഗരസഭയിൽ കടുത്ത പോരാട്ടം. കരുത്തുകാട്ടാൻ എൻ.ഡി.എയും മത്സരിക്കുന്നുണ്ട്. മുന്നണിയിലെ പടലപ്പിണക്കവും വിമതശല്യവുമൊക്കെ പ്രഹരം സൃഷ്ടിക്കാതെ, ശബരിമല സ്വർണക്കൊള്ളയടക്കം സംസ്ഥാനരാഷ്ട്രീയത്തിലെ പുതിയസംഭവവികാസങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ മൂലം പിന്തുണയേറി തുടർഭരണം കിട്ടുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. ഭരണത്തിലേറാൻ മുന്നണികൾ പ്രബലരെ തന്നെയാണ് കളത്തിലിറക്കിയിട്ടുള്ളത്.
ഒരുവാർഡ് വർധിച്ച് 53 അംഗബലത്തിൽ പ്രമുഖമുന്നണികൾക്ക് പുറമേ ചെറുപാർട്ടികളും സ്വതന്ത്രരും ജയിച്ചുകയറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ചിലവാർഡുകളിൽ ത്രികോണവും ചതുഷ്കോണവുമൊക്കെ തെളിയുമ്പോൾ അടിയൊഴുക്കുകളും നിർണായകമാണ്. പലയിടത്തും യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾ നേർക്കുനേർ ഏറ്റുമുട്ടുന്ന വാർഡുകളാണ് ഏറെയും. ഇക്കുറി യു.ഡി.എഫിനും എൽ.ഡി.എഫിലും വിമശതല്യമുണ്ട്. എൻ.ഡി.എക്ക് ഭീഷണിയായി അപരന്മാരുമുണ്ട്.
ആലപ്പുഴ നഗരസഭയിലെ പുന്നമട, കളർകോട്, തുമ്പോളി, ആറാട്ടുവഴി, വാർഡുകളിൽ യു.ഡി.എഫിനും വലിയമരം, ജില്ലകോടതി, മന്നത്ത് എൽ.ഡി.എഫിനും വിമതരുണ്ട്.
യു.ഡി.എഫുമായി പിണങ്ങിയ ആർ.എസ്.പിയും തനിച്ചാണ് മത്സരിക്കുന്നത്. സീറ്റ് വിഭജനം പൂർത്തിയായിട്ടും പലവാർഡുകളിലും ബി.ജെ.പി-ബി.ഡി.ജെ.എസ് തർക്കം നിലനിൽക്കുന്നുണ്ട്. ഇതിനൊപ്പം ബി.ജെ.പി സിറ്റിങ് കൗൺസിലർമാരെ തഴഞ്ഞതിലും ഒരുവിഭാഗത്തിന് അതൃപ്തിയുണ്ട്. ത്രികോണമത്സരം നടക്കുന്ന ചിലവാർഡുകളിൽ ഇത് പ്രതിഫലിക്കും.
നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ മത്സരിക്കുന്ന നെഹ്റുട്രോഫി വാർഡിൽ യു.ഡി.എഫ് പത്രിക നൽകാതിരുന്നത് വിവാദമായിരുന്നു. യു.ഡി.എഫ് ഘടകക്ഷിയായ ജെ.എസ്.എസ് (രാജൻ ബാബു) വിഭാഗത്തിന് വിട്ടുനൽകിയ സീറ്റിലാണിത്.
ഇതിന് പിന്നാലെ യു.ഡി.എഫിന് സ്വതന്ത്രനെ പിന്തുണക്കേണ്ടിവന്നു. വനിതകൾ അങ്കംകുറിക്കുന്ന ചിലവാർഡുകളിൽ മത്സരത്തിന് വീറുംവാശിയുമുണ്ട്. യു.ഡി.എഫിൽ കോൺഗ്രസ്-44, മുസ്ലിംലീഗ്-ആറ്, കേരള കോൺ. ജോസഫ് വിഭാഗം-ഒന്ന്, യു.ഡി.എഫ് സ്വതന്ത്ര-രണ്ട്, എൽ.ഡി.എഫിൽ സി.പി.എം-34, സി.പി.ഐ-14, കേരള കോൺഗ്രസ്-എം-മൂന്ന്, ആർ.ജെ.ഡി-ഒന്ന്, എൻ.ഡി.എയിൽ ബി.ജെ.പി 50 ഇടത്തും ബി.ഡി.ജെ.എസ് രണ്ടിടത്തും മറ്റ് കക്ഷികളായ പി.ഡി.പി ആറിടത്തും എസ്.ഡി.പി.ഐ നാലിടത്തും വെൽഫെയർപാർട്ടി ഒരിടത്തും മത്സരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

