നഗരസഭ ഫുഡ് സ്ട്രീറ്റ് പദ്ധതിക്ക് ‘ജീവൻ’
text_fieldsആലപ്പുഴ നഗരസഭയുടെ ഈവനിങ് ഫുഡ് സ്ട്രീറ്റ് പദ്ധതിയുടെ മാതൃക
ആലപ്പുഴ: നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് നഗരസഭയുടെ ഈവനിങ് ഫുഡ് സ്ട്രീറ്റ് പദ്ധതിക്ക് ജീവൻവെച്ചു. അഞ്ചുവർഷത്തെ ഭരണകാലാവധി പൂർത്തിയാക്കുന്ന അവസാനവേളയിലാണ് നിർമാണോദ്ഘാടനം നടത്തിയത്. വിദേശ രാജ്യങ്ങളിൽ റോഡിലേക്ക് ഇറക്കിയിട്ട കസേരകളിലിരുന്ന് ഭക്ഷണം കഴിക്കുന്ന അതേമാതൃകയിൽ ഫുഡ് ആർട്ട് സ്ട്രീറ്റ് നിർമിക്കാനുള്ള പദ്ധതി 2022 നവംബറിലാണ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പി.ഡബ്ല്യു.ഡി വിഭാഗത്തിന്റെ അനുമതിക്കായി 2023 മേയ് വരെ കാത്തിരുന്നു. പിന്നെയും വിവിധകാരണങ്ങളാൽ പദ്ധതി വൈകി. പദ്ധതിക്കായി മുൻവർഷത്തെ ബജറ്റിലും തുക വകയിരുത്തിയിരുന്നു.
സന്ധ്യകഴിഞ്ഞാൽ നഗരത്തിലെ മിക്ക സ്ഥലങ്ങളും ഇരുട്ടിലാണ്. രാത്രി 10നുശേഷം ഏതാനും തട്ടുകടകളും വൻകിട ഹോട്ടലുകളും മാത്രമാണുള്ളത്. ഇതിന് പരിഹാരമായിട്ടാണ് ഫുഡ് സ്ട്രീറ്റ് എന്ന ആശയം അവതരിപ്പിച്ചത്. എഫ്.സി.ഐ ഗോഡൗണിന് മുന്നിലെ എലഫന്റ് ഗേറ്റ് റോഡില്‍ ആരംഭിക്കുന്ന ഫുഡ് സ്ട്രീറ്റ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു.
നഗരസഭ ചെയർപേഴ്സൻ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എം.ആര്. പ്രേം, എ.എസ്. കവിത, കൗണ്‍സിലര്‍ സിമി ഷാഫിഖാന്‍, ബി. അജേഷ്, ഗോപിക, ലിന്റ ഫ്രാന്‍സിസ്, പ്രജിത കണ്ണന്, ജ്യോതിമോൾ, നിര്‍മിതി കേന്ദ്ര പ്രോജക്ട് മാനേജര്‍ കെ.കെ. സശീല്കുമാര് എന്നിവർ സംസാരിച്ചു.
ലൈറ്റ്ഹൗസിന്റെ പ്രധാന കവാടത്തിൽ നിന്ന് തുടങ്ങി, തുറമുഖ വകുപ്പിന്റെ പുരാതന കെട്ടിടത്തിന്റെയും സിവിൽ സപ്ലൈസ് കോർപറേഷന്റെ സംഭരണശാലകളുടെയും മുന്നിൽ എലഫന്റ് റോഡിൽ 300 മീറ്റർ നീളത്തിലാണ് ഫുഡ് സ്ട്രീറ്റ് ഒരുക്കുക. ദിവസവും വൈകീട്ട് അഞ്ച് മുതൽ രാത്രി 12 വരെയാണ് പ്രവർത്തനം.
ആലപ്പുഴയുടെ പാരമ്പര്യവും ഗതകാല പ്രൗഢിയും നിറഞ്ഞ തെരുവുകളുടെ മനോഹാരിത നഷ്ടപ്പെടാതെ ആധുനികവത്കരിക്കുന്നതാണ് പദ്ധതി. തെരുവിനെ പൂര്‍ണ്ണമായും സൗന്ദര്യവത്കരിക്കും. സ്ട്രീറ്റിൽ ആഭ്യന്തര വിനോദ സഞ്ചാരികൾക്കുൾപ്പടെ രുചിയൂറും ഭക്ഷണങ്ങൾ നുകരാം.
തെരുവിൽ ട്രക്കുകൾ ക്രമീകരിക്കും; കലാവേദിയും
എടുത്തു മാറ്റാവുന്ന 20 ഫുഡ് ട്രക്കുള്ള തെരുവാണ് വിഭാവനം ചെയ്യുന്നത്. നാടൻ രുചിക്കൂട്ടുകൾ മുതൽ ചൈനീസ് വിഭവങ്ങൾ വരെ വിളമ്പും. ഐസ്ക്രീം- ജ്യൂസ് എന്നിവക്കായി പ്രത്യേകസ്ഥലമൊരുക്കും. കലാസന്ധ്യകള്ക്കുള്ള വേദി, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, കളറിങ് ഫ്ലോറുകൾ, മനോഹരമായ അലങ്കാര ദീപങ്ങളുമുൾപ്പടെ ഒരുക്കും.
നിലവില്‍ 13 ലക്ഷം രൂപ ചെലവഴിച്ച് ഫുഡ് ട്രക്കുകള്‍ക്ക് ആവശ്യമായ വൈദ്യുതി കണക്ഷന് ബോക്സുകള്‍, വാട്ടര്‍ കണക്ഷന് എന്നിവ നഗരസഭ സ്ഥാപിച്ചു. ഒരു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി സ്ട്രീറ്റ് പ്രവർത്തന സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

