ആലപ്പുഴ നഗരസഭ ബജറ്റ്; ഗ്രീൻഹബ് ടൂറിസം കൾചറൽ സെന്റർ
text_fieldsആലപ്പുഴ നഗരസഭ ബജറ്റ് വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ അവതരിപ്പിക്കുന്നു
ആലപ്പുഴ: ടൂറിസത്തിനും ശുചിത്വത്തിനും മുൻഗണന നൽകി 280.68 കോടി വരവും 276.95 കോടി ചെലവും പ്രതീക്ഷിക്കുന്ന 2024-’25 വർഷത്തെ ബജറ്റ് നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ അവതരിപ്പിച്ചു. സർവോദയപുരത്തെ മാലിന്യസംസ്കരണ പ്ലാൻറിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ‘ഹരിത ഹബാണ്’ പ്രധാനപ്രഖ്യാപനം. നഗരസഭ ഉടമസ്ഥതയിലുള്ള 15 ഏക്കർ ഭൂമി ഉപയോഗത്തിലേക്ക് മാറ്റാനാണ് പുതിയ പദ്ധതി.
അജൈവ മാലിന്യങ്ങൾ വേർതിരിക്കുന്നതിന് ആധുനിക കൺവെയർ ബെൽറ്റ്, ഷ്രെഡിങ് യൂനിറ്റ്, ബൈലിങ് മെഷീൻ, റിസോഴ്സ് റിക്കവറി സെന്റർ എന്നിവക്കൊപ്പം ആധുനിക അജൈവമാലിന്യ സംസ്കരണസംവിധാനങ്ങളും ഏർപ്പെടുത്തും. അന്തർദേശീയതലത്തിൽ മാലിന്യപരിപാലന ഉപാധികളുടെ പ്രദർശനവുമുണ്ടാകും. മാലിന്യസംസ്കരണത്തെക്കുറിച്ച് കാണാനും പഠിക്കാനും എത്തുന്നവരുടെ കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യം.
ആലപ്പുഴ നഗരചത്വരം വിദേശ-സ്വദേശി വിനോദസഞ്ചാരത്തിന് പ്രയോജനപ്പെടും വിധം ടൂറിസം കൾചറൽ സെന്ററാക്കി മാറ്റും. അമിനിറ്റി സെന്റർ, ഓഡിറ്റോറിയം, ഡൈനിങ് ഹാൾ, കോഫി ഷോപ്പ്, ടൂറിസം ഇൻഫർമേഷൻ സെന്റർ, മിനി എക്സിബിഷൻ, വ്യായാമങ്ങൾക്കുള്ള സൗകര്യം എന്നിവയുണ്ടാകും.
വാർഡ് കേന്ദ്രീകരിച്ച് ജനപ്രതിനിധികൾക്കായി സേവാകേന്ദ്രം ആരംഭിക്കും. കെ-സ്മാർട്ട് യാഥാർഥ്യമാകുന്നതോടെ പൊതുജനങ്ങൾക്ക് കൂടുതൽ ഉപകാരപ്പെടുന്നരീതിയിൽ കമ്പ്യൂട്ടർ, ഇന്റർനെറ്റ് അടിസ്ഥാനസൗകര്യങ്ങൾ സേവാകേന്ദ്രത്തിലുണ്ടാകും. വനിതകള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിന് ടേസ്റ്റ് ഓഫ് ആലപ്പി ഫുഡ് ഓണ്‍ വീല്‍സ് എന്ന പേരില്‍ നഗരത്തില്‍ ആധുനികമോഡല് ഫുഡ് കിയോസ്കുകള്‍ സ്ഥാപിക്കും. നഗരത്തിലെ മുഴുവന്‍ വീടുകളിലും ഉറവിട മാലിന്യസംസ്കരണ ഉപാധികളെത്തിക്കും. വീടുകളിലെ കിച്ചണ്‍ ബിന്നുകളില്‍ രൂപപ്പെടുന്ന ജൈവവളം നഗരസഭ ഏറ്റെടുത്ത് എൻ.പി.കെ സാന്നിധ്യമുള്ള ജൈവവളമാക്കി ബ്രാൻഡാക്കി കുടുംബശ്രീ, ഹരിതകര്‍മസേനാംഗങ്ങള്‍ വഴി വിപണിയിലെത്തിക്കും. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു.
ഒറ്റനോട്ടത്തിൽ
- സമഗ്ര കൊതുകുനിയന്ത്രണ പരിപാടി-25 ലക്ഷം
- പാലങ്ങളിലും നടപ്പാലങ്ങളിലും വഴിവിളക്ക് സ്ഥാപിക്കാൻ-ഒരുകോടി
- തൂക്കുകുളത്ത് ടൂറിസം അമിനിറ്റി സെന്റർ-മൂന്ന് കോടി
- വിനോദസഞ്ചാരികൾക്ക് ടോയ്ലെറ്റുകൾ-രണ്ട് കോടി
- അത്യാധുനിക സംവിധാനവുമായി മാതൃക പ്രീപ്രൈമറി സ്കൂൾ-50 ലക്ഷം
- അതിദാരിദ്ര്യ നിർമാജ്ജന ഭാഗമായി ഭവനപദ്ധതി-ഒരുകോടി
- ജനകീയഹോട്ടലുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തൽ-10 ലക്ഷം
- ‘ഫുഡ് ഓൺ വീൽസ്’ എന്നപേരിൽ ഫുഡ് കിയോസ്കുകൾ-20 ലക്ഷം
- മുഖശ്രീ എന്നപേരിൽ വനിതകൾക്ക് മൊബൈൽ ബ്യൂട്ടി ക്ലിനിക്ക്-10 ലക്ഷം
- വാർഡ്തല സേവാകേന്ദ്രത്തിന്-50 ലക്ഷം
- പ്രസ്ക്ലബിന് വായനാമുറി-അഞ്ച് ലക്ഷം
- ഹരിതകർമസേനാംഗങ്ങൾക്ക് ഇൻഷുറൻസ്-മൂന്നുലക്ഷം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

