മാലിന്യത്തിൽനിന്ന് വരുമാനം; വിൽപനക്കൊരുങ്ങി നഗരസഭയുടെ എയ്റോഫെർട് 'ജൈവവളം'
text_fieldsമാലിന്യത്തിൽനിന്ന് വരുമാനമുണ്ടാക്കാൻ ആലപ്പുഴ നഗരസഭ ആലിശ്ശേരിയിൽ സ്ഥാപിച്ചവളംനിർമാണ യൂനിറ്റിൽ തയാറാക്കിയ എയ്റോഫെർട് ജൈവവളം പായ്ക്കറ്റുകളിൽ നിറക്കുന്നു
52 വാർഡുകളിൽനിന്ന് പ്രതിദിനം 40ടൺ മാലിന്യമാണ് പുറന്തള്ളുന്നത്. വീടുകളില്‍നിന്നും നഗരസഭപരിധിയിലെ 37 എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റുകളിലെ 386 ബിന്നുകളിലെത്തുന്ന ജൈവമാലിന്യങ്ങൾ 90 മുതല്‍ 120 ദിവസത്തിനകമാണ് വളമാക്കുന്നത്. ഇത് ആലിശ്ശേരിയിലെ വളം നിര്മാണയൂനിറ്റിൽ എത്തിച്ച് പൊടിച്ച് മെഷീനിലൂടെ അരിച്ച് ഉണക്കി വളമാക്കി പാക്കറ്റുകളിലാക്കിയാണ് വിൽപന.
ആലപ്പുഴ: മാലിന്യസംസ്കരണരംഗത്ത് പുതിയ ചുവടുവെപ്പുമായി ആലപ്പുഴ നഗരസഭ. വിവിധവാർഡുകളിലെ എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റുകളിൽനിന്ന് ശേഖരിച്ച മാലിന്യങ്ങൾ ആലപ്പുഴ ആലിശ്ശേരിയിൽ സ്ഥാപിച്ച വളം നിർമാണ യൂനിറ്റിലെത്തിച്ച് പൊടിച്ച് ജൈവ വളമാക്കിയാണ് വിൽപന.
തുമ്പൂര്‍മൂഴി മോഡല്‍ മാലിന്യസംസ്കരണ രീതിയില്‍ ജൈവഅവശിഷ്ട വളമാക്കാൻ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം കൂടി പ്രയോജനപ്പെടുത്തിയാണ് വളം നിർമാണ യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്. ആലപ്പുഴ നഗരസഭയുടെ പുതിയമാതൃകയുടെ ഉദ്ഘാടനം അടുത്തയാഴ്ച മുൻമന്ത്രി ഡോ. തോമസ് ഐസക് നിർവഹിക്കും.
‘എയ്റോഫെര്ട്’ എന്ന പേരില്‍ ഒരുജനതയുടെ ശീലവും സംസ്കാരവും എന്ന ടാഗ്ലൈനോടെ മനോഹരമായ പാക്കിങ് കവറുകളില്‍ നിറച്ചാണ് വളം വിൽപനക്ക് തയാറായിട്ടുള്ളത്. പ്രാഥമികഘട്ടത്തില്‍ നഗരസഭയുടെ എയ്റോബിക് യൂനിറ്റുകള്‍ വഴി പൊതുജനങ്ങള്‍ക്ക് കിലോക്ക് 30 രൂപ നിരക്കിലും വിപണന ആവശ്യങ്ങള്‍ക്ക് 30 ശതമാനം ഡിഡ്കൗണ്ടും ലഭിക്കും. വെള്ളായണി കാര്‍ഷിക സർവകലാശാലയിൽ നടത്തിയ സാമ്പിള്‍ പരിശോധനയിൽ വളത്തിന്റെ ഗുണമേൻമ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
വ്യാപാര-വാണിജ്യസ്ഥാപനങ്ങളുടെ മാലിന്യം ശേഖരിക്കാനും സംസ്കരിക്കാനും ശുചിത്വമിഷനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരമുള്ള ഏജന്‍സിയെയും നഗരസഭ കൗണ്‍സില്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴ കലക്ടറേറ്റ്, മിനി സിവിൽ സ്റ്റേഷൻ, ആലിശ്ശേരി, എസ്.ഡി കോളജ്, കൊട്ടാരപ്പാലം, തത്തംപള്ളി, ബാപ്പുവൈദ്യർ, റിക്രിയേഷൻ ഗ്രൗണ്ട്, ടൗൺഹാൾ, നോർത്ത് പൊലീസ് സ്റ്റേഷൻ പരിസരം, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ജില്ലകോടതി, ഫിനിഷിങ് പോയന്റ് എന്നിവിടങ്ങളിലെ എയ്റോബിക് യൂനിറ്റുകളുടെ പരിപാലനവും വളംനിർമാണ യൂനിറ്റുകളുടെ പ്രവർത്തനവും തൊഴിലുറപ്പ് തൊഴിലാളികളാണ് നടത്തുന്നത്.
നഗരത്തിലെ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് മാലിന്യം ശേഖരിക്കുന്നത്. രാവിലെ ആറ് മുതല്‍ ഉച്ചക്ക് ഒന്ന് വരെയും വൈകീട്ട് മൂന്ന് മുതൽ രാത്രി 10 വരെയും പൊതുജനങ്ങള്‍ക്ക് ഗാര്‍ഹിക ജൈവ മാലിന്യങ്ങള്‍ എത്തിക്കാം.
ഇത് തുമ്പൂർമുഴി മോഡലിന്റെ വിജയം
മാലിന്യം ജൈവ വളമാക്കുന്ന തുമ്പൂർമുഴി മോഡൽ ഹിറ്റായതോടെയാണ് പുതിയപരീക്ഷണത്തിന് കളമൊരുങ്ങിയത്. ആലപ്പുഴയെ മാലിന്യമുക്തമാക്കി നിലനിർത്താൻ സഹായിച്ചത് ഈ പദ്ധതിയായിരുന്നു. 2013ലാണ് ആലപ്പുഴ നഗരത്തിൽ തുമ്പൂർമുഴി മോഡൽ മാലിന്യസംസ്കരണ സംവിധാനത്തിന്റെ തുടക്കം. തോമസ് ഐസക്കാണ് പദ്ധതിക്ക് ചുക്കാൻ പിടിച്ചത്.
മാലിന്യങ്ങൾ കവറിലാക്കി പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നതിന് പകരം ഉറവിടങ്ങളിൽ തന്നെ മാലിന്യ സംസ്കരണം ആരംഭിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി വീടുകളിൽ ബയോബിന്നുകളും വാർഡുകൾതോറും എയ്റോബിക് ബിന്നുകളും സ്ഥാപിച്ചു.
ഓരോവാർഡിലും നിശ്ചിതസ്ഥലങ്ങളിൽ സ്ഥാപിച്ച എയ്റോബിക് ബിന്നുകളിലേക്ക് ജൈവ മാലിന്യങ്ങളെത്തിക്കാനും ശാസ്ത്രീയമായി അവ സംസ്കരിക്കാനുമുള്ള സംവിധാനം സജ്ജമാക്കിയതുമാണ് പദ്ധതിയുടെ വിജയം.
എയ്റോബിക് യൂനിറ്റുകളിൽ എത്തിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ കരിയിലയുൾപ്പെടെയുള്ളവയുമായി കൂട്ടിക്കലർത്തി നിശ്ചിതദിവസം കൂട്ടിയിട്ട് ഒരുമാസം കഴിയുമ്പോൾ കൺവെയർ ബെൽറ്റ് വഴി കടത്തിവിട്ട് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള സാധനങ്ങൾ തരംതിരിച്ച് ഷ്രഡിങ് മെഷീന്റെ സഹായത്തോടെ പൊടിച്ച് ചെറിയ തരികളാക്കി അരിച്ചാണ് വിൽപനക്ക് സജ്ജമാക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

