ആലപ്പുഴ നഗരസഭ കൗൺസിൽ യോഗം; സമ്പൂർണ കുടിവെള്ള പദ്ധതി നീളും
text_fieldsആലപ്പുഴ: നഗരസഭ അമൃത് പദ്ധതിയിൽപെടുത്തി ആവിഷ്കരിച്ച സമ്പൂർണ കുടിവെള്ള പദ്ധതി വൈകും. പലയിടത്തും പൈപ്പ് കണക്ഷൻ ലഭിക്കാൻ ബാക്കി. വ്യാഴാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളും ഉയർന്നു.
കുടിവെള്ള കണക്ഷൻ നൽകുന്നതിന് വീട്ടുകാരിൽനിന്ന് പണം വാങ്ങുന്നതായി പരാതികൾ ലഭിച്ചുവെന്ന് നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ പറഞ്ഞു. കുടിവെള്ള കണക്ഷൻ ലഭിക്കാൻ ആരും പണം നൽകേണ്ടതില്ല. നഗരത്തിലെ വൈറ്റ് ടോപ്പിങ് റോഡുകളിലടക്കം പൈപ്പിടൽ പൂർത്തിയാക്കാൻ സാങ്കേതിക പ്രശ്നം തടസ്സമാകുന്നുണ്ട്. ഇതാണ് കാലതാമസം നേരിടാൻ കാരണം. മറ്റ് മാർഗങ്ങൾ സ്വീകരിച്ച് പ്രവൃത്തികൾ വേഗത്തിലാക്കാൻ അമൃത് പദ്ധതി, പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി ചർച്ച നടത്താൻ യോഗം തീരുമാനിച്ചു.
ശതാബ്ദി മന്ദിരത്തിലേക്ക് നഗരസഭ കാര്യാലയം മാറ്റുന്നതിന് ആവശ്യമായ നിർമാണം നടക്കുന്നുണ്ട്. വൈദ്യുതീകരണം അടക്കമുള്ള ജോലികളാണ് ബാക്കിയുള്ളത്. ഇതിന് രണ്ടാഴ്ചയിലേറെ സമയംവേണ്ടിവരും. ഇതിനുശേഷം പൂർണമായും മാറുന്നതടക്കമുള്ള തീയതി തീരുമാനിക്കും. ജില്ല ആയുർവേദ ആശുപത്രി നഗരസഭ പഴയകെട്ടിടത്തിലേക്ക് മാറുന്ന കാര്യത്തിൽ തീരുമാനമുണ്ടായിട്ടില്ല. ആശുപത്രി അധികൃതർ കെട്ടിടം നോക്കുക മാത്രമാണ് ചെയ്തത്. വാടകക്ക് നൽകുന്നത് സംബന്ധിച്ച ഒരുചർച്ചയും നടന്നിട്ടില്ല.
നഗരത്തിലെ വിവിധഭാഗങ്ങളിൽ പൊതുമരാമത്ത് മുറിച്ചിട്ട മരങ്ങൾ അപകടങ്ങൾക്കും വഴിയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി കൗൺസിലർമാർ പരാതിപ്പെട്ടു. ഇതുസംബന്ധിച്ച് പലതവണ പരാതിപ്പെട്ടിട്ടും മാറ്റാൻ ആവശ്യമായ നടപടി അധികൃതർ സ്വീകരിക്കുന്നില്ല.
റോഡരിലേക്ക് വെട്ടിയിട്ട മരങ്ങൾ മൂലം വീടുകളികളിലേക്ക് വാഹനങ്ങൾ കയറ്റാൻ പറ്റാത്ത സ്ഥിതിയുണ്ട്. കൊമ്മാടി സ്കൂളിനു സമീപവും സമാനസ്ഥിതിയാണ്. നവകേരള സദസ്സിലെ ഭവന പുനർനിർമാണവുമായി ബന്ധപ്പെട്ട് വിവിധ വാർഡുകളിൽനിന്ന് ലഭിച്ച 69 ഗുണഭോക്താക്കളുടെ ലിസ്റ്റ് കൗൺസിൽ അംഗീകരിച്ചു. പദ്ധതി പ്രകാരം മുൻഗണന ക്രമത്തിൽ ഇവർക്ക് ഭവനപുനരുദ്ധാരണത്തിനുള്ള ഫണ്ട് അനുവദിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയിലുള്ള ജലാശയങ്ങളും സമീപ പ്രദേശങ്ങളും സംരക്ഷിക്കാനും ആസ്തിയിൽ കൂട്ടിച്ചേർക്കാനും കൈയേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിക്കാൻ റവന്യൂ, ഇറിഗേഷൻ, സർവേ വകുപ്പുകളുടെ ഏകോപനത്തിൽ പരിശോധന കർശനമാക്കും.
നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് പി.എസ്.എം ഹുസൈന് സ്ഥിരംസമിതി അധ്യക്ഷരായ എം.ആർ. പ്രേം, എ.എസ്. കവിത, നസീർ പുന്നക്കല്‍, ആര്. വിനിത, കൗൺസിലർമാരായ സൗമ്യരാജ്, അഡ്വ. റീഗോ രാജു, ഡി.പി. മധു, സലിം മുല്ലാത്ത്, ബി. നസീര്‍, എല്ജിന് റിച്ചാഡ്, ബി. അജേഷ്, ആര്. രമേഷ്, നജിത ഹാരിസ്, കൊച്ചുത്രേസ്യാമ്മ ജോസഫ്, സുമ, പി.എസ്. ഫൈസല്‍, ഡെപ്യൂട്ടി സെക്രട്ടറി സുരേഷ്, എന്‍ജിനീയര്‍ ഷിബു നാല്‍പ്പാട്ട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

