കോടതി ഉത്തരവ് കാലാവധിയും പിന്നിട്ടു; മെഡിക്കൽ കോളജ് ചുറ്റുമതിലിനായി വിദ്യാർഥികൾ
text_fieldsദേശീയപാത വികസനത്തിന് മതിൽ പൊളിച്ചുമാറ്റിയ ആലപ്പുഴ മെഡിക്കൽ കോളജിന്റെ തുറന്നുകിടക്കുന്ന മുൻഭാഗം
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ മെഡിക്കൽ കോളേജിന്റെ ചുറ്റുമതിൽ ദേശീയപാത വികസനത്തിനായി പൊളിച്ച് മൂന്നുവർഷം കഴിഞ്ഞിട്ടും പുനർനിർമിക്കാനായില്ല. എട്ടിലധികം ഹോസ്റ്റലുകൾ, ജീവനക്കാരുടെ ക്വാർട്ടേഴ്സ്, പത്തോളജി, അനാട്ടമി ഉൾപ്പെടെയുള്ള ലാബുകൾ, കോടികൾ വിലമതിക്കുന്ന ഉപകരണങ്ങൾ എന്നിവയുള്ള കാമ്പസിൽ ആർക്കുവേണമെങ്കിലും ഒരു പരിശോധനക്കും വിധേയമാകാതെ പ്രവേശിക്കാം എന്ന അവസ്ഥയാണ് നിലവിൽ.
രാത്രിയിലും പകലുമെന്നില്ലാതെ തെരുവുനായ് ശല്യവും രൂക്ഷമാണ്. വനിത ഹോസ്റ്റലുകളിൽ രാത്രിയിൽ സാമൂഹികവിരുദ്ധ ശല്യം ഉണ്ടായതിനാൽ പലതവണ പുന്നപ്ര പൊലീസ് കേസെടുത്തിട്ടുണ്ട്. ഡിസംബർ രണ്ടിന് ആറ് മെഡിക്കൽ വിദ്യാർഥികളുടെ മരണംപോലും ഈ സുരക്ഷ വീഴ്ചയുമായി ബന്ധപ്പെട്ടാണെന്ന് വിദ്യാർഥികളും പറയുന്നു.
തെരുവുനായ് ശല്യംമൂലം പകൽപോലും കാമ്പസിൽ കുട്ടികൾക്ക് കയറാൻ പറ്റാത്ത അവസ്ഥയാണ്. നിർമാണവുമായി ബന്ധപ്പെട്ട് പി.ടി.എ പ്രതിനിധികൾ മന്ത്രിമാർ, എം.പി, എം.എൽ.എമാർ, കലക്ടർ തുടങ്ങിയവർക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് എം.പിയും പബ്ലിക് അക്കൗണ്ട്സ് ചെയർമാനുമായ കെ.സി. വേണുഗോപാൽ മുൻകൈയെടുത്ത് ഈ വർഷം ആദ്യം കലക്ടറേറ്റിൽ യോഗം ചേർന്നിരുന്നു. തുടർന്ന് കണ്ടിജൻസി ഫണ്ട് ഉപയോഗിച്ച് ദേശീയപാത അതോറിറ്റി മതിൽ നിർമിക്കാമെന്ന് വാഗ്ദാനം ചെയ്തതുമാണ്. അതും യാഥാർഥ്യമായില്ല. ചുറ്റുമതിൽ നിർമിക്കണമെന്ന ആവശ്യം നിറവേറ്റാതായതോടെ പെൺകുട്ടികൾ ഒടുവിൽ കോടതിയെ സമീപിച്ചു. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഹൈകോടതിയിൽനിന്ന് അനുകൂല വിധി മെഡിക്കൽ വിദ്യാർഥിനികൾ നേടിയെടുത്തെങ്കിലും അതും നടപ്പാക്കിയില്ല.
സെപ്റ്റംബർ 24ന് മുമ്പ് ചുറ്റുമതിൽ നിർമാണം പൂർത്തിയാക്കാനായിരുന്നു കോടതി ഉത്തരവ്. ഹൈകോടതി നൽകിയ സമയ പരിധി അവസാനിച്ചിട്ടും ചുറ്റുമതിൽ നിർമാണത്തിനുള്ള ഒരു നടപടിയും സർക്കാർ തുടങ്ങിയിട്ടില്ല. ചുറ്റുമതിൽ നിർമാണം മൂന്ന് മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ഏഴ് വിദ്യാർഥിനികൾ നൽകിയ ഹരജി പരിഗണിച്ച് ഹൈക്കോടതി സർക്കാറിന് നിർദേശം നൽകിയത്. മതിൽ പൊളിച്ചുമാറ്റിയതിന്റെ 36 ലക്ഷം രൂപ മാത്രമാണ് നഷ്ടപരിഹാരമായി ലഭിച്ചത്.
പിന്നീട് 1.60 കോടി രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് ആരോഗ്യ വകുപ്പിന് കൈമാറി ഒരുവർഷം പിന്നിട്ടിട്ടും ഒരു നടപടിയുമായില്ല. ഇതിനും കാലതാമസം നേരിട്ടതോടെയാണ് പി.ടി.എയുടെ സഹായത്തോടെ വിദ്യാർഥിനികളായ സാവ്യ രാജു, ഫാത്തിമ സുൽത്താന, നിദ നസ്റിൻ, സ്നേഹ രവീന്ദ്രൻ, എസ്. പാർവതി, റിയ എൽ. റോബിൻസൺ, റിഫാന റഷീദ് എന്നിവർ ഹൈകോടതിയിൽ ഹരജി നൽകിയത്.
കോടതിയിൽ ദേശീയപാത അതോറിറ്റി മതിൽ നിർമാണത്തിന് തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ചതിനാൽ ഹരജി ഹൈകോടതി അടിയന്തരമായി പരിഗണിക്കുകയും കാമ്പസിന്റെയും കുട്ടികളുടെയും സുരക്ഷക്ക് ഭീഷണിയായ വിഷയത്തിൽ അധികാരികളെ നിശിതമായി വിമർശിക്കുകയും സർക്കാർ അടിയന്തരമായി മൂന്നുമാസത്തിനുള്ളിൽ ചുറ്റുമതിൽ നിർമിക്കണമെന്ന് ഡിവിഷൻ ബഞ്ച് ഉത്തരവിടുകയും ചെയ്തു. ജൂലൈ 25നായിരുന്നു ഉത്തരവ്. ഹൈകോടതി നൽകിയ ഈ സമയ പരിധി അവസാനിച്ചിട്ടും ചുറ്റുമതിലിനായി ഒരു കല്ല് പോലുമിട്ടിട്ടില്ല. 24ന് ശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ് പി.ടി.എയുടെയും കോളജ് യൂനിയന്റെയും തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

