ആലപ്പുഴ മെഡിക്കല്‍ കോളജ്; അസൗകര്യങ്ങളുടെ ചികിത്സാകേന്ദ്രം
text_fieldsഅമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലും പരാധീനതകൾ ഏറെ. പുതിയ കെട്ടിടവും സൂപ്പർ സ്പെഷ്യാലിറ്റി സമുച്ചയവും മറ്റും വന്നെങ്കിലും ‘ചികിത്സ’ തേടിയെത്തുന്നവർക്ക് പ്രധാന ഡോക്ടര്‍മാരുടെ സേവനം പലപ്പോഴും ലഭിക്കാറില്ല. ഇത് രോഗികളെ വലക്കുകയാണ്. അത്യാഹിതവിഭാഗത്തിൽ ഉച്ചക്ക് ശേഷം പിറ്റേന്ന് രാവിലെ വരെ പി.ജി വിദ്യാര്‍ഥികളുടെ സേവനമാണ് ലഭിക്കാറ്. ദേശീയപാതയോരത്തെ ഏക മെഡിക്കല്‍ കോളജ് ആശുപത്രി യാണിത്.
അതുകൊണ്ടുതന്നെ അപകടങ്ങളില്‍പെട്ട് ദിവസേന നിരവധി പേരാണ് എത്തുന്നത്. പ്രത്യേകിച്ച് രാത്രിയാണ് അപകടങ്ങള്‍ ഏറെയും. ഗുരുതര പരിക്കേറ്റ് എത്തുന്നവര്‍ക്ക് പോലും പ്രധാന ഡോക്ടര്‍മാരുടെ സേവനം കിട്ടാറില്ല. ദൂരസ്ഥലത്ത് നിന്നും അത്യാസന്നനിലയിൽ രോഗികളുമായെത്തുന്നവര്‍ അത്യാഹിതവിഭാഗം അന്വേഷിച്ച് നടക്കേണ്ട സ്ഥിതിയാണ്.
അത്യാഹിതവിഭാഗമെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ പോലും കാര്യമായില്ല. അപകടത്തിൽപ്പെട്ട് വരുന്നവർക്ക് അടിയന്തര ശസ്ത്രക്രിയക്കുള്ള സൗകര്യം പരിമിതമാണ്. ഓപറേഷൻ തിയറ്ററിൽ ഓർത്തോക്ക് മാത്രമായി ഒരു ശസ്ത്രക്രിയ ടേബിൾ നൽകാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ഉയർന്നിട്ട് നാളുകളായി.
24 മണിക്കൂറും അനസ്തേഷ്യ ഡോക്ടറുടെ സാന്നിധ്യമില്ല. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് ഉൾപ്പെടെ ഹെൽത്ത് കാർഡ് പരിരക്ഷ ഉറപ്പുവരുത്തുന്നില്ല. അപകടത്തില്‍ പരിക്കേറ്റവരെ സംഭവസ്ഥലത്തുണ്ടായിരുന്നവരായിരിക്കും ആശുപത്രിയില്‍ എത്തിക്കുക. പരിക്കേറ്റ് അബോധാവസ്ഥയിലായവരുടെ അടിയന്തിര സ്കാനിങ് ഉള്‍പ്പെടെയുള്ള പരിശോധനയുടെ ഫലം കിട്ടണമെങ്കില്‍ പണം അടക്കണം.
രോഗികളുമായെത്തിയവര് ഇത് അടക്കേണ്ടിവരുന്ന സാഹചര്യമാണിപ്പോള്‍. അത്യാഹിത വിഭാഗത്തിൽ എത്തുന്നവർക്കും ഹെൽത്ത്കാർഡിന്റെ പ്രയോജനം ഏര്‍പ്പെടുത്തിയാല്‍ ഇത്തരം പ്രശ്നങ്ങളും ഒഴിവാക്കാനാകും. ആരോഗ്യ പരിരക്ഷ കാര്‍ഡ് ഉണ്ടെങ്കിലും പണമില്ലാത്തതിന്റെ പേരിൽ പരിശോധന ഫലം ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. നേരത്തെ പണമടക്കാതെ ഫിലിം നൽകുമായിരുന്നു. മൂന്നാഴ്ച മുമ്പ് അത് നിർത്തി. അപകടത്തെതുടർന്നും മറ്റും ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് അടിയന്തര ചികിത്സ ലഭ്യമാകണമെങ്കിൽ സി.ടി ഫിലിമും റിപ്പോർട്ടും ആവശ്യമാണ്.
അൾട്രാസൗണ്ട് മെഷീന് 15 വർഷത്തെ പഴക്കം
ആഴ്ചയിൽ ഒരുദിവസം മാത്രമുള്ള ഗ്യാസ്ട്രോ ഒ.പിയിൽ ഡോക്ടർമാരുടെ കുറവ് രോഗികളെ ഏറെ പ്രയാസപ്പെടുത്തുന്നു. ഒ.പി സുഗമമായി നടത്താൻ കൂടുതൽ ഡോക്ടർമാരെ നിയമിക്കണം. 15 വർഷത്തോളം പഴക്കമുള്ള അൾട്രാസൗണ്ട് മെഷീനാണ് നിലവിലുള്ളത്. കൂടുതൽ വ്യക്തമായ പരിശോധനാഫലം ലഭിക്കാൻ ആധുനിക സൗകര്യങ്ങളോടുകൂടിയ മെഷീൻ സ്ഥാപിക്കണം.
നിലവിൽ അൾട്രാ സൗണ്ട് ചെയ്യാൻ രോഗികൾക്ക് രണ്ട് മാസത്തോളം കാത്തിരിക്കണം. ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്ത ഇടുങ്ങിയ മുറിയിലാണ് അൾട്രാസൗണ്ട് പരിശോധന നടത്തുന്നത്. സൗകര്യപ്രദമായ സംവിധാനം ഒരുക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

