ആലപ്പുഴ-കൊല്ലം ജലപാത അടഞ്ഞിട്ട് വർഷങ്ങൾ
text_fieldsആലപ്പുഴ: നൂറ്റാണ്ടിലേറെ പഴക്കമുള്ള ആലപ്പുഴ-കൊല്ലം ബോട്ട് സർവിസ് പുനരാരംഭിക്കാനാകാതെ ജലഗതാഗത വകുപ്പ്. കോവിഡ് കാലത്താണ് സർവിസ് നിർത്തിയത്. മണ്ണടിഞ്ഞ് ഗതാഗതയോഗ്യമല്ലാതായതാണ് ബോട്ട് സർവിസ് പുനരാരംഭിക്കുന്നതിന് തടസ്സമാകുന്നത്. ഇറിഗേഷൻ, ഇൻലാൻഡ് നാവിഗേഷൻ വകുപ്പുകളുടെ അനാസ്ഥയാണ് പാത മണ്ണുമൂടാൻ കാരണമായത്. ബോട്ട് സർവിസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.
കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതയുടെ ഭാഗമാണ് ഈ റൂട്ട്. ദേശീയ ജലപാത യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി ഇവിടം സഞ്ചാരയോഗ്യമാക്കാൻ സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. അതനുസരിച്ച് കോവിഡിന് മുമ്പ് മണ്ണുനീക്കി പാത പൂർണ സഞ്ചാരയോഗ്യമാക്കിയിരുന്നു.
ഗതാഗതം മുടങ്ങിയതോടെ വീണ്ടും മണ്ണടിഞ്ഞിരിക്കുകയാണ്. കുമാരനാശാന്റെ ജീവൻ കവർന്നതോടെ ചരിത്രത്തിൽ ഇടംപടിച്ചതാണ് ആലപ്പുഴ-കൊല്ലം ബോട്ട് സർവിസ്. 100 വർഷം മുമ്പ് നാട്ടുകാരുടെ പ്രധാന യാത്രാമാർഗമായിരുന്നു ആലപ്പുഴ- കൊല്ലം ജലപാത.
പിന്നീട് അത് വിനോദസഞ്ചാരികളുടെ ഇഷ്ടപാതയായി മാറി. എട്ട് മണിക്കൂർ നീളുന്നതാണ് യാത്ര. ജലഗതാഗത വകുപ്പിന് റെക്കോഡ് വരുമാനമാണ് ഇതിൽനിന്ന് ലഭിച്ചിരുന്നത്. ആലപ്പുഴയിലെ കായൽ യാത്രക്ക് വിദേശസഞ്ചാരികൾ ഏറ്റവും അധികം ആശ്രയിച്ച ബോട്ട് സർവിസാണ് മുടങ്ങിയത്. ദിനേന 60,000 രൂപക്ക് മുകളിൽ കലക്ഷൻ ലഭിച്ചിരുന്നു.
തടസ്സം നിരവധിയിടങ്ങളിൽ
ജലപാതയിൽ റോഡിൽ കുഴിയടക്കുന്നതുപോലെ നിരന്തരം അറ്റകുറ്റപ്പണി ആവശ്യമാണ്. അത് നടക്കുന്നില്ല. തോട്ടപ്പള്ളി സ്പിൽവേ കഴിഞ്ഞ് തൃക്കുന്നപ്പുഴ തോട്ടിലേക്ക് കയറുന്ന ഭാഗം, തൃക്കുന്നപ്പുഴ പാലത്തിന് സമീപത്തെ റെഗുലേറ്റർ നവീകരണം നടക്കുന്നയിടം. കായംകുളം കായലിലേക്ക് ഇറങ്ങുന്ന ഭാഗം എന്നിവിടങ്ങളിലാണ് ജില്ലയിൽ പ്രധാന തടസ്സങ്ങളുള്ളത്.
ചവറ തോട്ടിൽ പലഭാഗങ്ങളിലും ആഴമില്ല. ഇവിടെ തോടിന് സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ വേഗത്തിൽ പോകാനാവില്ല. ഓളമടിച്ച് തീരം ഇടിഞ്ഞ് തോട്ടിലേക്ക് വീഴും. തേവള്ളി പാലം കഴിഞ്ഞ് അഷ്ടമുടി കായലിലേക്ക് ഇറങ്ങുന്ന ഭാഗത്തും മണ്ണടിഞ്ഞ നിലയിലാണ്. ഡ്രഡ്ജിങ് ആവശ്യമുള്ള സ്ഥലങ്ങളുടെ പട്ടിക ഹൈഡ്രോഗ്രാഫിക് വിങ് സർവേ നടത്തി തയാറാക്കാറുണ്ട്. ആ റിപ്പോർട്ട് ഇറിഗേഷൻ വകുപ്പിന് നൽകും. ജലഗതാഗത വകുപ്പും ഇന്നയിടങ്ങളിൽ ഡ്രഡ്ജിങ് ആവശ്യമുണ്ട് എന്ന റിപ്പോർട്ട് ഇറിഗേഷൻ വകുപ്പിന് നൽകും.
അതനുസരിച്ച് ഡ്രഡ്ജിങ് നടക്കാറില്ല. ബോട്ട് സ്ഥിരമായി ഓടുന്നയിടങ്ങളിൽ ചാല് തെളിഞ്ഞുകിടക്കുന്നതിനാൽ കുഴപ്പമില്ല. മുടങ്ങിയ ഇടങ്ങളിലാണ് വലിയതോതിൽ ഡ്രഡ്ജിങ് വേണ്ടിവരുന്നത്.
ദൈർഘ്യമേറിയ സർവിസ്
ജലഗതാഗത വകുപ്പ് സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ സർവിസാണ് കൊല്ലം-ആലപ്പുഴ. രാവിലെ 10.30ന് ആലപ്പുഴയിൽനിന്ന് പുറപ്പെടുന്ന ബോട്ട് വൈകീട്ട് 6.30ന് കൊല്ലം ജെട്ടിയിൽ എത്തും. അടുത്ത ദിവസം രാവിലെ 10.30ന് ആലപ്പുഴയിലേക്ക് പുറപ്പെടും. 95 കിലോമീറ്ററാണ് ആലപ്പുഴ-കൊല്ലം കായൽദൂരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

