ആലപ്പുഴ വാട്ടർ വണ്ടർലാൻഡാകുന്നു; വരുന്നു, വാട്ടർ ടൂറിസം പദ്ധതി
text_fieldsആലപ്പുഴ: ജില്ലയെ ലോകനിലവാരത്തിലുള്ള ജലവിനോദസഞ്ചാര കേന്ദ്രമാക്കുന്നതിനുള്ള ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതിക്ക് തുടക്കമാകുന്നു. കേന്ദ്രസർക്കാർ വായ്പയായി അനുവദിക്കുന്ന 74.95 കോടി രൂപയുടെ ധനസഹായം ഉൾപ്പെടെ വിനിയോഗിച്ച് പദ്ധതികൾ സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് (കെ.ടി.ഐ.എൽ) പദ്ധതി നടത്തിപ്പിനുള്ള നോഡൽ ഏജൻസി. സ്വദേശ് ദർശൻ-രണ്ട് പദ്ധതിയുടെ ഭാഗമായാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
ആലപ്പുഴ ബീച്ചിന്റെ വികസനം, കനാൽ പുനരുദ്ധാരണം, കായൽ തീരത്തുള്ള ക്രൂസ് ടെർമിനൽ എന്നിവ കോർത്തിണക്കിയുള്ള ബീച്ച് കായൽ ടൂറിസത്തിന്റെ സമഗ്രവികസനമാണ് ലക്ഷ്യം. ജലനൃത്തം സംവിധാനം, കിയോസ്കുകൾ, റസ്റ്റാറന്റുകൾ, റെസ്റ്റ് റൂമുകൾ, പരിപാടികൾ സംഘടിപ്പിക്കാനുള്ള സ്ഥലം എന്നിവ ബീച്ചിൽ ഒരുക്കും. കനാൽ പുനരുദ്ധാരണത്തിന്റെ ഭാഗമായി പ്ലാസ, ബോട്ട് ഡെക്ക്, ബോട്ട്ജെട്ടി പുനരുദ്ധാരണം, അമിനിറ്റിസ് എന്നിവ ഒരുക്കും.
കായലിനോട് ചേർന്ന് നിർമിക്കുന്ന ഇൻറർനാഷനൽ ക്രൂസ് ടെർമിനലിൽ ബോട്ട് ടെർമിനൽ കഫറ്റീരിയ, ബോട്ട് ഡക്കുകൾ എന്നിവ ഉണ്ടാകും. നിർമാണം അടുത്തവർഷം ഫെബ്രുവരിയിൽ പൂർത്തിയാകത്തക്ക വിധം സംവിധാനങ്ങൾ ഒരുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ല കലക്ടർ അലക്സ് വർഗീസ് പറഞ്ഞു. എല്ലാ അനുമതികളും എത്രയുംവേഗം നൽകുന്നതിന് നടപടി സ്വീകരിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയോട് നിർമാണപ്രവൃത്തികൾ ആരംഭിക്കാൻ നിർദേശം നൽകി.
ആലപ്പുഴയുടെ ടൂറിസം വികസനത്തിന്റെ മാസ്റ്റർ പ്ലാനിലെ ആദ്യഘട്ടമായി പദ്ധതി മാറുമെന്ന് പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ച് കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. മനോജ്കുമാര് കിനി പറഞ്ഞു. പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പ്രഥമയോഗം കലക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

