ആലപ്പുഴയെ ‘കൈവിടാതെ’ ബജറ്റ്
text_fieldsആലപ്പുഴ: ജില്ലക്കായി വലിയ പദ്ധതികളൊന്നുമില്ലാതെ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ തലോടലും ചില പദ്ധതികളുടെ ആവർത്തനവും. കാർഷികം, ടൂറിസം, വികസനം ഉൾപ്പെടെയുള്ള മേഖലകളിൽ കാര്യമായ പദ്ധതികളൊന്നുമില്ല. സംസ്ഥാനത്തിന് മൊത്തമായി പ്രഖ്യാപിച്ച ചില പദ്ധതികളിൽ ആലപ്പുഴയും ഇടം നേടിയെന്നതാണ് ആശ്വാസം. നേരത്തെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പലതും ഏങ്ങുമെത്തിയിട്ടില്ല. ഇതിനിടെ കടന്നെത്തിയ ആവർത്തന പദ്ധതികൾ പ്രതീക്ഷക്ക് മങ്ങലേൽപിക്കുന്നു.
കേരളത്തിന്റെ നെല്ലറയായ കുട്ടനാടിനെ കരകയറ്റാനും പര്യാപ്തമായ പദ്ധതികളില്ല. അതേസമയം, പ്രതിസന്ധിയിലായ കയർ മേഖലക്ക് നേരിയ ഉണർവേകുന്ന ചില പദ്ധതികൾ ഇടംപിടിച്ചിട്ടുണ്ട്.
കയര് മേഖലക്ക് ഉണർവേകാൻ 107.64 കോടി അനുവദിച്ചത് എടുത്തുപറയേണ്ടതാണ്. കയർ വ്യവസായത്തിലെ യന്ത്രവത്കരണത്തിന് 22 കോടിയും കയർ ഉൽപന്നങ്ങളുടെയും ചകിരിയുടെയും വിലസ്ഥിരത ഉറപ്പാക്കാൻ 38 കോടിയും ചകിരിച്ചോറ് വ്യവസായ വികസനപദ്ധതിക്ക് അഞ്ചു കോടിയും കയർ സഹകരണസംഘങ്ങളുടെ പുനരുജ്ജീവന പദ്ധതിക്ക് 13.50 കോടിയും ബജറ്റിൽ നീക്കിവെച്ചു.
കയർ ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് 1250 രൂപ വീതം സാമ്പത്തികസഹായം നൽകുന്ന ഇൻകം സപ്പോർട്ട് സ്കീമിനായി 100 കോടിയുമുണ്ട്. എന്നാൽ, നിലവിലെ കയർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ അത് പര്യാപ്തമല്ലെന്നാണ് വിലയിരുത്തൽ. 300 കോടിയുടെ പദ്ധതിയുണ്ടെങ്കിൽ മാത്രമേ പിടിച്ചുനിൽക്കാൻ കഴിയൂ.
കുട്ടനാട് പാക്കേജ് ഉൾപ്പെടെയുള്ള വൻ പദ്ധതിയുടെ തുടർച്ചയും കർഷകർ പ്രതീക്ഷിച്ചിരുന്നു. നബാർഡ് (ആർ.ഐ.ഡി.എഫ്) വായ്പ ലഭ്യമാക്കി കുട്ടനാട്ടിൽ അടിസ്ഥാനവികസനത്തിന് 100 കോടി, കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിവാരണത്തിനുള്ള വിവിധപ്രവൃത്തികൾക്കായി 57 കോടി, വെള്ളപ്പൊക്കത്തിന് പരിഹാരമായി അധികജലം തോട്ടപ്പള്ളി സ്പിൽവേയിലൂടെ കടലിലേക്ക് ഒഴുക്കിവിടുന്ന പ്രവർത്തനങ്ങൾക്ക് അഞ്ചുകോടി, വെള്ളപ്പൊക്ക ഭീഷണിനേരിടുന്ന അരൂർമേഖലയിൽ ഉൾപ്പെടെ വേമ്പനാട് കായലിന്റെ ഭാഗങ്ങൾ ആഴം കൂട്ടുന്നതിന് മണ്ണുനീക്കാൻ 10 കോടി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ മരുന്ന് ഉൽപാദനരംഗത്ത് പ്രധാന പങ്കുവഹിക്കുന്ന പൊതുമേഖല സ്ഥാപനമായ കെ.എസ്.ഡി.പിയിലെ വികസനപ്രവർത്തനത്തിന് 20 കോടിയും മാവേലിക്കരയിലും തകഴിയിലും പഴയ ബുദ്ധ കേന്ദ്രങ്ങൾ സംരക്ഷിക്കാൻ അഞ്ചു കോടിയും വകയിരുത്തി.
തീരദേശ വികസനത്തിന് പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി കടൽ തീരങ്ങളുടെ സംരക്ഷണത്തിന് ജിയോ ട്യൂബ് ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതി നടപ്പാക്കാൻ ആദ്യഘട്ടത്തിൽ 100 കോടിയും തൊഴിലന്വേഷകരെ സഹായിക്കാൻ എല്ലാ ബ്ലോക്കിലും മുൻസിപ്പാലിറ്റിയിലും ജോബ് സ്റ്റേഷനുകൾ സ്ഥാപിക്കാനും ബജറ്റിൽ തുക നീക്കിവെച്ചിട്ടുണ്ട്.
ചാമ്പ്യൻസ് ബോട്ട് ലീഗിനായി 8.96 കോടിയും ആലപ്പുഴ ഉൾപ്പടെ നോൺ മേജർ തുറമുഖ വികസനത്തിന് 65 കോടിയും ഉൾനാടൻ ജലഗതാഗത വികസനത്തിന് 133.02 കോടി രൂപ, ഇന്ധന ക്ഷമതയുടെ പുതിയ ബോട്ടുകൾ വാങ്ങുന്നതിന് 25.11 കോടിയും ജില്ല ഉൾപ്പെടുന്ന അഞ്ച് നഗരങ്ങളിലെ റോഡ് വികസനത്തിന് കിഫ്ബി സഹായത്തോടെ 48 പദ്ധതികൾക്കായി 5207.43 കോടിയും നീക്കിവെച്ചിട്ടുണ്ട്.
ബജറ്റിൽ ജില്ലക്ക് അനുവദിച്ച പദ്ധതികൾ
- കയർ വ്യവസായം പശ്ചാത്തല വികസനത്തിന് 22 കോടി
- കയർ ഉൽപന്നങ്ങളുടെയും ചകിരിയുടെയും വിലസ്ഥിരതക്ക് 38കോടി
- ചകിരിച്ചോറ് വ്യവസായ വികസനപദ്ധതിക്ക് അഞ്ച് കോടി
- കയർ സഹകരണസംഘങ്ങളുടെ പുനരുജ്ജീവന പദ്ധതിക്ക് 13.50 കോടി
- ചാമ്പ്യൻസ് ബോട്ട് ലീഗിന് 8.96 കോടി
- ആലപ്പുഴ കെ.എസ്.ഡി.പി വികസനത്തിന് 20 കോടി
- കുട്ടനാടിന്റെ അടിസ്ഥാന വികസനത്തിന് 100 കോടി
- തോട്ടപ്പള്ളി സ്പിൽവേയിലൂടെ അധികജലം കടലിലേക്ക് ഒഴുക്കുന്നതിന് അഞ്ച് കോടി
- ആലപ്പുഴ മെഡിക്കൽകോളജിൽ കാത്ത് ലാബ്
- ജില്ല ആശുപത്രിയിൽ സ്ട്രോക് യൂനിറ്റ്
- കടൽ തീരങ്ങളുടെ സംരക്ഷണത്തിന് ജിയോ ട്യൂബ് ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതി നടപ്പാക്കാൻ ആദ്യ ഘട്ടത്തിൽ 100 കോടി
- തീരദേശപാക്കേജിന് 75 കോടി
- ഉൾനാടൻ ജലഗതാഗതത്തിന് 133.02 കോടി; ഇതിൽ 30.11 കോടി സംസ്ഥാന ജലഗതാഗത മേഖലക്ക്
- ആലപ്പുഴ ഉൾപ്പെടെ നോൺ മേജർ തുറമുഖങ്ങളുടെ വികസനത്തിന് 65 കോടി
- ആലപ്പുഴ ഉൾപ്പെടെയുള്ള അഞ്ച് നഗരങ്ങളിലെ റോഡ് വികസനത്തിനായി കിഫ്ബി സഹായത്തോടെ 5207.43 കോടി
- മാവേലിക്കര, തകഴി എന്നിവിടങ്ങളിലെ പഴയ ബുദ്ധകേന്ദ്രങ്ങളെ സംരക്ഷിക്കാൻ അഞ്ച് കോടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

