ആലപ്പുഴ ജനറൽ ആശുപത്രി; ഓപറേഷൻ തിയറ്റർ പുതിയ ബ്ലോക്കിലേക്ക് മാറ്റും
text_fieldsആലപ്പുഴ ജനറൽ ആശുപത്രിയിൽ എച്ച്. സലാം എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗം
ആലപ്പുഴ: ജനറൽ ആശുപത്രിയിൽ ബലക്ഷയം നേരിടുന്ന പുരുഷന്മാരുടെ മെഡിസിൻ വാർഡും മേജർ ഓപറേഷൻ തീയറ്ററും പുതിയ ബ്ലോക്കിലേക്ക് മാറ്റാൻ തീരുമാനം. ചൊവ്വാഴ്ച എച്ച്. സലാം എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് എൻജീനിയർമാർ, നഗരസഭ എൻജീനിയർമാർ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ഇതിനൊപ്പം പോസ്റ്റ് ഓപറേറ്റീവ് വാർഡ്, പി.എം.ആർ വാർഡ്, നഴ്സിങ് സൂപ്രണ്ട് ഓഫിസ് എന്നിവയും പുതിയ ബ്ലോക്കിലേക്ക് മാറ്റും. പഴയ ബ്ലോക്കിൽ പുരുഷന്മാരുടെ മെഡിസിൽ വാർഡ്, പഴയ ഓഫിസ്, സൂപ്രണ്ട് ഓഫീസ് എന്നിവ പ്രവർത്തിച്ചിരുന്ന സ്ഥലങ്ങളിലേക്ക് സർജറി വാർഡുകളും മാറ്റി പ്രവർത്തിപ്പിക്കും. റാമ്പ്, 10ാം വാർഡിന്റെ പാസേജ്, പൈപ്പ് പൊട്ടി ചോർച്ചയുണ്ടായതുമൂലം അടച്ചിട്ട ശുചിമുറി ഉൾപ്പടെയുളളവയുടെ അറ്റകുറ്റപ്പണി നഗരസഭ നടത്തും. ജനറൽ ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടത്താനും തീരുമാനിച്ചു.
മോർച്ചറിയിലെ അറ്റകുറ്റപ്പണികൾക്കും കാന നിർമാണത്തിനുമായി 12 ലക്ഷം രൂപയും നഗരസഭ അധികമായി വകയിരുത്തും. ആഗസ്റ്റ് ഒന്നിന് ബ്ലഡ് ബാങ്കിന്റെ പ്രവർത്തനവും ആരംഭിക്കും. ബലക്ഷയത്തെ തുടർന്ന് ഒഴിവാക്കിയ വാർഡുകളിലേക്ക് രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും കയറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാനും ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി തീരുമാനിച്ചു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എം.ആർ. പ്രേം, എ.എസ്. കവിത, ആശുപത്രി സൂപ്രണ്ട് ഡോ. സന്ധ്യ രവീന്ദ്രൻ, ആർ.എം.ഒ ഡോ. ആശ മോഹൻദാസ്, കൗൺസിലർ ബി. നസീർ, മുനിസിപ്പൽ എൻജിനീയർ ഷിബു നാൽപ്പാട്, അസിസ്റ്റന്റ് എൻജിനീയർ അലിസ്റ്റർ ജോസഫ് വാൻ റോക്ക്, പൊതുമരാമത്ത് സ്പെഷൽ ബിൽഡിങ്സ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻനീയർ ബി. സോണിയ, അസിസ്റ്റന്റ് എൻജിനീയർ നെയ്മ ഷിഫാർ, എച്ച്.എം.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

