ആലപ്പുഴ ജനറൽ ആശുപത്രി; കെട്ടിടങ്ങൾക്കും 'ചികിത്സ’ വേണം
text_fieldsആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രി കെട്ടിടങ്ങൾക്കും ‘ചികിത്സ’ വേണം. പുതിയ ഒ.പി സമുച്ചയം തുറന്നിട്ടും പഴയ ബലക്ഷയമുള്ള കെട്ടിടത്തിലാണ് രോഗികളെ കിടത്തി ചികിത്സിക്കുന്നത്. മുകളിലത്തെ കോൺക്രീറ്റ് പാളികൾ പലതവണ അടർന്ന് വീണിട്ടും അധികൃതർക്ക് കുലുക്കമില്ല.
അത്യാഹിതവിഭാഗം, സർജറി, ഓർത്തോ, കണ്ണ് ചികിത്സ അടക്കമുള്ള വാർഡുകൾ ഇപ്പോഴും പ്രവർത്തിക്കുന്നത് പഴയ ബ്ലോക്കിലാണ്. സർജറി, മെഡിസിൻ (പുരുഷവിഭാഗം), മെഡിസിൻ ഐ.സി.യു, ഡയാലിസിസ് യൂനിറ്റ്, സി.ടി സ്കാൻ തുടങ്ങിയവയും ഡയാലിസിസ് കേന്ദ്രവും ഇവിടെ തന്നെയാണുള്ളത്.
നിരീക്ഷണമുറിയുടെ സമീപം മഴയത്ത് ചോർന്നൊലിക്കും. മെഡിക്കൽകോളജ് ആശുപത്രി വണ്ടാനത്തേക്ക് മാറ്റിയപ്പോഴാണ് ഇത് ജനറൽ ആശുപത്രിയാക്കിയത്. പഴയബ്ലോക്ക് പൂർണമായും പൊളിച്ച് പുതിയ കെട്ടിടം നിർമിക്കുകയെന്നത് മാത്രമാണ് അപകടമുണ്ടാകാതിരിക്കാനുള്ള പോംവഴി. പലവാർഡുകളിലും രോഗികളും കൂട്ടിരിപ്പുകാരും കഴിയുന്നത് ആധിയോടെയാണ്.
മേൽക്കൂര പാളികൾ അടർന്നുവീഴുമോ?
അത്യാഹിതവിഭാഗമടക്കം പ്രവർത്തിക്കുന്ന പ്രധാനകെട്ടിടം തന്നെ ചോർന്നൊലിക്കുകയാണ്. കെട്ടിടത്തിൽ ചില അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. മുകൾഭാഗം ഈർപ്പം തങ്ങിയും കോൺക്രീറ്റ് ഇളകിയുമാണുള്ളത്. ഈ കോൺക്രീറ്റ് പാളികൾ എപ്പോൾ വേണമെങ്കിലും ഇളകി വീഴാം. ഈ ഭാഗത്ത് തന്നെ വാർഡുകളും വിവിധ ഓഫിസുകളും പ്രവർത്തിക്കുന്നുണ്ട്.
എക്സ്റേ വിഭാഗത്തിലേക്ക് പോകുന്ന ഭാഗത്തും അവസ്ഥക്ക് മാറ്റമില്ല. പനിരോഗികൾ എത്തുന്ന ഒ.പി വിഭാഗം കെട്ടിടത്തിൽ മേൽക്കൂരയിൽ സീലിങ്ങ് ഉണ്ടെങ്കിലും ഇതും ഇളകിയ നിലയിലാണ്. കോൺക്രീറ്റ് കമ്പികൾ തെളിഞ്ഞ് കാണാം. രണ്ടുവർഷം മുമ്പാണ് ജനറൽ ആശുപത്രിയിലെ മേൽക്കൂരയുടെ കോൺക്രീറ്റ് അടർന്നുവീണ് തുടങ്ങിയത്. പൊതുമരാമത്ത് അധികൃതർ പരിശോധിച്ച് കെട്ടിടം ഫിറ്റ്നസില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കോൺക്രീറ്റ് അടർന്ന ഭാഗത്തുനിന്ന് മറ്റിടങ്ങളിലേക്ക് രോഗികളെ മാറ്റിക്കിടത്തിയാണ് പ്രശ്നം പരിഹരിച്ചത്. വീണ്ടും കോൺക്രീറ്റ് അടർന്നുവീണതോടെ പിന്നെയും മാറ്റിക്കിടത്തുന്ന രീതിയാണുള്ളത്.
കിടത്തിചികിത്സിക്കുന്ന വാർഡുകളിൽ രോഗികൾ കഴിയുന്നത് ഭീതിയോടെയാണ്. പലതവണയാണ് മേൽക്കൂരയിൽനിന്ന് കോൺക്രീറ്റ് പാളികൾ അടർന്നുവീണിട്ടുള്ളത്. ഭാഗ്യം കൊണ്ട് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ദേഹത്ത് പതിച്ചിട്ടില്ലെന്ന് മാത്രം.
തീർത്തും അപകടാവസ്ഥയിലായ രണ്ട് വാർഡുകളിൽ ഇപ്പോൾ രോഗികളെ കിടത്തുന്നില്ല. എന്നാൽ, അതുവഴി സ്ട്രെച്ചറിൽ രോഗികളെ കൊണ്ടുപോകുകയും കൂടെയുള്ളവരും ജീവനക്കാരും സഞ്ചരിക്കുകയും ചെയ്യുന്നുണ്ട്. അപകട സാധ്യതയുള്ള ചില സ്ഥലങ്ങളിലേക്ക് ആളുകൾ പോകാതിരിക്കാൻ കസേരയും പഴയ കട്ടിലുകളും ഇട്ട് തടസ്സം സൃഷ്ടിച്ചിട്ടുണ്ട്.
ദേശീയ അംഗീകാരം: പരിശോധനക്ക് എത്തിയവർ അമ്പരന്നു
ജനറൽ ആശുപത്രിക്ക് ദേശീയ അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച പരിശോധനക്കെത്തിയ സംസ്ഥാനതല സംഘം ആശുപത്രിയിലെത്തിയിരുന്നു. ബലക്ഷയമുള്ള കെട്ടിടം കണ്ട് അവർ അമ്പരന്നു. ചോർന്നൊലിച്ച് പായൽ പിടിച്ച പ്രതലങ്ങൾ, പൊട്ടിത്തകർന്ന ഭിത്തികൾ, സിമന്റ് അടർന്ന് പുറത്തേക്ക് തള്ളിനിൽക്കുന്ന തുരുമ്പിച്ച കമ്പികൾ-ഇതൊക്കെയായിരുന്നു ആ കാഴ്ചകൾ. നല്ല കെട്ടിടമില്ലാത്തതിനാൽ ദേശീയ അംഗീകാരം ലഭിക്കില്ലെന്ന് സംഘത്തിലെ ചിലർ അധികൃതരെ അറിയിച്ചതായാണ് വിവരം.
കിഫ്ബിയിലൂടെ 150 കോടിയോളം മുടക്കിയാണ് ഒ.പി സമുച്ചയം പണിതത്. ഇതേ മാതൃകയിൽ ഐ.പി സമുച്ചയം വേണമെന്ന ആവശ്യമുണ്ട്. ഏഴുകോടിയുടെ കെട്ടിടം നിർമിക്കാൻ ടെൻഡറായിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. പുതിയ കെട്ടിടം ടെൻഡർ നടപടി കഴിഞ്ഞ് പൂർത്തിയാക്കാൻ രണ്ടുവർഷമെങ്കിലും വേണ്ടിവരും. അത്രയുംനാൾ രോഗികൾ ഇടിഞ്ഞുവീഴാറായ കെട്ടിടത്തിൽ കഴിയേണ്ട അവസ്ഥയാണ്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി വണ്ടാനത്തേക്ക് മാറ്റിയപ്പോൾ ഒഴിവുവന്ന കെട്ടിടമാണ് ജനറൽ ആശുപത്രി കിടത്തി ചികിത്സക്കായി ഇപ്പോഴും ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

