ആലപ്പുഴ കോടതിപ്പാലം വികസനം; ഇറക്കിവിടുമോ, വെറുംകൈയോടെ
text_fieldsആലപ്പുഴ കോടതിപ്പാലം നവീകരണത്തിനായി മരംമുറിക്കുന്ന വാടക്കനാലിന്റെ തീരത്ത് സർക്കാർ
പുറമ്പോക്കിലെ വ്യാപാര സ്ഥാപനങ്ങൾ
ആലപ്പുഴ: കോടതിപ്പാലം റോഡിന് വീതികൂട്ടാനുള്ള നടപടിയുടെ ഭാഗമായി മരങ്ങൾ മുറിച്ചുതുടങ്ങി. മരങ്ങൾക്കിടയിൽ വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവർ അങ്കലാപ്പിലാണ്. കുടിയൊഴിപ്പിക്കൽ ഉറപ്പിച്ചിരിക്കുകയാണ് ഇവർ. ഇത്രകാലവും വാടകനൽകി ലൈസൻസുമെടുത്ത് പ്രവർത്തിച്ചുവന്ന തങ്ങളെ വെറുംകൈയോടെ ഇറക്കിവിടുമോ എന്നാണ് വ്യാപാരികൾ ചോദിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് റോഡ് വികസനം.
1995 കാലത്ത് ആലപ്പുഴയിൽ വിനോദസഞ്ചാരം വികസിപ്പിക്കുന്നതിനായി രൂപംനൽകിയ ആലപ്പുഴ ഡെവലപ്മെന്റ് അതോറിറ്റിയാണ് (എ.ഡി.എ) വ്യാപരികൾക്ക് കച്ചവടം നടത്താൻ അനുമതി നൽകിയത്. ആ കാലത്ത് മലീമസമായി കിടന്നിരുന്ന വാടക്കനാൽ തീരത്ത് വിനോദസഞ്ചാര വികസനത്തിനായി സ്വന്തം ചെലവിൽ കിയോസ്കുകൾ നിർമിക്കാൻ താൽപര്യമുള്ള സംരംഭകരെ അതോറിറ്റി ക്ഷണിച്ചിരുന്നു.
അന്ന് താൽപര്യപത്രം നൽകിയവർക്കാണ് കിയോസ്കുകളുടെ നിർമാണത്തിന് അനുമതി നൽകിയത്. കിയോസ്കുകൾ അവരവരുടെ ചെലവിൽ നിർമിക്കുന്നതുകൊണ്ട് സ്ഥലം സർക്കാറിന്റേതാണെങ്കിലും കിയോസ്കുകൾ ഉപയോഗിക്കാനുള്ള അവകാശം നിയമപരമായി സംരംഭകർക്കാണെന്ന് അന്നത്തെ കലക്ടർ ഡോ. എബ്രഹാം അറിയിച്ചിരുന്നുവെന്ന് ഇവർ പറയുന്നു.
1996 മുതലാണ് കിയോസ്കുകൾ തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയത്. പിന്നീട് എ.ഡി.എ പിരിച്ചുവിടുകയും എ.ഡി.എയുടെ ആസ്തിയും ബാധ്യതയും ആലപ്പുഴ നഗരസഭക്ക് കൈമാറുകയുമായിരുന്നു. കൈമാറിയ അന്നുമുതൽ നഗരസഭക്ക് വാടക അടച്ചാണ് കച്ചവടം നടത്തിവരുന്നത്.
24 വർഷമായി ഇവിടെ കച്ചവടം ചെയ്തുവരുന്ന തങ്ങളെ ഇവിടെനിന്ന് ഒഴിപ്പിക്കുമ്പോൾ ഇത്രയുംകാലംകൊണ്ട് നേടിയ ആസ്തിയും വിപണിമൂല്യവുമാണ് നഷ്ടപ്പെടുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്.
മറ്റൊരു ജീവനോപാധി തങ്ങൾക്കില്ലാത്തതിനാൽ ഇവിടെനിന്ന് മാറ്റുമ്പോൾ സംഭവിക്കുന്ന കഷ്ടനഷ്ടങ്ങൾക്കും തങ്ങൾ സ്വന്തമായി നിർമിച്ച കെട്ടിടങ്ങൾക്കും മതിയായ നഷ്ടപരിഹാരം നൽകുന്നതിനോടൊപ്പം ജീവനോപാധി എന്ന നിലയിൽ തൊട്ടടുത്തുതന്നെ മുനിസിപ്പൽ സത്രത്തിലോ നഗരചത്വര കെട്ടിടങ്ങളിലോ മറ്റൊരു കടമുറി നൽകുവാനുള്ള നടപടികളും ചെയ്തു നൽകണമെന്നുമാണ് ഇവരുടെ ആവശ്യം.
ഭൂമി നഗരസഭയുടേത് അല്ലാതിരുന്നിട്ടും അവിടെ സ്വന്തം നിലയിൽ കെട്ടിടം നിർമിച്ച് കച്ചവടം നടത്തിവന്ന തങ്ങളിൽനിന്ന് ഇത്രയും കാലം നഗരസഭ വാടക ഈടാക്കിയത് ഏത് നിയമപ്രകാരമാണെന്ന ചോദ്യവും വ്യാപാരികൾ ഉയർത്തുന്നു.
നഷ്ടപരിഹാരം നൽകും -എം.എൽ.എ
ദേശീയപാത ഒഴിപ്പിക്കൽ സമയത്ത് വ്യാപാരികൾക്ക് നൽകിയതുപോലുള്ള നഷ്ടപരിഹാരം കോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കും ലഭിക്കുമെന്ന് പി.പി. ചിത്തരജ്ഞൻ എം.എൽ.എ. ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കില്ല. ഭൂമി സർക്കാർ പുറമ്പോക്കാണ്.
പുറമ്പോക്കുഭൂമിയിൽ ഇത്രനാളും വ്യാപാരം ചെയ്യാൻ അവസരം ലഭിച്ചത് നല്ലകാര്യമാണ്. കെട്ടിടം പണിതതിന് നഷ്ടപരിഹാരം ലഭിക്കും. വ്യാപാരം മുടങ്ങുന്നതിനുള്ള നഷ്ടപരിഹാരവും ലഭിക്കും. അതെല്ലാം കിഫ്ബി ഫണ്ടിൽ വകയിരുത്തിയിട്ടുണ്ട്. അതിനാൽ വ്യാപാരികൾക്ക് ആശങ്കവേണ്ടെന്നും അദ്ദേഹം പറഞ്ഞു.
നഷ്ടപരിഹാരം നൽകാൻ കഴിയില്ല -നഗരസഭ
ഭൂമി സർക്കാർ പുറമ്പോക്കായതിനാൽ അവിടെ കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുന്നതിന് നഗരസഭക്ക് നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് ചെയർപേഴ്സൻ കെ.കെ ജയമ്മ പറഞ്ഞു. കഴിഞ്ഞ കൗൺസിൽ വിഷയം പരിഗണിച്ചിരുന്നു. ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നാണ് നഗരസഭയുടെയും താൽപര്യം. നേരത്തേ ഡവലപ്മെന്റ് അതോറിറ്റിയുടെ സ്ഥലമായിരുന്നു.
അവരാണ് വ്യാപാരികൾക്ക് അനുമതി നൽകിയത്. ഡെവലപ്മെന്റ് അതോറിറ്റി പിരിച്ചുവിടപ്പെട്ടപ്പോൾ നഗരസഭയുടെ അധീനതയിൽ വന്നതാണ്. എന്നിരുന്നാലും ഭൂമി നഗരസഭയുടേതല്ല. സർക്കാർ പുറമ്പോക്കാണ്. അവിടെനിന്ന് ഒഴിപ്പിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകേണ്ടതും റവന്യൂ വകുപ്പാണ്.
വ്യാപാരികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നഗരസഭയിൽ അപേക്ഷ നൽകിയിരുന്നു. അതേതുടർന്നാണ് വിഷയം നഗരസഭ പരിഗണിച്ചത്. നഷ്ടപരിഹാരം നൽകുന്നതിന് അനുകൂലമായ നിലപാടാണ് നഗരസഭയുടേതെന്നും ജയമ്മ പറഞ്ഞു.
നഷ്ടപരിഹാരം നടപടി തുടങ്ങി
ജില്ല കോടതിപ്പാലം നവീകരണത്തിന് സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അത് നാമമാത്രമാണെന്നാണ് ഒഴിപ്പിക്കപ്പെടുന്നവർ പറയുന്നത്. അതെച്ചൊല്ലിയുണ്ടായ തർക്കം നിമിത്തം ചിലർ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
59 പേർക്കുള്ള നഷ്ടപരിഹാരം നേരത്തേ പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ആകെ 25.48 ലക്ഷം രൂപയാണ് നഷ്ടപരിഹാരം കണക്കാക്കിയിരിക്കുന്നത്. അതിൽ ആക്ഷേപമുള്ളവരുടെ പരാതികൾ കേട്ട് കൂടുതൽ പേരെ നഷ്ടപരിഹാരത്തിന് ഉൾപ്പെടുത്തുമെന്ന് അറിയുന്നു. പുറമ്പോക്കിൽനിന്ന് കുടിയൊഴിക്കപ്പെടുന്നവർക്ക് -മാസം 5000 രൂപ വീതം ആറുമാസത്തേക്ക് ആകെ 30,000 രൂപ. കുടിയൊഴിക്കപ്പെട്ട മാടക്കടക്കാർക്ക് ഒറ്റത്തവണ ധനസഹായം - 25,000 രൂപ വീതം.
കൈത്തൊഴിലാളികൾക്കും ചെറുകിട വ്യാപാരികൾക്കും ഒറ്റത്തവണ സഹായം - 50,000 രൂപ വീതം. കുടിയൊഴുപ്പിക്കപ്പെട്ട വാടകക്കാർക്ക് ഒറ്റത്തവണ സഹായം -രണ്ടുലക്ഷം രൂപ ഒരാൾക്ക്. കുടിയൊഴിക്കപ്പെട്ട തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം -6000 രൂപ വീതം ആറുമാസത്തേക്ക് ആകെ 36,000 എന്നിങ്ങനെ നഷ്ടപരിഹാരം നൽകുമെന്നാണ് റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുക്കൽ വിഭാഗം അധികൃതർ പറയുന്നത്.
പാലം പുനർനിർമാണം 129 കോടി ചെലവിൽ
129 കോടി മുടക്കിലാണ് ജില്ല കോടതിപ്പാലത്തിന്റെ പുനർനിർമാണം വിഭാവന ചെയ്തിരിക്കുന്നത്. വാടക്കനാലിന്റെ വടക്കേക്കരയിൽ എസ്.ഡി.വി ഗ്രൗണ്ടിന് സമീപത്തുനിന്നും തെക്കേക്കരയിൽ ഐശ്വര്യ ഓഡിറ്റോറിയത്തിനു മുന്നിൽനിന്നും ഫ്ലൈ ഓവറും അടിപ്പാതയും ആരംഭിച്ച് പൊലീസ് കൺട്രോൾ റൂമിനു സമീപം അവസാനിക്കും.
ആലപ്പുഴ-അമ്പലപ്പുഴ അസംബ്ലി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ് ജില്ല കോടതിപ്പാലം. പദ്ധതി നടപ്പാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് അയവുവരും.
വൃക്ഷങ്ങൾ വെട്ടിമാറ്റിത്തുടങ്ങി
പുതിയ പാലത്തിന്റെ ഇരുകരകളിലുംകൂടി നാലുവശങ്ങളിലേക്ക് മേൽപാലം വരുന്നതിന്റെ ഭാഗമായി ഇരുകരകളിലുമുള്ള വൃക്ഷങ്ങൾ വെട്ടിമാറ്റിത്തുടങ്ങി. ഇരുവശങ്ങളിലായി 79 വൃക്ഷങ്ങളാണ് നിർമാണത്തിനായി വെട്ടിമാറ്റേണ്ടത്.
തെക്കേക്കരയിൽ ഔട്പോസ്റ്റ് മുതൽ ഐശ്വര്യവരെയും വടക്കേക്കരയിൽ മിനി സിവിൽ സ്റ്റേഷൻ മുതൽ ബിസ്മി വരെയും കനാൽക്കരയിലെ വൃക്ഷങ്ങളാണ് വെട്ടിനീക്കുന്നത്. പാലംനിർമാണത്തിനായി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിക്കുന്ന ജോലി അവസാനഘട്ടത്തിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

