കടൽ ഇളകിത്തുടങ്ങി, ഭീതിയിൽ തീരദേശം
text_fieldsതീരദേശ റോഡ് അപകട ഭീഷണി നേരിടുന്ന ആറാട്ടുപുഴ പെരുമ്പള്ളി ഭാഗം
ആറാട്ടുപുഴ: ഭീതി നിറഞ്ഞ കാലാവസ്ഥയാണ് തീരദേശത്തും. കുറെ ദിവസങ്ങളായി അടങ്ങിനിന്ന കടൽ മഴയും കാറ്റും ശക്തമായതോടെ ഇളകിത്തുടങ്ങി. വരുംദിവസങ്ങളിൽ കടൽക്ഷോഭം ശക്തമാകാനാണ് സാധ്യത. കടൽ പ്രക്ഷുബ്ധമായതോടെ കടൽഭിത്തി ദുർബലമായ പ്രദേശങ്ങളിലെ ജനങ്ങൾ കടുത്ത ഭീതിയിലാണ്.
ആറാട്ടുപുഴ പഞ്ചായത്തിലെ പെരുമ്പള്ളി, ആറാട്ടുപുഴ ബസ്സ്റ്റാൻഡിന് വടക്ക് ഭാഗം, എം.ഇ.എസ് ജങ്ഷൻ, കാർത്തിക ജങ്ഷൻ, പത്തിശ്ശേരിൽ ജങ്ഷൻ, തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പ്രണവം നഗർ, മതുക്കൽ, പാനൂർ, പല്ലന തുടങ്ങിയ സ്ഥലങ്ങളിൽ കടൽഭിത്തി ദുർബലമാണ്. പെരുമ്പള്ളി, എം.ഇ.എസ് ജങ്ഷൻ എന്നിവിടങ്ങളിൽ വലിയഴീക്കൽ-തൃക്കുന്നപ്പുഴ തീരദേശ റോഡ് തകർച്ച ഭീഷണി നേരിടുന്നു.
പെരുമ്പള്ളിയിൽ ജിയോ ബാഗ് അടുക്കി തീരം സംരക്ഷിക്കാനുള്ള നടപടി ആരംഭിച്ചെങ്കിലും പ്രാരംഭത്തിൽതന്നെ മുടങ്ങി. തീരസംരക്ഷണം ലക്ഷ്യമിട്ട് വർഷങ്ങൾക്കു മുമ്പ് മംഗലം, പതിയാങ്കര, ആറാട്ടുപുഴ ബസ്സ്റ്റാൻഡ്, കള്ളിക്കാട് വട്ടച്ചാൽ നല്ലാണിക്കൽ എന്നിവിടങ്ങളിൽ ആരംഭിച്ച ടെട്രാപോഡ് ഉപയോഗിച്ചുള്ള പുലിമുട്ടിന്റെ നിർമാണം ഇഴഞ്ഞാണ് നീങ്ങുന്നത്. വലിയഴീക്കൽ തീരത്ത് അടുത്തിടെ ജിയോ ബാഗ് അടുക്കി തീരം സംരക്ഷിച്ചതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.കടൽ പ്രക്ഷുബ്ധമായതോടെ മത്സ്യബന്ധനത്തിന് പോകാനാകാതെ വിഷമിക്കുകയാണ് തൊഴിലാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

