അതിദാരിദ്ര്യമുക്ത നഗരസഭയായി ആലപ്പുഴ
text_fieldsആലപ്പുഴ നഗരസഭ വികസന സദസ്സ് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ: അതിദാരിദ്രമുക്ത നഗരസഭയായി ആലപ്പുഴ. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് പട്ടികയിൽ ഇടംപിടിച്ച 167 കുടുംബങ്ങൾക്കും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയതോടെ ശതാബ്ദി മന്ദിരത്തിന് മുന്നിൽ നടന്ന നഗരസഭ വികസന സദസ്സിലായിരുന്നു പ്രഖ്യാപനം. 167 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി അതിദാരിദ്ര്യം ഇല്ലാതാക്കിയതായും ഡിജി കേരളം വഴി കണ്ടെത്തിയ 11583 പഠിതാക്കളുടെയും പരിശീലനം പൂർത്തീകരിച്ചതായും പ്രോഗ്രസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
പാലിയേറ്റീവ് കെയർ രംഗത്ത് 700 ഓളം രോഗികൾക്ക് ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കി. നഗരസഭയുടെ പുതിയ ഓഫിസ് കെട്ടിടമായ ശതാബ്ദി മന്ദിരം, നെഹ്റു ട്രോഫി വാർഡിൽ ഇരുമ്പ് നടപ്പാലം, വലിയ ചുടുകാട്, ചാത്തനാട് ഗ്യാസ് ക്രിമറ്റോറിയം, ചുടുകാട്, ബീച്ചിലെ കാറ്റാടി പാർക്ക് എന്നിവയുടെ നിർമാണം പൂർത്തീകരിച്ചു.
മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി എം.സി.എഫുകൾ, 37 എയ്റോബിക് യൂനിറ്റുകൾ, 30 മിനി എം.സി.എഫുകൾ തുടങ്ങിയവ സ്ഥാപിച്ചതായും പ്രതിദിനം മാലിന്യത്തിൽ നിന്നും 1.5 ടൺ വളം നിർമിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. നഗരത്തിന്‍റെ ഭാവി വികസനത്തിനുതകുന്ന നിർദേശങ്ങള്‍ വിവിധ മേഖലകളില്‍ നിന്ന് പങ്കെടുത്ത പ്രതിനിധികളുടെ ഗ്രൂപ്പ് ചര്‍ച്ചകളിലൂടെ ക്രോഡീകരിച്ചു.
എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു. റിസോഴ്സ് പേഴ്സൺ സി.എം. ബൈജു വികസന, ക്ഷേമ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. നഗരസഭ ഉപാധ്യക്ഷൻ പി.എസ്.എം. ഹുസൈൻ, സ്ഥിരംസമിതി അധ്യക്ഷരായ എം.ആർ. പ്രേം, എം.ജി. സതീദേവി, എ.എസ്. കവിത, ആർ. വിനിത, ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് ആർ. നാസർ, എൽ.എസ്.ജിഡി ജോയന്‍റ് ഡയറക്ടർ ബിൻസ് സി. തോമസ്, ഡെപ്യൂട്ടി സെക്രട്ടറി ജെ.ബി. ജയശ്രീ എന്നിവർ സംസാരിച്ചു. സദസ്സിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 9.30 മുതൽ വിജ്ഞാനകേരളം മെഗാ തൊഴിൽമേള നടക്കും.
വികസന സദസ്സ് ബഹിഷ്കരിച്ച് പ്രതിപക്ഷം
നഗരസഭ വികസന സദസ്സ് ബഹിഷ്കരിച്ച് പ്രതിപക്ഷം. അതിദരിദ്രർക്ക് താമസിക്കാൻ അഞ്ചുവർഷം മുമ്പ് ആരംഭിച്ച ഫ്ലാറ്റ് നിർമാണം പകുതി പോലും പൂർത്തീകരിക്കാത്ത ആലപ്പുഴ നഗരസഭയെ അതിദരിദ്ര മുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നത് നീതികേടാണെന്ന് പ്രതിപക്ഷനേതാവ് അഡ്വ. റീഗോരാജു പറഞ്ഞു.
രണ്ടുവർഷമായി പൂട്ടിയ ടൗൺഹാൾ, ഉദ്ഘാടനം കഴിഞ്ഞ് 15 വർഷമായിട്ടും പണി പൂർത്തിയാക്കാത്ത നഗരസഭ സ്റ്റേഡിയം, ഇനിയും തുറക്കാത്ത ആധുനിക അറവുശാല, പൂട്ടിക്കിടക്കുന്ന സർവോദയപുരം മാലിന്യ സംസ്കരണ പ്ലാന്‍റ്, അഴുക്ക് നിറഞ്ഞും ഒഴുക്ക് നിലച്ചും കിടക്കുന്ന ഇടത്തോടുകളും തകർന്ന റോഡുകളും നോക്കി എന്ത് വികസന സന്ദേശമാണ് ഇത്തരമൊരു പരിപാടിയിലൂടെ നൽകുന്നതെന്ന് പറയാൻ ഭരണാധികാരികൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിദാരിദ്ര്യം ഇല്ലാത്ത ബ്ലോക്ക്: ലക്ഷ്യം നേടി പട്ടണക്കാട്
തുറവൂർ: അതിദാരിദ്ര്യം ഇല്ലാത്ത ബ്ലോക്ക് പഞ്ചായത്തായി പട്ടണക്കാടിനെ പ്രഖ്യാപിച്ചു. ആകെ 429 കുടുംബങ്ങളാണ് അതിദാരിദ്രരെന്ന് കണ്ടെത്തിയത്. അതിൽ 374 കുടുംബങ്ങളെ ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളും ചേർന്ന് ഏറ്റെടുക്കുകയും 55 കുടുംബങ്ങളെ അഗതി ആശ്രയയിൽ ഉൾപ്പെടുത്തി വഴി, വീട്, ഭക്ഷണം സാമ്പത്തിക ശാക്തീകരണം എന്നിവ യാഥാർഥ്യമാക്കി ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു.
അതിദാരിദ്ര്യം ഇല്ലാത്ത ബ്ലോക്ക് പഞ്ചായത്തായി പട്ടണക്കാടിനെ പ്രസിഡൻറ് മേരി ടെൽഷ്യ പ്രഖ്യാപിക്കുന്നു
ആരോഗ്യാവസ്ഥ മോശമായവരെ പ്രത്യേക പരിരക്ഷ നൽകി രോഗാവസ്ഥയിൽ നിന്ന് മോചിപ്പിക്കുകയും ഭവനരഹിതരായവർക്ക് വീട് നൽകുകയും ഉപജീവനം നടത്തി ജീവിതം മുന്നോട്ടു പോകുന്നതിന് ആവശ്യമായ സംരംഭങ്ങൾ തുടങ്ങുന്നതിന് പദ്ധതികൾ തയാറാക്കിയുമാണ് ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത്.
പ്രഖ്യാപന ചടങ്ങ് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മേരി ടെൽഷ്യ നിർവഹിച്ചു. വൈസ് പ്രസിഡൻറ് ആർ. ജീവൻ അധ്യക്ഷത വഹിച്ചു. വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഓമന ബാനർജി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജയപ്രതാപൻ, വി.കെ. സാബു, എ.യു. അനീഷ്, ജോയൻറ് ബി.ബി.ഒ ജോസഫ്, ലത, ഫെറി കൾച്ചറൽ നോഡൽ ഓഫിസർ ആഷ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

