ആലപ്പുഴ ബീച്ച് റോഡ് ചളിക്കുളം; കാൽനടപോലും ദുഷ്കരം
text_fieldsആലപ്പുഴ ബീച്ച് റോഡിൽ മാളികമുക്കിന് സമീപത്തെ വെള്ളക്കെട്ട്. ചളിനിറഞ്ഞ ഇതിലൂടെയാണ് പ്രദേശവാസികളുടെ യാത്ര
ആലപ്പുഴ: ഓട നിർമാണത്തിനായി വെട്ടിപ്പൊളിച്ചതിന് പിന്നാലെ ബീച്ച് റോഡ് ചളിക്കുളമായി. കാൽനടപോലും ദുഷ്കരമായി. മാളികമുക്ക് മുതൽ വിജയ പാർക്ക് വരെയുള്ള ഭാഗത്താണ് ദുരിതം. ഇരുചക്രവാഹനയാത്രികരും അപകടത്തിൽപെടുന്നുണ്ട്. മഴയിൽ വെള്ളം നിറഞ്ഞതോടെ കാൽനടക്കാർ ചളിയിൽ ചവിട്ടി ഏറെ പ്രയാസപ്പെട്ടാണ് ലക്ഷ്യത്തിലെത്തുന്നത്. ഒറ്റ മഴയിൽ വെള്ളവും ചളിയും നിറയുന്ന റോഡിൽ കാൽനടക്കാർ തെന്നിവീഴുന്നത് പതിവാണ്. ഓട നിർമിക്കാൻ റോഡിന്റെ പടിഞ്ഞാറുവശം വെട്ടിപ്പൊളിച്ച് കോൺക്രീറ്റ് സ്ലാബുകൾ പാകിയെങ്കിലും എടുത്ത മണ്ണ് പരന്നുകിടക്കുന്നതാണ് പ്രധാനപ്രശ്നം.
കുട്ടികൾ ഉൾപ്പെടെ ദിവസേന നൂറുകണക്കിനാളുകൾ എത്തുന്ന വിജയപാർക്കിന്റെ പ്രധാനകവാടത്തിലേക്ക് കടക്കാനും കഴിയാത്ത സ്ഥിതിയുണ്ട്. മഴയത്ത് ഒഴുകിയെത്തുന്ന ജലം ഒഴുകിപ്പോകാൻ മാർഗമില്ലാത്തതിനാൽ പലയിടത്തും വെള്ളക്കെട്ടുണ്ട്. രണ്ടാംബൈപാസ് നിർമാണത്തിനായി ഗർഡറുകൾ ഇറക്കിവെച്ചിരിക്കുന്നതിനാൽ പാർക്കിലേക്ക് പ്രവേശിക്കാൻ വേറെ വഴിയില്ല. പ്രഭാതസവാരിക്കാരും പ്രയാസപ്പെടുകയാണ്.
തിരക്കുകുറഞ്ഞ ഈ വഴിയാണ് പ്രഭാതസവാരിക്കാർ കൂടുതലായും ഉപയോഗിക്കുന്നത്. ചളിയും വെള്ളക്കെട്ടും നിറഞ്ഞതോടെ ഈ വഴിയും ദുരിതപാതയായി മാറിയിരിക്കുകയാണ്. അവധിദിവസങ്ങളിലടക്കം ആയിരങ്ങളാണ് ബീച്ചിലെത്താറുള്ളത്. നിർമാണത്തിനായി എത്തിച്ച സാധനസാമഗ്രികൾ സൃഷ്ടിക്കുന്ന തടസ്സത്തിന് പുറമേ കാൽനടപോലും അസാധ്യമാക്കിയ ബീച്ച് റോഡ് കാരണം പാർക്കിലെത്തുന്നവരുടെ എണ്ണം കുറഞ്ഞതായി ഡി.ടി.പി.സി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

