ആലപ്പുഴയിൽ 19 ദുരിതാശ്വാസ ക്യാമ്പുകൾ; 122 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
text_fieldsകടൽ ക്ഷോഭത്തിൽ ഭീഷണിയിലായ പള്ളിത്തോട് ചാപ്പക്കാവ് തീരത്തെ മത്സ്യബന്ധന വള്ളങ്ങൾ
ആലപ്പുഴ: കനത്തമഴയിലും കടൽക്ഷോഭത്തിലും ദുരിതത്തിലായവരെ മാറ്റിപ്പാർപ്പിക്കുന്നതിന് ജില്ലയിൽ വിവിധ താലൂക്കിലായി 19 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 122 കുടുംബങ്ങളിലെ 359 പേരെ മാറ്റിപ്പാർപ്പിച്ചു. 154 പുരുഷന്മാരും 148 സ്ത്രീകളും 57 കുട്ടികളുമുണ്ട്. ഇതിൽ 41 പേർ മുതിർന്ന പൗരന്മാരാണ്. ചേർത്തല താലൂക്കിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്.
മാവേലിക്കര താലൂക്കിൽ നാല് ക്യാമ്പുകൾ തുറന്നു.അമ്പലപ്പുഴ താലൂക്കിൽ അഞ്ച് ക്യാമ്പുകളാണുള്ളത്.
കാർത്തികപ്പള്ളി താലൂക്കിൽ നാല് ക്യാമ്പാണുള്ളത്. തൃക്കുന്നപ്പുഴ പുതിയാങ്കര വാഫി അറബിക് കോളജിലെ ക്യാമ്പിൽ ഒമ്പത് കുടുംബങ്ങളിലെ 27 പേരും ആറാട്ടുപുഴ അഴീക്കൽ സുബ്രഹ്മണ്യക്ഷേത്രം കെട്ടിടത്തിൽ 10 കുടുംബത്തിലെ 34 പേരും മംഗലം ഗവ. എൽ.പി.എസിലെ ക്യാമ്പിൽ 11 കുടുംബങ്ങളിലെ 33 പേരുമുണ്ട്.
ക്വാറൻറീനിൽ കഴിയുന്നവർക്കായി ചേർത്തല താലൂക്കിലെ ചങ്ങരം യു.പി സ്കൂളിലും മാവേലിക്കര ഗവ. ഗേൾസ് എച്ച്.എസ്.എസിലും ഡി ടൈപ് ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
ഇതിനൊപ്പം ജില്ലയിൽ 91 ഭക്ഷണവിതരണ കേന്ദ്രങ്ങൾ തുടങ്ങി. 1836 കുടുംബങ്ങളിലെ 6692 പേർക്കാണ് ഭക്ഷണം നൽകുന്നത്. അമ്പലപ്പുഴ താലൂക്കിൽ 19ഉം കാർത്തികപ്പള്ളിയിൽ 72ഉം ഭക്ഷണവിതരണ ക്യാമ്പുകളുണ്ട്.
കടലിൽ പോകരുത്; ജാഗ്രത വേണം
ആലപ്പുഴ: അറബിക്കടലിൽ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റിനെത്തുടർന്ന് ഏർപ്പെടുത്തിയ മത്സ്യബന്ധന നിരോധനത്തിെൻറ ഭാഗമായി ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്ന് കടലിൽ പോകാൻ പാടില്ലെന്ന് കലക്ടർ അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരവാസികൾ അതിജാഗ്രത പുലർത്തണം.