എ.ഐ കാമറ മിഴിതുറന്നു; ആദ്യദിനം 105 നിയമലംഘനം കണ്ടെത്തി
text_fieldsആലപ്പുഴ: കാത്തിരിപ്പിനൊടുവിൽ മിഴിതുറന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കാമറ ആദ്യദിനത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ നിയമലംഘനം നടത്തിയ 105 വാഹനങ്ങളെ പിടികൂടി.
41 ഇടത്ത് സ്ഥാപിച്ച കാമറകളിൽനിന്നാണ് ഇവ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് വരെയുള്ള കണക്കാണിത്. അടുത്തദിവസങ്ങളിൽ നിയമാനുസൃതമായ പിഴ ഒടുക്കാനുള്ള നോട്ടീസ് വാഹന ഉടമക്ക് ലഭിക്കുമെന്ന് ആർ.ടി.ഒ എൻഫോഴ്സ്മെന്റ് അധികൃതർ പറഞ്ഞു. കാമറയുള്ള സ്ഥലങ്ങളിൽ ചിത്രം പതിഞ്ഞോ ഇല്ലയോയെന്ന സംശയത്തിലാണ് പലരും വാഹനമോടിച്ചത്.
സ്കൂൾ തുറന്നതോടെ വിദ്യാർഥികളുമായി ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്തവരാണ് കുടുങ്ങുമോയെന്ന ആശങ്ക പങ്കുവെച്ചത്. നിലവിൽ 12 വയസ്സിന് താഴെയുള്ള കുട്ടിയുമായി യാത്രചെയ്യാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇത് ആശ്വാസമാണ്. എന്നാൽ, സിഗ്നലും പാർക്കിങ്ങും അടക്കമുള്ള മറ്റ് കാര്യങ്ങളിൽ പിഴ വരുമോയെന്ന പേടിയുണ്ട്. ഒരുമാസത്തോളം പരീക്ഷണാടിസ്ഥാനത്തിൽ കാമറകൾ പ്രവർത്തിച്ചതിനാൽ നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.