മഴ ചതിച്ചത് 22,986 കർഷകരെ; നശിച്ചത് 31 കോടിയുടെ വിളകൾ; ഏറ്റവുമധികം നഷ്ടം ഹരിപ്പാട് ബ്ലോക്കിൽ
text_fieldsആലപ്പുഴ: മേയ് 23 മുതൽ ജൂൺ ഒന്നുവരെ പെയ്ത മഴയിൽ ജില്ലയിൽ നശിച്ചത് 22,986 കർഷകരുടെ വിളകൾ. കാലവർഷെക്കടുതിയിൽ ജില്ലയിൽ 31.08 കോടിയുടെ കാർഷിക വിളകളാണ് നശിച്ചത്. ഏറ്റവുമധികം നാശനഷ്ടമുണ്ടായത് ഹരിപ്പാട് ബ്ലോക്കിലാണ്. നശിച്ചവയിൽ ഏറെയും വാഴ കൃഷിയാണ്. കൃഷിവകുപ്പ് ശേഖരിച്ചകണക്കുകളിൽ ജില്ലയിൽ മൊത്തം 492 ഹെക്ടറിലെ വാഴ കൃഷിയാണ് നശിച്ചത്. ഹരിപ്പാടാണ് വാഴ കൃഷി നാശം ഏറെയുണ്ടായത്. 6.91കോടി രൂപയുടെ നെൽകൃഷി നശിച്ചു. 461 ഹെക്ടറിലെ നെൽകൃഷി നശിച്ചു. നെൽകൃഷി നാശം ഏറ്റവും കൂടുതൽ അമ്പലപ്പുഴ ബ്ലോക്കിലാണ്. ചേർത്തലയിലും വലിയ നാശമുണ്ടായി. ഹരിപ്പാട് കഴിഞ്ഞാൽ വാഴകൃഷി ഏറെ നശിച്ചത് രാമങ്കരി ബ്ലോക്കിലാണ്. ചെങ്ങന്നൂരിലും വലിയ നഷ്ടമുണ്ടായി. കുലക്കാറായ വാഴകളാണ് നശിച്ചവയിൽ ഏറെയും.
3.07 കോടി രൂപയുടെ പച്ചക്കറികളും നശിച്ചു. 550 ഹെക്ടറിലെ പച്ചക്കറികളാണ് നശിച്ചത്. ഹരിപ്പാടാണ് പച്ചക്കറിയും ഏറെ നശിച്ചത്. 295 ഹെക്ടറിലെ പച്ചക്കറിയാണ് ഇവിടെ നശിച്ചത്. 1.32 കോടി രൂപയുടെ നഷ്ടമുണ്ടായി. ചേർത്തലയിൽ 244 ഹെക്ടറിൽ പച്ചക്കറി നശിച്ചു. 1.02 കോടി രൂപയുടെ നഷ്ടമുണ്ടായി. തെങ്ങ്, മരച്ചീനി എന്നിവയും നശിച്ചിട്ടുണ്ട്. വെള്ളംകയറിയാണ് നെൽകൃഷി നശിച്ചത്. തോട്ടപ്പള്ളി സ്പിൽവേയിലെ പൊഴിമുറിക്കുന്നതിൽ അധികൃതർ വരുത്തിയ വീഴ്ചയാണ് ഇത്രത്തോളം നെല്ല്, പച്ചക്കറി കൃഷികൾ നശിക്കാൻ ഇടയാക്കിയത്. നാശത്തിന്റെ കണക്കുകൾ കൃഷിവകുപ്പ് നിരത്തുമ്പോഴും കർഷകർക്ക് നഷ്ടപരിഹാരം എന്നു നൽകുമെന്നതിൽ വ്യക്തതയില്ല. കഴിഞ്ഞ മഴക്കാലത്ത് കൃഷിനാശമുണ്ടായ കർകരിൽ എല്ലാവർക്കും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഇൻഷുറൻസ് ഉള്ള കർഷകർക്ക് നാശനഷ്ടത്തിനുള്ള തുക ലഭിക്കും. കുലക്കാറായതും കുലച്ചതുമായ വാഴ നശിച്ചവർക്ക് ചെലവായ പണംപോലും നഷ്ടപരിഹാരമായി ലഭിക്കില്ലെന്ന് കർഷകർ പറയുന്നു.
കുലച്ച വാഴ നേന്ത്രന് 300 രൂപ നഷ്ടപരിഹാരം
വിള ഇന്‍ഷുറന്‍സ് പദ്ധതിയിൽ ഇൻഷൂർ ചെയ്ത വിളകൾക്ക് പ്രകൃതി ക്ഷോഭം നിമിത്തമുണ്ടായ നാശത്തിന് നഷ്ടപരിഹാരം ലഭിക്കും. വാഴ ഒന്നിന് മൂന്ന് രൂപ ആണ് പ്രീമിയം. കുലച്ച ശേഷമാണ് നഷ്ടപ്പെടുന്നതെങ്കില്‍ നേന്ത്രന് 300 രൂപയും കുലക്കുന്നതിന് മുമ്പുള്ളവക്ക് 150 രൂപയും നഷ്ടപരിഹാരം ലഭിക്കും. കപ്പവാഴ, ഞാലിപ്പൂവന് എന്നിവക്കും നഷ്ടപരിഹാരം ലഭിക്കും. തെങ്ങ്, കവുങ്ങ്, റബര്‍ എന്നിവക്ക് ഒന്നിന് യഥാക്രമം 2000, 200, 1000 രൂപയാണ് നഷ്ടപരിഹാരം. 25 സെന്റ് സ്ഥലത്ത് നെല്‍കൃഷിക്ക് 25 രൂപയാണ് പ്രീമിയം. നട്ട് 15 ദിവസം കഴിഞ്ഞ് 45 ദിവസത്തിനുള്ളില്‍ നെല്ല് ഇന്‍ഷൂര്‍ ചെയ്യണം. നട്ട് ഒന്നര മാസത്തിനുള്ളിലാണ് നഷ്ടം സംഭവിക്കുന്നതെങ്കില്‍ 25 സെന്റിന് 1500 രൂപയും 45 ദിവസത്തിന് ശേഷമാണെങ്കില്‍ 3500 രൂപയും നഷ്ടപരിഹാരം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

