കാർഷിക കലണ്ടർ പ്രാവര്‍ത്തികമാക്കുന്നില്ല; കുട്ടനാട്ടിൽ നെൽകൃഷി ഭീഷണിയില്‍
text_fieldsതണ്ണീര്‍മുക്കം ബണ്ട് (ഫയല്‍ ചിത്രം)
ആലപ്പുഴ: കാർഷിക കലണ്ടർ പ്രകാരം കാര്യങ്ങൾ മുന്നോട്ടുപോകാത്തത് കുട്ടനാട്ടിൽ നെൽകൃഷിക്ക് ഭീഷണിയാകുന്നു. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ഉയർത്താത്തത് ഉപ്പുവെള്ളം പാടങ്ങളിലെത്താനും അതുവഴി പോളയും കടകലും ഉൾപ്പെടെ നശിക്കുന്നതിനും പ്രതിസന്ധിയാകുന്നു. മാർച്ച് 31നാണ് കാർഷിക കലണ്ടർ പ്രകാരം തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കേണ്ടത്. എന്നാൽ, ഇത്തവണ ഏപ്രിൽ 20നാണ് ഷട്ടറുകൾ തുറന്നത്. ഇതോടെ, മേയ് പകുതിയോളമായിട്ടും കുട്ടനാടിന്റെ പലഭാഗങ്ങളിലും ജലാശയങ്ങളിൽ ഉപ്പുവെള്ളമെത്തിയിട്ടില്ല. ഇതിനിടെ വേനൽമഴയുമെത്തി. പിന്നാലെ കാലവർഷം കൂടിയെത്തിയാൽ കുട്ടനാട്ടിൽ ഈ വർഷം ഉപ്പുവെള്ളത്തിന്റെ സാന്നിദ്ധ്യം ലഭിക്കാത്ത അവസ്ഥയുണ്ടാകും.
ഒന്നരമാസമെങ്കിലും കുട്ടനാട് ഉപ്പുവെള്ളത്തിൽ മുങ്ങിയില്ലെങ്കിൽ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകുമെന്ന് കാർഷിക മേഖലയിലെ വിദഗ്ദ്ധർ പറയുന്നു. ഷട്ടറുകൾ തുറക്കുന്നതിനൊപ്പം തോടുകൾ വഴി ഉപ്പുജലം കയറുന്നത് തടയാനിടുന്ന ഓരുമുട്ടുകൾ കൂടി തുറന്നാലെ കുട്ടനാട്ടിലേക്ക് ഉപ്പുവെള്ളത്തിന്റെ ഒഴുക്ക് ശക്തമാകുകയുള്ളൂ. 2024ൽ ഏപ്രിൽ ഒമ്പതിനും 2025ൽ ഏപ്രിൽ 11നുമാണ് തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നത്. ആവാസവ്യവസ്ഥയെ സംരക്ഷിക്കാൻ ഒന്നരമാസമെങ്കിലും ഉപ്പുജലം കുട്ടനാട്ടിൽ കയറിക്കിടക്കേണ്ടതുണ്ട്. രണ്ടാം കൃഷി ചെയ്യുന്ന പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറിയിറങ്ങിയാലെ കളകളെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ. കുട്ടനാടൻ പാടശേഖരങ്ങളിലെ ബണ്ടുകളിലെ തെങ്ങുകളിൽ തേങ്ങ ഉത്പാദനം വർധിക്കാനും ഉപ്പുവെള്ളം ആവശ്യമാണ്.
തണ്ണീർമുക്കം ബണ്ട് സമയത്ത് തുറക്കുന്നില്ല
- കടലിൽനിന്ന് തണ്ണീർമുക്കം ബണ്ടുവഴി ഉപ്പുജലം കുട്ടനാട്ടിലേക്ക് എത്തിയാലെ ജലാശങ്ങളിലെ പോളയും കടകൽ അടക്കമുള്ള പുല്ലുകളും നശിക്കുകയുള്ളൂ
- തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ചിടുന്നതുമൂലം ഒഴുക്കു നിലയ്ക്കുന്ന ജലാശയങ്ങളിൽ എക്കലടിഞ്ഞ് ആഴം കുറയും
- ഇതിലേക്ക് കടകലിന്റെ വേരുകൾ ഇറങ്ങി ജലാശയങ്ങൾ തന്നെ ഇല്ലാതാകും. നീരൊഴുക്ക് തടസപ്പെട്ട് കുട്ടനാട് പെട്ടെന്ന് വെള്ളപ്പൊക്കത്തിലേക്ക് നീങ്ങും
- കടകൽ മൂടുന്നതിനാൽ വിഷപാമ്പുകളുടെ സാന്നിധ്യവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

