11 വർഷത്തെ കാത്തിരിപ്പു സഫലം; മനോജ് സിങ്ങിനെ തേടി ബന്ധുക്കളെത്തി
text_fieldsമനോജ് സിങ്ങിനെ കൂട്ടിക്കൊണ്ടുപോകാനെത്തിയ മകന് അഭിഷേക്സിങ്ങും വിഷാൽ സിങ്ങും ശാന്തിഭവൻ
മാനേജിങ് ട്രസ്റ്റി ബ്രദർ മാത്യു ആല്ബിനോടൊപ്പം
അമ്പലപ്പുഴ: 11 വർഷമായി പുന്നപ്ര ശാന്തിഭവനിൽ അന്തേവാസിയായിരുന്ന ബിഹാർ സ്വദേശി മനോജ് സിങ്ങിനെ തേടി മകൻ അഭിഷേക് സിങ് ശാന്തിഭവനിൽ എത്തി. ബിഹാർ ചപ്ര സ്വദേശിയാണ് മനോജ് സിങ്. മുബൈയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന മനോജ് സിങ്ങിനെ 11 വർഷം മുമ്പ് ബിഹാറിലേക്ക് ട്രെയിനിൽ പോകുന്നതിനിടെ കാണാതാകുകയായിരുന്നു.
ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയും വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മനോജ് സിങ്ങിനെ കാണാതായ വിഷമത്തിൽ കഴിഞ്ഞിരുന്ന ഭാര്യ വിഭാദേവി പിന്നീട് മരിച്ചു. അന്ന് അഭിഷേക് സിങ്ങിന് എട്ട് വയസ്സും സഹോദരി സിമ്രാന് രണ്ട് വയസ്സുമായിരുന്നു.
ഡൽഹിയിൽ സിവിൽ സർവിസ് പരീക്ഷയുടെ തയാറെടുപ്പിലാണ് അഭിഷേക് സിങ്. സിമ്രാന് പത്താം ക്ലാസിലും പഠിക്കുന്നു. ഗാന്ധിഭവൻ പ്രവർത്തകരാണ് മനോജ് സിങ്ങിനെക്കുറിച്ചുള്ള വിവരങ്ങൾ ബിഹാർ പൊലീസിൽ അറിയിച്ചത്. ബിഹാര് പൊലീസിന്റെ സഹായത്താലാണ് മനോജ് സിങ്ങിന്റെ ബന്ധുക്കളെ കണ്ടെത്താനായത്.
എങ്ങനെ ശാന്തിഭവനിൽ എത്തിയെന്ന് മനോജ് സിങ്ങിന് ഓർമയില്ല. ആലപ്പുഴയിലെ കടത്തിണ്ണയിൽ അവശനിലയിൽ കണ്ട ഇദ്ദേഹത്തെ നാട്ടുകാരാണ് പുന്നപ്ര ശാന്തിഭവനിൽ എത്തിച്ചത്. അഭിഷേകിനൊപ്പം മനോജ് സിങ്ങിന്റെ സഹോദരിയുടെ മകൻ വിഷാൽ സിങ്ങും ശാന്തിഭവനിൽ എത്തി ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

