കായംകുളം: കൂട്ടുകാരോടായി പങ്കുവെച്ച വർത്തമാനം മന്ത്രിയും ഏറ്റെടുത്തതോടെ ഇത്തവണയും താരമായി ആദം. എരുവ ഗവ. എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി എം.എസ്. ആദമിെൻറ വിഡിയോ സന്ദേശമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
കോവിഡുകാരണം വീട്ടിലകപ്പെട്ടപ്പോഴും നന്നായി പഠിപ്പിച്ച അധ്യാപകരോടുള്ള സ്നേഹമാണ് ആദമിെൻറ സന്ദേശത്തിലുള്ളത്. ''കഴിഞ്ഞ വർഷം ഞാൻ ഒന്നാം ക്ലാസിലാണ് പഠിച്ചത്.
പക്ഷേ കൊറോണയായതിനാൽ സ്കൂളിൽ പോയി പഠിക്കാനായില്ല. എങ്കിലും ഞാൻ എല്ലാം വീട്ടിലിരുന്നു പഠിച്ചു. അതിന് കാരണക്കാരായ വിക്ടേഴ്സ് ചാനലിലെയും സ്കൂളിലെയും ചങ്ക് ടീച്ചേഴ്സിന് നന്ദി''. 40 സെക്കൻഡുള്ള ആദമിെൻറ അഭിപ്രായപ്രകടനം അധ്യാപകസമൂഹത്തിനുള്ള ആദരം എന്ന നിലയിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഏറ്റെടുത്തു. നൂറുകണക്കിന് പേർ ഇത് പങ്കുെവച്ചു. കഴിഞ്ഞ തവണ 'തങ്കുപ്പൂച്ച'യുടെ കഥയിലൂടെ ഒാൺലൈൻ ക്ലാസിന് തുടക്കമിട്ട സായ്ശ്വേത ടീച്ചർക്ക് നൽകിയ ആദമിെൻറ പിന്തുണയും വൈറലായിരുന്നു.
പാഠഭാഗത്തിെൻറ സത്ത നന്നായി പുനരാവിഷ്കരിച്ചതിലൂടെയാണ് മിമിക്രി താരവും യൂട്യൂബ് വ്ലോഗറും കൂടിയായ ആദം ശ്രദ്ധേയനായത്. 'കഫേ ദ പിള്ളേച്ചൻ' വെബ് സീരിസിലെ അഭിനേതാവാണ്. 'കോഴിയെ കൊല്ലുംവിധം' ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. അമ്പലപ്പുഴ ഗവ. കോളജ് അധ്യാപകനായ എം.എസ്.എം സ്കൂളിന് സമീപം ഷെമി കോേട്ടജിൽ ഷജീമിെൻറയും എരുവ സൗത്ത് ഗവ. എൽ.പി സ്കൂൾ അധ്യാപികയായ ഷെജിയുടെയും മകനാണ്.