ദേശീയപാത നിർമാണത്തിനിടെ കുടിവെള്ള പൈപ്പ് പൊട്ടൽ; കരാർ കമ്പനികൾക്കെതിരെ നടപടിയെടുക്കും
text_fieldsദേശീയപാത നിർമാണത്തിനിടെ പൈപ്പ് പൊട്ടുന്നത് മൂലം കുടിവെള്ള വിതരണം തടസ്സപ്പെടുന്ന സാഹചര്യത്തിൽ ജില്ല കലക്ടറുടെ ചേംബറിൽ മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിൽ വിളിച്ച യോഗം
ആലപ്പുഴ: ദേശീയപാത നിർമാണത്തിനിടെ കുടിവെള്ള പൈപ്പുകൾ തുടർച്ചയായി പൊട്ടുന്ന സാഹചര്യത്തിൽ അലംഭാവം തുടരുന്ന കരാർ കമ്പനികൾക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം അറസ്റ്റ് ഉൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പി. പ്രസാദ്. ചേർത്തല, അരൂർ മേഖലയിൽ നിരന്തരം പൈപ്പ് പൊട്ടുന്നത് മൂലം ദിവസങ്ങളോളം കുടിവെള്ള വിതരണം തടസ്സപ്പെടുന്ന സാഹചര്യത്തിൽ ജില്ല കലക്ടറുടെ ചേംബറിൽ മന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ച അടിയന്തരയോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.
ചൊവ്വാഴ്ച പതിനൊന്നാം മൈലിൽ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി രണ്ട് ദിവസത്തിനുള്ളിൽ തീർക്കണമെന്ന കർശന നിർദ്ദേശവും മന്ത്രി കരാർ കമ്പനിക്ക് നൽകി. അതുവരെ ചേർത്തല നഗരസഭ, തണ്ണീർമുക്കം, ചേർത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, മാരാരിക്കുളം വടക്ക് എന്നിവടങ്ങളിൽ ടാങ്കറിൽ കുടിവെള്ളം എത്തിക്കണം. വാട്ടർ അതോറിറ്റി കൃത്യമായ വിവരം നൽകിയിട്ടും കരാർ കമ്പനികളുടെ അശ്രദ്ധയും അശാസ്ത്രീയ നടപടികളും മൂലമാണ് തുടർച്ചയായി കുടിവെള്ള പൈപ്പുകൾ പൊട്ടുന്നത്. അതിനാൽ പാഴാകുന്ന കുടിവെള്ളത്തിന്റെ വിലയും അറ്റകുറ്റപ്പണികൾക്ക് ആവശ്യമായി വരുന്ന ചെലവും മുൻകാല പ്രാബല്യത്തോടെ കരാർ കമ്പനികളിൽനിന്ന് ഈടാക്കാൻ യോഗം തീരുമാനിച്ചു.
അടിയന്തരപരിഹാരത്തിന് റാപ്പിഡ് റെസ്പോൺസ് ടീം രൂപവത്കരിക്കാനും കരാർ കമ്പനികൾക്ക് നിർദേശം നൽകി. കുഴികളെടുത്ത് പൈപ്പ് ലൈൻ ഇല്ല എന്നുറപ്പാക്കിയ ശേഷം മാത്രമേ വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് ഇനി കുഴികളെടുക്കാവൂ. കുടിവെള്ളം മുടങ്ങിയാൽ കരാർ കമ്പനികളുടെ ചെലവിൽ ടാങ്കറുകളിൽ വെള്ളം എത്തിക്കണം. ഇതിനായി മാക്കേകടവ് പ്ലാന്റിൽ നിന്നും മാത്രമേ ശേഖരിക്കാവൂ. വലിയ ടാങ്കറുകൾ എത്താത്ത ഉൾപ്രദേശങ്ങളിൽ പെട്ടി ഓട്ടോയിൽ വിതരണം നടത്തണം. വാഹനങ്ങളുടെ പൂർണ്ണ വിവരങ്ങൾ വാട്ടർ അതോറിറ്റിയെയും ജില്ലാ ഭരണകൂടത്തെയും അറിയിക്കണമെന്നും വിതരണത്തിനായി ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവുവെന്നും ജില്ലകലക്ടർ അലക്സ് വർഗീസ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

