ആലപ്പുഴ: തിരുവനന്തപുരം-കാസർകോട് അതിവേഗറെയിൽപാതയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഏറ്റെടുക്കേണ്ടത് 42.0884 ഹെക്ടർ ഭൂമി. ജില്ലയിൽ സാമൂഹിക ആഘാതപഠനവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഭവിക്കുന്ന നഷ്ടം കണക്കാക്കുന്നതിന് സാമൂഹികാഘാത പഠനം നടത്തി മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശമുണ്ട്.
ജില്ലയിൽ ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ മുളക്കുഴ, വെൺമണി, നൂറനാട്, പാലമേൽ വില്ലേജുകളിലായാണ് ഭൂമി ഏറ്റെടുക്കേണ്ടത്.
സർവേ നമ്പർ, വില്ലേജ്, ഹെക്ടർ തുടങ്ങി ഏറ്റെടുക്കുന്ന ഭൂമിയുടെ വിശദാംശങ്ങളും വിജ്ഞാപനത്തിൽ ഉൾപെടുത്തിയിട്ടുണ്ട്. മുളക്കുഴ വില്ലേജിലെ 16, 17 ബ്ലോക്കിലെ 88ഉം വെൺമണി വില്ലേജിലെ 15 ബ്ലോക്കിലെ 17ഉം നൂറനാട് വില്ലേജിലെ 22, 23 ബ്ലോക്കിലെ 56ഉം പാലമേൽ വില്ലേജിലെ 19, 21 ബ്ലോക്കുകളിലെ 53ഉം സർവേനമ്പറുകളിലെ ഭൂമിയാണ് ഏറ്റെടുക്കുക. തിരുവനന്തപുരം-ചെങ്ങന്നൂർ സ്ട്രെച്ചിൽ മുളക്കുഴ, വെണ്മണി, നൂറനാട്, പാലമേൽ വില്ലേജുകളിലെ 26.09 ഹെക്ടറും ചെങ്ങന്നൂർ-എറണാകുളം സ്ട്രെച്ചിൽ മുളക്കുഴ വില്ലേജിലെ ബ്ലോക്ക് നമ്പർ 17ൽ നിന്ന് 15.99 ഹെക്ടർ ഭൂമിയുമാണ് ഏറ്റെടുക്കുക. സിൽവർലൈൻ ജില്ലയിൽ 19 കിലോമീറ്റർ ദൂരത്തിലാണ് കടന്നുപോകുന്നത്.
മേയിൽ 11 ജില്ലകളിലെയും സാമൂഹികാഘാതപഠനം പൂർത്തിയാക്കി ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് സർക്കാർ. നിലവിലെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും 4.3 കിലോമീറ്റര്‍ അകലത്തില്‍ എം.സി റോഡിനു സമീപം ആധുനിക സൗകര്യങ്ങളോടെയാണ് കെ-റെയില്‍ സ്റ്റേഷൻ സമുച്ചയം സജ്ജമാക്കുക.
ജില്ലയിൽ സിൽവർലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ കുടിയിറക്കേണ്ടിവരും.
ജില്ല അതിർത്തിയായ ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലൂടെ മാത്രം കടന്നുപോകുന്ന പാതയുടെ നിർമാണത്തിന് 525 നിർമിതികൾ നഷ്ടമാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിനൊപ്പം പാടശേഖരങ്ങളടക്കം പ്രദേശങ്ങളിൽ എട്ട് മുതൽ 10 മീറ്റർ ഉയരത്തിലാണ് പാതയുള്ളത്. ഇത് വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്ന ആശങ്കയുണ്ട്.