കൃത്യത ഉറപ്പാക്കും; നിയമാവലി പരിഷ്കരിക്കും
text_fieldsആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ട് നിയമാവലി പരിഷ്കരിക്കാൻ ടെക്നിക്കൽ കമ്മിറ്റി സമർപ്പിച്ച ശിപാർശകൾ ചർച്ച ചെയ്യാൻ ഈയാഴ്ച ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി ചേരും. ഈ യോഗത്തിലാണ് നിയമാവലി പരിഷ്കരണം പ്രധാന ചർച്ചയാവുന്നത്. ഇതുസംബന്ധിച്ച ആക്ഷേപങ്ങളും നിർദേശങ്ങളും ചൊവ്വാഴ്ച വൈകീട്ട് അഞ്ച് വരെ ആർ.ഡി.ഒ ഓഫിസിൽ അറിയിക്കാം. കഴിഞ്ഞ എൻ.ടി.ബി.ആർ യോഗത്തിനുശേഷം തുടർച്ചയായ അവധിദിവസങ്ങളായതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണങ്ങൾ ലഭിച്ചിരുന്നില്ല. ഇതുകൂടി പരിഗണിച്ചാവും ഈവർഷം നെഹ്റു ട്രോഫി നിയമാവലി പരിഷ്കരിക്കുന്നത്. നിലവിൽ നെഹ്റു ട്രോഫി വള്ളംകളിക്ക് 22 ചട്ടങ്ങളാണുള്ളത്. ടെക്നിക്കൽ കമ്മിറ്റിയുടെ ശിപാർശകൾ കൂടി നടപ്പാക്കുമ്പോൾ കൂടുതൽ മാറ്റങ്ങൾ ഉൾപ്പെടുത്തിയാവും ഇക്കൊല്ലത്തെ ജലോത്സവം.
കഴിഞ്ഞവർഷം തർക്കമുണ്ടായതിനാൽ ഇക്കുറി ഫൈനലിലെ വള്ളങ്ങളുടെ സമയക്രമം നിജപ്പെടുത്തണമെന്നാണ് ടെക്നിക്കൽ കമ്മിറ്റിയുടെ പ്രധാന ശിപാർശ. വള്ളംകളി ഫൈനലിലെ വള്ളങ്ങളുടെ സമയക്രമം മിനിറ്റിനും സെക്കൻഡിനും ശേഷം മൂന്ന് ഡിജിറ്റായി (സെക്കൻഡിന്റെ ആയിരത്തിലൊന്ന് അംശം) നിജപ്പെടുത്തണമെന്നാണ് നിർദേശം. കഴിഞ്ഞവർഷം വള്ളംകളിയിൽ വിജയിയെച്ചൊല്ലിയുണ്ടായ തർക്കങ്ങൾ ഭാവിയിൽ ഒഴിവാക്കാനാണിത്. ഒന്നിലധികം വള്ളങ്ങൾ ഒരേസമയം ഫിനിഷ് ചെയ്താൽ അവയെ ഉൾപ്പെടുത്തി നറുക്കെടുത്ത് ആര് ആദ്യം ട്രോഫി കൈവശം വെക്കണമെന്ന് തീരുമാനിക്കും.
സ്റ്റാർട്ടിങ് സംവിധാനത്തിന് ടെൻഡർ വിളിച്ച് പ്രായോഗിക പരീക്ഷണം നടത്തി ബോധ്യപ്പെട്ടതിനു ശേഷമായിരിക്കും മികച്ചത് തെരഞ്ഞെടുക്കുന്നത്. വള്ളങ്ങളുടെ ചുണ്ട് ഒരുപോലെ ക്രമീകരിച്ച് സ്റ്റാർട്ടിങ്ങിൽ തുല്യത ഉറപ്പാക്കും. ഇതിനൊപ്പം ഫിനിഷിങ് സമയത്തെ ആശയക്കുഴപ്പം ഒഴിവാക്കാൻ, വള്ളങ്ങളിലെ നമ്പർ പ്ലേറ്റ് മുന്നിൽ കെട്ടിവെക്കുന്നതിന് പകരം കൂമ്പിന് തൊട്ടുപിന്നിൽ സ്റ്റിക്കർ പതിക്കണം.
സ്റ്റാർട്ടിങ് പോയന്റിലും ഫിനിഷിങ്ങിലേതുപോലെ കാമറ സംവിധാനം ഒരുക്കണമെന്നതാണ് മറ്റൊരുനിർദേശം. ഫിനിഷിങ് ലൈനിൽ വിധികർത്താക്കൾക്കായി മൂന്ന് തട്ടിലുള്ള ഇരിപ്പിടം തയാറാക്കണം. ട്രോഫി ഏറ്റുവാങ്ങാൻ ടീമിൽനിന്ന് നാലുപേരെ വേദിയിൽ എത്താവൂ. തുഴ കൊണ്ടുവരാൻ പാടില്ല. പ്രശ്നമുണ്ടാക്കുന്നവർക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. സി.കെ. സദാശിവൻ, കെ.കെ. ഷാജു, ആർ.കെ. കുറുപ്പ് എന്നിവരുൾപ്പെടുന്നതാണ് കമ്മിറ്റി. നെഹ്റു ട്രോഫി വള്ളംകളിയുടെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യാൻ ജനറൽ ഇന്റേണൽ ഓഡിറ്റ് കമ്മിറ്റിയുണ്ടാകും. നേരത്തേ സബ് കമ്മിറ്റികൾക്ക് മാത്രമാണ് ഇന്റേണൽ ഓഡിറ്റ് കമ്മിറ്റി ഉണ്ടായിരുന്നത്. എ.എൻ. പുരം ശിവകുമാർ, കെ.സി. ജോസഫ്, എം.വി. ഹൽത്താഫ്, കലക്ടറേറ്റിലെ ഫിനാൻസ് ഓഫിസർ എന്നിവരുൾപ്പെട്ടതാണ് കമ്മിറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

