അപകടം പെരുകി; യോഗം വിളിച്ച് എം.എൽ.എ
text_fieldsഎം.സി റോഡിൽ സുരക്ഷിത ഗതാഗത സംവിധാനം നടപ്പാക്കുന്നതിന് സജി ചെറിയാൻ എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുദ്യോഗസ്ഥർ സന്ദർശനം നടത്തുന്നു
ചെങ്ങന്നൂർ: എം.സി റോഡിൽ ചെങ്ങന്നൂർ മുതൽ കാരയ്ക്കാട് വരെയുള്ള ഭാഗത്ത് അപകടങ്ങൾ വർധിച്ചതിനെ തുടർന്ന് സുരക്ഷിത ഗതാഗത സംവിധാനം നടപ്പാക്കാൻ സജി ചെറിയാൻ എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു.
എം.സി റോഡിൽ മുളക്കുഴ ഊരിക്കടവ് മുതൽ കാരയ്ക്കാട് വരെ 2021ൽ 130 അപകടങ്ങളും 2022 ഒക്ടോബർ 31വരെ 158 അപകടങ്ങളുമുണ്ടായി. യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുദ്യോഗസ്ഥർ റോഡിലെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു.
മുളക്കുഴ ഊരിക്കടവ് ഭാഗത്ത് റോഡിന്റെ അപാകം ഒഴിവാക്കി സിഗ്നൽ ലൈറ്റുകളും മുളക്കുഴ പഞ്ചായത്ത് ജങ്ഷനിൽ റോഡു മുറിച്ചു കടക്കുന്നതിന് പെനിക്കൽ സിഗ്നൽ ലൈറ്റുകളും സ്ഥാപിക്കും. കാരയ്ക്കാട് ഷാപ്പ് ജങ്ഷന് സമീപം റോഡിലേക്ക് കയറിയ ഓടയുടെ വീതി കുറയ്ക്കും.
നിർമാണം പൂർത്തീകരിച്ച വിവിധ റോഡുകളുടെ വശങ്ങളിലുള്ള ഓടകൾക്ക് മേൽ സ്ലാബുകൾ സ്ഥാപിക്കും. ഫുട്പാത്ത് റെയിലുകളുടെ അറ്റകുറ്റപ്പണി പൂർത്തീകരിക്കും. മുണ്ടൻ കാവിലെ ട്രാഫിക്ക് മീഡിയൻ ഒഴിവാക്കി സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കും.
ഇറപ്പുഴ പാലത്തിൽനിന്നും മുണ്ടൻകാവ് ജങ്ഷൻ വരെ റോഡിൽ സിഗ്നൽ ബോർഡുകളും റിഫ്ലക്ടറുകളും സ്ഥാപിക്കും. വെള്ളാവൂർ ജങ്ഷനിൽ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് മഹാദേവ ക്ഷേത്രത്തിലേക്ക് ശബരിമല തീർഥാടകർ ഉൾപ്പെടെയുള്ള കാൽനട യാത്രികർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ മേൽനടപ്പാത അടിയന്തരമായി നിർമിക്കാനുള്ള ആലോചന പുരോഗമിക്കുന്നതായും നഗര സുരക്ഷക്കും ട്രാഫിക്ക് സൗകര്യങ്ങൾക്കുമായി കൂടുതൽ കാമറകൾ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുമെന്നും എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

